നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്

ഒടിടി സേവനങ്ങൾ ആസ്വദിക്കുന്ന നിലയിലേക്ക് നമ്മുടെ കാഴ്ചശീലം മാറിയിട്ട് അധികം നാൾ ആയില്ല. വിവിധ ഒടിടി പ്ലാറ്റ്ഫോമുകൾ ഇന്ന് നാം വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഈ ഒരു കാഴ്ചാ സംസ്കാരത്തിലേക്ക് നമ്മൾ ഇന്ത്യക്കാരെ മാറ്റിയതിൽ നിർണായക പങ്കുവഹിച്ചത് നെറ്റ്ഫ്ലിക്സ് ആണെന്ന് പറയാം. അതിനാൽത്തന്നെ നെറ്റ്ഫ്ലിക്സിന് ഇന്ത്യയിൽ ഏറെ ആരാധകരും വരിക്കാരുമുണ്ട്. എന്നാൽ എന്തിലും ഏതിലും സൂത്രപ്പണിയൊപ്പിക്കുന്ന ആളുകൾ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന്റെ പാസ്വേഡ് പങ്കുവച്ചുകൊണ്ട് കുറഞ്ഞ തുകയ്ക്ക് സേവനങ്ങൾ ആസ്വദിച്ചുവന്നിരുന്നു. എന്നാൽ എല്ലാത്തരം പാസ്വേഡ് ഷെയറിങ്ങും നെറ്റ്ഫ്ലിക്സ് നിർത്തലാക്കുമെന്നും ഉപയോഗിക്കുന്നവരെല്ലാം പണം നൽകേണ്ടിവരുമെന്നും നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ കുറച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.
ഒരു വീട്ടിലുള്ളവർ തമ്മിൽ പാസ്വേഡ് ഷെയറിങ് ആകാം
ഒരു വീട്ടിലുള്ള ആളുകൾ തമ്മിൽ മാത്രം പാസ്വേഡ് പങ്കുവയ്ക്കാമെന്നാണ് നെറ്റ്ഫ്ലിക്സിന്റെ പുതിയ നിലപാട്. ഇതനുസരിച്ചുള്ള അപ്ഡേഷൻ കമ്പനി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. അതായത് പുറത്തുനിന്നുള്ളവരുമായി ഇനി പാസ്വേഡ് പങ്കുവയ്ക്കാൻ സാധിക്കില്ല. ഉയർന്ന തുക നൽകി സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കാത്തതിനാൽ നാലുപേർ ചേർന്ന് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ എടുത്തിരുന്നു. ഇനി ഇത്തരം ഷെയറിങ് നടക്കില്ല എന്നാണ് വിവരം. ഉപയോക്താക്കൾ പാസ്വേഡ് പങ്ക് വയ്ക്കുന്നത് ഒരേ കുടുംബത്തിൽനിന്ന് ഉള്ളവരുമായി മാത്രമാണ് എന്ന് ഉറപ്പാക്കാൻ ഒരു പരിശോധനയും നെറ്റ്ഫ്ലിക്സ് നടപ്പാക്കും. ഒരേസമയം സ്ട്രീം ചെയ്യാൻ കഴിയുന്ന ഉപകരണങ്ങളുടെ എണ്ണം മുമ്പത്തെപ്പോലെ തിരഞ്ഞെടുത്ത പ്ലാനിനെ ആശ്രയിച്ചിരിക്കുമെന്നും നെറ്റ്ഫ്ലിക്സ് വ്യക്തമാക്കി.

മാസം തോറും പരിശോധന
ഉപയോക്താക്കൾ ഒരേയിടത്ത് ആണ് താമസിക്കുന്നത് എന്ന് ഉറപ്പാക്കാൻ മാസം തോറും ഒരിക്കലെങ്കിലും അവരുടെ ഉപകരണങ്ങള്‍ ഒരേ വൈഫൈയില്‍ കണക്റ്റ് ചെയ്യാന്‍ നെറ്റ്ഫ്‌ളിക്‌സ് ആവശ്യപ്പെടും എന്നാണ് റിപ്പോർട്ട്. കൂടുതൽ സബ്‌സ്‌ക്രൈബർമാരെ ആകർഷിക്കാനും നിലവിലുള്ള ഉപയോക്താക്കളെ പ്രീമിയം പ്ലാനിലേക്ക് എത്തിക്കാനുമാണ് കമ്പനി ശ്രമിച്ചുവരുന്നത്. അതിന്റെ ഭാഗമായാണ് പാസ്വേഡ് ഷെയറിങ്ങിൽ അടക്കം കൊണ്ടുവരുന്ന പുതിയ മാറ്റങ്ങൾ.
വീട്ടിലില്ലെങ്കിൽ പണം നൽകിയേ മതിയാകൂ...
പാസ്വേഡ് ഷെയർ ചെയ്യുന്നത് ഒരേ കുടുംബത്തിൽ ഉൾപ്പെട്ടവർ ആണെന്ന് ഉറപ്പാക്കാൻ വൈഫൈ കണക്ഷൻ ഉപയോഗിച്ചുള്ള പരിശോധനയാകും നെറ്റ്ഫ്ലിക്സ് നടത്തുക. ഉപയോക്താവ് തന്റെ അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷന്‍ ആണ് ഇതിനായി പരിഗണിക്കുക. മാസത്തിൽ ഒരു തവണയെങ്കിലും പാസ്വേഡ് ഷെയർ ചെയ്യുന്നവർ ഒരേ വൈഫൈയിൽ കണ്കട് ആകണമെന്ന് ആവ്യപ്പെടുന്നത് എല്ലാവരും ഒരേയിടത്ത് ആണെന്ന് ഉറപ്പിക്കാൻ വേണ്ടിയാണ്. കുടുംബാംഗമാണ് എങ്കിൽപ്പോലും വീട്ടിൽ നിന്ന് അകന്ന് കഴിയുന്ന ആൾക്ക് പാസ്വേഡ് ഷെയറിങ്ങിൽ ഇളവില്ല എന്നും പണം നൽകിയേ മതിയാകൂ എന്നുമാണ് നെറ്റ്ഫ്ലിക്സിന്റെ പുതിയ നിബന്ധന.

അധിക തുക നൽകേണ്ടിവരും
അതായത് കുടുംബത്തിന് പുറത്തുള്ള ആളുകൾക്ക് പാസ്വേഡ് നൽകിയാൽ ഉപയോക്താവ് അധിക തുക നൽകേണ്ടിവരും. ഇങ്ങനെ നിങ്ങൾ പാസ്വേഡ് നൽകുന്നയാൾക്ക് നിങ്ങളുടെ പ്ലാനില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ ഒരു താല്‍കാലിക് കോഡ് ആവശ്യമാണ്. ഈ കോഡ് ഉപയോഗിച്ചുള്ള ലോഗിന് ഏഴ് ദിവസത്തെ വാലിഡിറ്റി ആണുണ്ടാവുക. എന്നാൽ ഇന്ത്യക്കാരെ നെറ്റ്ഫ്ലിക്സ് വരിക്കാരാക്കാനുള്ള കമ്പനിയുടെ ശ്രമങ്ങൾ ഈ ഒരു നിബന്ധനകൊണ്ട് എത്രമാത്രം നിറവേറ്റപ്പെടും എന്നതിൽ സംശയം ഉയരുന്നുണ്ട്.
നെറ്റ്ഫ്ലിക്സ് പ്രീമിയം പ്ലാൻ
നെറ്റ്ഫ്ലിക്സ് പ്രീമിയം പ്ലാൻ അംഗങ്ങൾക്ക് ലഭ്യമായ ഡൗൺലോഡ് ഉപകരണങ്ങളുടെ എണ്ണം, മൊത്തം നാലിൽ നിന്ന് ആറ് ഉപകരണങ്ങളായി വർദ്ധിപ്പിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിന്റെ പ്രീമിയം പ്ലാനായ 649 രൂപയുടെ പ്ലാൻ സബ്‌സ്‌ക്രൈബുചെയ്‌ത ഉപയോക്താക്കൾക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഇതോടൊപ്പം ഹോം തീയറ്റർ സംവിധാനങ്ങൾ ഇല്ലെങ്കിൽപ്പോലും തീയറ്റർ അനുഭവം സമ്മാനിക്കുന്ന പുത്തൻ സ്പേഷ്യൽ ഓഡിയോ(spatial audio) ഫീച്ചറും കമ്പനി പുറത്തിറക്കി. 360-ഡിഗ്രി ഓഡിയോ അനുഭവം പ്രദാനം ചെയ്യുന്ന ഒരു 3D ഓഡിയോ ഇഫക്റ്റാണ് സ്പേഷ്യൽ ഓഡിയോ.


Click it and Unblock the Notifications