സുഹൃത്തിന്റെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഉപയോഗിക്കൽ ഇനി അത്ര എളുപ്പമാകില്ല, പുതിയ പരിഷ്ക്കാരങ്ങൾ ഇങ്ങനെ
പാസ് വേഡ് ഷെയറിംഗിന് നെറ്റ്ഫ്ലിക്ക്സ് നിയന്ത്രണം കൊണ്ടുവരാൻ ഒരുങ്ങുന്നതായി സൂചന. നെറ്റ്ഫ്ലിക്സിൻ്റെ ഒരു അക്കൗണ്ട് തന്നെ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പടെയുള്ള മറ്റു പലരും ഉപയോഗിക്കുന്ന രീതിക്ക് പുതിയ പരിഷ്ക്കാരം തിരിച്ചടി ആയേക്കും. അക്കൗണ്ട് ഉടമയും, ഒപ്പം താമസിക്കുന്നവർക്കും മാത്രം പാസ് വേഡ് ഷെയർ ചെയ്യാനാകുന്ന രീതിയാണ് നെറ്റഫ്ലിക്സ് പരീക്ഷിക്കുന്നത്.

ഗ്രാംവയർ എന്ന ടെക്നോളജി വെബ്സൈറ്റാണ് ഇത് സംബന്ധിച്ച വാർത്ത സ്ക്രീൻഷോട്ട് സഹിതം പുറത്ത് വിട്ടത്. ഇത്തരം പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്ന് നെറ്റ്ഫ്ലിക്സും സ്ഥിരീകരിച്ചിട്ടുണ്ട്. അംഗീകൃത ആളുകൾ തന്നെയാണോ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുകയാണ് പരീക്ഷണത്തിലൂടെ ലക്ഷ്യം വെക്കുന്നത് എന്നും നെറ്റ്ഫ്ലിക്ക്സ് വക്താവ് പറയുന്നു.

പുതിയ ഫീച്ചർ എങ്ങനെ നടപ്പാകും
മറ്റൊരാളുടെ അക്കൗണ്ട് ഉപയോഗിക്കാൻ ശ്രമിക്കുന്ന സമയത്ത് എല്ലാം ഉടമയുടെ മെയിലിലേക്ക് അയക്കുന്ന വെരിഫിക്കേഷൻ കോഡ് ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും. ഇത് നൽകിയാൽ മാത്രമാകും അക്കൗണ്ട് ഉപയോഗിക്കാനാവുക. വെരിഫൈ ലേറ്റർ എന്ന ഓപ്ക്ഷനിൽ ക്ലിക്ക് ചെയ്താൽ കോഡ് ഉപയോഗിക്കാതെ താൽക്കാലികമായി സേവനം ലഭിക്കും.

നിലവിൽ വളരെ ചെറിയ വിഭാഗം യൂസർമാരിൽ മാത്രമാണ് ഫീച്ചർ ടെസ്റ്റ് ചെയ്യുന്നത്. മറ്റൊരു സിറ്റിയിലാണെങ്കിലും കുടുംബാഗമാണെങ്കിൽ കോഡ് ആവശ്യപ്പെടാം എന്നാൽ വിദൂരങ്ങളിലുള്ള സുഹൃത്തുക്കളോ മറ്റോ സേവനം കാലങ്ങളായി ഉപയോഗിക്കുന്നുണ്ടെങ്കിൽ പുതിയ സംവിധാനം ബുദ്ധിമുട്ടായി മാറും എന്ന കാര്യത്തിൽ സംശയം ഇല്ല.

അമേരിക്കൻ മാർക്കറ്റിൽ പോലും ധാരാളം എതിരാളികൾ ഉള്ള നെറ്റ്ഫ്ലിക്സിന് ഏതാണ് 200 മില്യൺ യൂസർമാരാണ് ഉള്ളത്. ഇന്ത്യയിൽ തന്നെ മറ്റ് ഓൺലൈൻ സട്രീമിംഗ് കമ്പനികളെ അപേക്ഷിച്ച് സബ്സക്രിപ്ഷന് കൂടുതൽ തുക മുടക്കേണ്ടത് നെറ്റ്ഫ്ലിക്സിന് വേണ്ടിയാണ്.

പുതിയ സംവിധാനം പരീക്ഷണ ഘട്ടത്തിൽ ആയതിനാൽ തന്നെ എല്ലാവർക്കുമായി സംവിധാനം ഉടൻ നടപ്പിലാകാൻ സാധ്യത ഇല്ല. അങ്ങനെ സംഭവിക്കുക ആണെങ്കിൽ മറ്റുള്ളവരുടെ അക്കൗണ്ട് ഉപയോഗിച്ച് നെറ്റ്ഫ്ലിക്സ് കാണുന്നവർക്ക് വലിയ തിരിച്ചടിയാകും

ഇന്ത്യയിൽ വലിയ പ്രചാരം നേടുന്ന ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്. ഇന്ത്യൻ പ്രേക്ഷകർക്കായി നിരവധി സിനിമകളും സീരീസും നെറ്റ്ഫ്ലിക്സിൽ എത്തുന്നു. പതിമൂന്ന് സിനിമകളും 15 സീരീസുകളും അടക്കം 41 ടൈറ്റിലുകൾ ആണ് നെറ്റ്ഫ്ലിക്സ് കഴിഞ്ഞയാഴ്ച്ച ഇന്ത്യയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.


Click it and Unblock the Notifications








