പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ എയര്‍ടെല്‍; കാത്തിരിക്കുന്നത് ആനുകൂല്യങ്ങളുടെ പെരുമഴ
കൂടുതല്‍ തുക ചെലവാക്കുന്ന പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളെ ലഭ്യമിട്ട് എയര്‍ടെല്‍ പുതിയ സേവനങ്ങള്‍ അവതരിപ്പിക്കുന്നു. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പ്രതിമാസം 999 രൂപയിലും അധികവും ചെലവഴിക്കുന്ന ഉപഭോക്താക്കള്‍ക്ക് ലോഞ്ച് ആക്‌സസ്, മെച്ചപ്പെട്ട കണ്ടന്റ്, കണ്‍സ്യൂമര്‍ ബ്രാന്‍ഡുകള്‍ക്ക് വിലക്കിഴിവുകള്‍, ഇന്റര്‍നാഷണല്‍ റോമിംഗ്, ആരോഗ്യ ഇന്‍ഷ്വറന്‍സ്, ബണ്ടില്‍ഡ് ആപ്പുകള്‍, സ്ട്രീമിംഗ് സേവനങ്ങള്‍ മുതലായവ ലഭിക്കും.

എയര്‍ടെല്‍ താങ്ക്‌സ് ലോയല്‍റ്റി പ്രോഗ്രാമിന്റെ ഭാഗമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ തുക ചെലവഴിക്കുന്ന പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളെ കൂടി ഈ നിലയിലേക്ക് കൊണ്ടുവരാനും അതുവഴി വരുമാനം വര്‍ദ്ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. 499 രൂപയില്‍ താഴെയുള്ള എയര്‍ടെല്‍ ഗോള്‍ഡ്, 499 രൂപ മുതല്‍ മുകളിലോട്ടുള്ള എയര്‍ടെല്‍ പ്ലാറ്റിനം എന്നീ പ്ലാനുകളാണ് കുറഞ്ഞ നിരക്കില്‍ എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് നല്‍കുന്നത്.

ഭാരതി എയര്‍ടെല്‍
ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ എയര്‍ടെല്‍ താങ്ക്‌സ് പ്രോഗ്രാം അടിമുടി മാറ്റുമെന്ന് അടുത്തിടെ ഭാരതി എയര്‍ടെല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗോപാല്‍ വിത്തല്‍ വ്യക്തമാക്കിയിരുന്നു. ഫൈബര്‍ അടിസ്ഥാന ബ്രോഡ്ബാന്‍ഡ് സേവനം കൂടി നല്‍കി ജിയോ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് എയര്‍ടെല്ലിന്റെ പുതിയ തീരുമാനം.

ഭാരതി എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് സേവനം
കൂടുതല്‍ തുക ചെലവാക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും സേവനങ്ങളും നല്‍കി അവരെ പിടിച്ചുനിര്‍ത്താനും അവര്‍ക്ക് കമ്പനി മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് തോന്നിപ്പിക്കാനുമുള്ള എയര്‍ടെല്ലിന്റെ തന്ത്രമാണിതെന്ന് വിലയിരുത്തപ്പെടുന്നു. 281.33 ദശലക്ഷം ഉപഭോക്താക്കളാണ് നിലവില്‍ എയര്‍ടെല്ലിനുള്ളത്. ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 129 രൂപയാണ്. ജിയോ ഒരു ഉപഭോക്താവില്‍ നിന്ന് ശരാശരി 122 രൂപയും വൊഡാഫോണ്‍ 108 രൂപയും നേടുന്നു.

റിലയന്‍സ് ജിയോ
മൊത്തം മൊബൈല്‍ വരിക്കാരുടെ 4-5 ശതമാനം മാത്രമാണ് പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍. കമ്പനികളുടെ ആകെ വരുമാനത്തിന്റെ 20 ശതമാനം ലഭിക്കുന്നത് പോസ്റ്റ്‌പെയ്ഡ് വരിക്കാരില്‍ നിന്നാണ്. എയര്‍ടെല്ലിന്റെ നീക്കം റിലയന്‍സ് ജിയോക്ക് ഗുണം ചെയ്യുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ടെലികോം ലോകം. കുറഞ്ഞ നിരക്കിലുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലൂടെ 500 ദശലക്ഷം ഉപഭോക്താക്കളില്‍ എത്താനാണ് ജിയോ പരിശ്രമിക്കുന്നത്.

പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍
ഉയര്‍ന്ന നിരക്കിലുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നവരെ എയര്‍ടെല്‍ അമിതമായി ലാളിക്കുമ്പോള്‍ മറ്റ് എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ ജിയോയെ പുണരുമോ? കാത്തിരുന്ന് കാണാം.


Click it and Unblock the Notifications