അയച്ച മെസേജ് അടക്കമുള്ള നിങ്ങളുടെ ടെലിക്കോം ഡാറ്റ ഇനി കമ്പനികൾ സർക്കാരിന് നൽകും; പുതിയ റൂൾ ഇറക്കി
ടെലിക്കോം ഉപയോക്താക്കളുടെ ഡാറ്റ പരിശോധിക്കാൻ സർക്കാരിന് അവകാശം നൽകുന്ന വിധത്തിലുള്ള പുതിയ സൈബർ സുരക്ഷാ നിയമങ്ങൾ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (ഡിഒടി) വിജ്ഞാപനം ചെയ്തു. ദേശീയ സുരക്ഷ മുൻ നിർത്തിയാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് പ്രകാരം ടെലിക്കോം ഉപയോക്താവിനെ സംബന്ധിച്ച് സർക്കാർ ആവശ്യപ്പെടുന്ന ഏത് ഡാറ്റയും നൽകാൻ ടെലിക്കോം കമ്പനികൾ ബാധ്യസ്ഥരായിരിക്കും. ടെലിക്കോം കമ്പനികളുടെ ട്രാഫിക് ഡാറ്റ പരിശോധിക്കാൻ സർക്കാരിന് അനുമതി നൽകിക്കൊണ്ടുള്ള പുതിയ വിജ്ഞാപനം ആളുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്ന വിധത്തിലുള്ള ആശങ്കകളും വിമർശനങ്ങളും ഉയരുന്നുണ്ട്.
പുതിയ നിയമം അനുസരിച്ച് ടെലിക്കോം ഉപയോക്താക്കളുടെ ടെക്‌സ്‌റ്റ് മെസേജ് ഉള്ളടക്കം അടക്കമുള്ള വിവരങ്ങൾ സർക്കാരിന് പരിശോധിക്കാം. അതായത്, സംഭാഷണം ഏത് തരത്തിൽ ഉള്ളതായിരുന്നു, അതിന്റെ റൂട്ടിംഗ്, ദൈർഘ്യം അല്ലെങ്കിൽ സമയം എന്നിവയുൾപ്പെടെ ടെലികോം നെറ്റ്‌വർക്കുകളിൽ ജനറേറ്റുചെയ്യുകയോ കൈമാറുകയോ സ്വീകരിക്കുകയോ സംഭരിക്കുകയോ ചെയ്യുന്ന ഏതൊരു വിവരവും ട്രാഫിക് ഡാറ്റയുടെ പരിധിയിൽ വരുന്നു.

ഇവിടെ സർക്കാരിന് പരിശോധിക്കാവുന്ന ട്രാഫിക് ഡാറ്റ എന്നാൽ, ടെലിക്കോം നെറ്റ്‌വർക്കുകളിൽ ജനറേറ്റുചെയ്‌തതോ സ്വീകരിക്കുന്നതോ സംഭരിക്കുന്നതോ ആയ വിവരങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. സർക്കാർ ആവശ്യപ്പെടുന്ന പക്ഷം ഉപയോക്താക്കളെ കുറിച്ചുള്ള ഏത് വിവരവും ടെലിക്കോം കമ്പനി കൈമാറിയിരിക്കണം. ഇത് ടെലിക്കോം കമ്പനികൾക്കും ഏറെ ജോലിഭാരം വർധിപ്പിക്കും. കാരണം നിശ്ചിത കാലയളവിലേക്ക് ഉപയോക്താക്കളുടെ ഈ ഡാറ്റ സൂക്ഷിക്കേണ്ടതായി വരുന്നു.
ഇങ്ങനെ ഡാറ്റ സൂക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ടെലിക്കോം കമ്പനികൾ നിർബന്ധിതരാകുന്നു. രാജ്യത്തെ ടെലിക്കോം ഉപയോക്താക്കളുടെ/ പൗരന്മാരുടെ സ്വകാര്യത ലംഘിക്കുന്നതിന് അവസരമൊരുക്കുന്നതിനാൽ ടെലികോം മേഖലയിൽ നിന്നുള്ളവരും നിയമവിദഗ്ധരും ഈ പുതിയ റൂൾ സംബന്ധിച്ച തങ്ങളുടെ ആശങ്ക വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് വകവയ്ക്കാതെ, ദേശീയ സുരക്ഷയുടെ പശ്ചാത്തലത്തിൽ, പൗരന്മാരുടെ സ്വകാര്യതയിലേക്ക് ആഴ്ന്നിറങ്ങാൻ പുതിയ റൂൾ കേന്ദ്ര സർക്കാരിന് വാതിൽ തുറന്ന് നൽകുന്നു.
പുതിയ സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കപ്പെടുന്ന പാർട്ടികൾ / ട്രാഫിക്കുകൾ തമ്മിലുള്ള സ്വകാര്യ ആശയവിനിമയത്തിലേക്ക് സർക്കാരിന് ചെവിയും കണ്ണും നൽകുന്നു. അതേസമയം, ടെലിക്കോം സേവനങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ട് ദേശവിരുദ്ധ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നവരെ കണ്ടെത്തുകയും രാജ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പുതിയ നിയമത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
ടെലിക്കോം രംഗം കൂടുതൽ മികച്ചതാക്കാൻ മറ്റ് ചില നീക്കങ്ങളും കേന്ദ്ര സർക്കാർ അടുത്തിടെ നടത്തിയിരുന്നു. അതിന്റെ ഭാഗമായിക്കൂടിയാണ് ടെലിക്കോം കമ്പനികൾ നെറ്റ്‌വർക്കുകൾക്കായി ജിയോസ്‌പേഷ്യൽ കവറേജ് മാപ്പുകൾ പ്രസിദ്ധീകരിക്കണം എന്ന് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അടുത്തിടെ നിർദേശിച്ചത്. വയർലെസ് വോയ്‌സ്, ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ലഭ്യമാകുന്ന മേഖലകൾ മാപ്പുകളിൽ ടെലിക്കോം കമ്പനികൾ കാണിക്കണം എന്നാണ് ട്രായി നിർദേശം.
ഉപയോക്താക്കൾക്ക് ടെലിക്കോം കമ്പനികളുടെ വെബ്സൈറ്റ് ഹോം പേജുകളിൽ വളരെ എളുപ്പത്തിൽ- ഒറ്റ ക്ലിക്കിൽ- വിവരങ്ങൾ ലഭ്യമാകാൻ കഴിയും വിധമായിരിക്കണം ജിയോസ്‌പേഷ്യൽ കവറേജ് മാപ്പ് നൽകേണ്ടത്. ഓരോ നെറ്റ്വർക്ക് ലഭ്യതയും വിവരിക്കുന്നതിനായി മാപ്പിൽ വിവിധ കളറുകൾ ഉപയോഗിക്കണം. ഈ മാപ്പിൽ സിഗ്നലിന്റെ ശക്തി എത്രത്തോളമുണ്ട് എന്നത് അടക്കമുള്ള വിവരങ്ങൾ ഉണ്ടാകണം. കൂടാതെ മാപ്പ് എപ്പോഴും അപ്ഡേറ്റായിരിക്കണം എന്നും നിർദേശത്തിൽ പറയുന്നുണ്ട്.

മാപ്പ് പരിശോധിക്കാൻ മാത്രമല്ല, മാപ്പിനെപ്പറ്റി അഭിപ്രായങ്ങൾ അറിയിക്കാനും അതിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണ് എന്ന് തോന്നിയാൽ അത് റിപ്പോർട്ട് ചെയ്യാനും ഉള്ള ഓപ്ഷനുകളും ഉറപ്പാക്കണമെന്നും ട്രായി ടെലിക്കോം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഉപയോക്താവിന് സിം എടുക്കും മുമ്പ്, അല്ലെങ്കിൽ ഏതെങ്കിലും കമ്പനിയിലേക്ക് പോർട്ട് ചെയ്യുന്നതിന് മുൻപ് തന്റെ പ്രദേശത്ത് ആ കമ്പനിയുടെ സേവനം എത്രത്തോളം ശക്തമാണ് എന്ന് മനസിലാക്കാൻ ഈ മാപ്പ് സഹായിക്കും.


Click it and Unblock the Notifications








