'ഒന്നിനും കൊള്ളാത്ത' പഴയ ഐഫോൺ വിറ്റുപോയത് 1.3 കോടി രൂപയ്ക്ക്; പിറന്നത് പുത്തൻ റെക്കോഡ്
വിലകൊണ്ട് ഞെട്ടിക്കുന്നതിൽ ഐഫോണുകൾ എന്നും ഒരുപടി മുന്നിലാണ്. അതിപ്പോൾ പഴയ ഐഫോൺ ആയാലും ശരി, പുതിയ ഐഫോൺ ആയാലും ശരി, വിറ്റുപോകുന്ന വില കേട്ടാൽ ആരും ഒന്ന് അമ്പരക്കും. റെക്കോഡ് വിലയിൽ വിറ്റുപോയ ഐഫോണുകളുടെ വാർത്തകൾ ഇതിനോടകം നിരവധി തവണ പുറത്തുവന്നിട്ടുണ്ട്.
കവർ പോലും പൊട്ടിക്കാത്ത ആദ്യകാല ഐഫോണുകൾക്ക് ഇന്നും വൻ ഡിമാൻഡ് ആണ് ഉള്ളത്. കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള ഒന്നിലധികം ഐഫോണുകൾ ലേലത്തിനെത്തുകയും റെക്കോഡ് വിലയിൽ വിറ്റുപോകുകയും ചെയ്തിരുന്നു. ആപ്പിളിന്റെ സ്ഥാപകൻ സ്റ്റീവ് ജോബ്സ് പുറത്തിക്കിയ ആദ്യ ഐഫോൺ നിരയിൽപ്പെടുന്നു എന്ന ചരിത്രപരമായ പ്രാധാന്യമാണ് ഈ ഐഫോണുകൾക്കുണ്ട്.

അതിനാൽത്തന്നെ ആ 'ചരിത്ര പുരാവസ്തു' സ്വന്തമാക്കുന്നത് അഭിമാനമായി ചിലർ കാണുന്നു. അതിനായി എത്ര തുക മുടക്കാനും കുറെയാളുകൾ തയാറാകുന്നു. അത്തരത്തിൽ ആദ്യം പുറത്തിറങ്ങിയ ഐഫോണുകളുടെ നിരയിലുള്ള ഒരു കവർപൊട്ടിക്കാത്ത ഐഫോൺ ജൂൺ അവസാനത്തോടെ ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള LCG എന്ന ലേലസ്ഥാപനം ലേലത്തിനെത്തിച്ചിരുന്നു.
2007 ൽ 499 ഡോളറിന് പുറത്തിറങ്ങിയ, ഫാക്ടറി സീലോടുകൂടിയ കവർ പൊട്ടിക്കാത്ത ഐഫോൺ മോഡലാണ് എൽസിജി ലേലത്തിനു വച്ചത്. ചരിത്ര മൂല്യമുള്ള ഈ ഐഫോണിന് 50,000 ഡോളറിനും 100,000 ഡോളറിനും ഇടയിൽ വില ലഭിക്കുമെന്നാണ് ലേല സ്ഥാപനം കണക്കുകൂട്ടിയിരുന്നത്. 10,000 ഡോളറിൽ ആരംഭിച്ച ലേലം വളരെപ്പെട്ടെന്ന് 42,000 ഡോളറിലേക്കും 67,000 ഡോളറിലേക്കും കുതിച്ചു.
ഏറ്റവുമൊടുവിൽ 158,644 ഡോളറിനാണ് ഈ ഫോണിന്റെ ലേലം അവസാനിച്ചത്. ഇത് ഇന്ത്യൻ തുകയിൽ ഏതാണ്ട് 1.3 കോടിയോളം (1,29,80,000 രൂപ) വരും. ലോകത്തെ ഏറ്റവും വിലയേറിയ ഐഫോൺ എന്ന നേട്ടം ഇതോടെ ഈ ഫോണിന് സ്വന്തമായി. ഇതിന് മുൻപ് നടന്നിട്ടുള്ള ലേലങ്ങളിൽവച്ച് ഐഫോണിന് ലഭിച്ചിട്ടുള്ള ഏറ്റവും ഉയർന്ന തുക 63,000 ഡോളർ ആണെന്നാണ് വിവരം.
ആദ്യം ഇറങ്ങിയ ഐഫോണിന്റെ 4ജിബി സ്റ്റോറേജ് വേരിയന്റാണ് (റാം അല്ല, സ്റ്റോറേജ് തന്നെ) ഇപ്പോൾ റെക്കോഡ് തുകയിൽ വിറ്റുപോയിരിക്കുന്നത്. 2007 ൽ പുറത്തിറങ്ങിയ ആദ്യ ഐഫോണിന്റെ ഫാക്ടറി സീലോടുകൂടിയ കവർ പൊട്ടിക്കാത്ത ഒറിജിനൽ മോഡൽ കണ്ടുകിട്ടുക എന്നത് അപൂർവമാണ്. അതിൽ 4ജിബി വേരിയന്റ് കിട്ടുക എന്നത് അതിനെക്കാൾ പാടുള്ള കാര്യമാണ്.
കാരണം ആദ്യം ആപ്പിൾ പുറത്തിറക്കിയത് 4ജിബി സ്റ്റോറേജ് വേരിയന്റാണ്. എന്നാൽ രണ്ട് മാസത്തിന് ശേഷം 4ജിബി വേരിയന്റ് പുറത്തിറക്കുന്നത് നിർത്തുകയും പകരം 8ജിബി അവതരിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ വർഷം ലേലത്തിൽ പോയതും 8ജിബി വേരിയന്റ് ആയിരുന്നു. അതിനെക്കാൾ പഴക്കവും മൂല്യവുമുള്ള 4ജിബി വേരിയന്റാണ് ഇപ്പോൾ ലേലത്തിനു വച്ചിരുന്നത് എന്നതിനാൽത്തന്നെ ഉയർന്ന വില ലഭിക്കുകയായിരുന്നു.

ഇത്രയും ഉയർന്ന തുക നൽകി ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കിയത് ആരാണെന്ന് ലേലസ്ഥാപനം പുറത്തുവിട്ടിട്ടില്ല. അതേസമയം പുരാവസ്തു മൂല്യം അത്രമേൽ വലുതാണെങ്കിലും ഈ ഫോൺ ഉപയോഗിക്കാൻ സാധിക്കില്ല എന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത. രണ്ട് മെഗാപിക്സൽ ക്യാമറ, നൂതന ടച്ച്‌സ്‌ക്രീൻ, സഫാരി വെബ് ബ്രൗസർ എന്നിവയൊക്കൊയാണ് 2007 ൽ പുറത്തിറങ്ങിയ ഐഫോൺ മോഡലിന്റെ പ്രധാന ഫീച്ചറുകൾ.
നിലവിൽ ഏറ്റവും വിലയുള്ള ഐഫോൺ 14 പ്രോ മാക്‌സാണ്. ഏതാണ്ട് 1,89,900 രൂപയ്ക്ക് ആപ്പിൾ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോറിൽ ഈ മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന ഐഫോൺ 15 സീരീസിലെ മോഡലുകൾ 14 പ്രോ മാക്‌സിന്റെ വിലയെ മറികടന്നേക്കാം. എന്നാൽ 1,29,80,000 രൂപയുടെ റെക്കോഡ് കുറച്ചുകാലത്തേക്ക് അതേപടി തുടരാനാണ് സാധ്യത.


Click it and Unblock the Notifications








