കാശ് ചെലവാകുന്ന വഴികാണില്ല! പുതിയ യുപിഐ ലൈറ്റ് ഫീച്ചർ ആളെ ധൂർത്തനാക്കുമെന്ന് ആശങ്ക
യുപിഐ ഇടപാടുകൾ കൂടുതൽ എളുപ്പത്തിൽ ആക്കുന്നതിനും ആളുകളെ യുപിഐ സേവനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനുമായി യുപിഐ ലൈറ്റ് പേയ്മെന്റ് സിസ്റ്റത്തിനായി ആർബിഐ ഒരു പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ചു. ഇനി യുപിഐ ലൈറ്റ് വാലറ്റിന്റെ ബാലൻസ് കുറയുമ്പോൾ അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി 2000 രൂപ യുപിഐ ലൈറ്റ് അക്കൗണ്ടിലേക്ക് എത്തുന്ന വിധത്തിലുള്ള ഒരു മാറ്റമാണ് പുതിയതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ആണ് യുപിഐ ബാലൻസ് നിയമങ്ങളിൽ ഈ വലിയ മാറ്റം വരുത്തിയിരിക്കുന്നത്. ആളുകളുടെ പണമിടപാട് കൂടുതൽ എളുപ്പത്തിൽ ആകുന്നതിന് വേണ്ടിയാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
ഏറ്റവും പുതിയ ആർബിഐ നിർദ്ദേശം യുപിഐ ലൈറ്റിനെ ഇ-മാൻഡേറ്റ് ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരുന്നു, ഇത് ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് അധിക അനുമതികളൊന്നും ഇല്ലാതെ തന്നെ അവരുടെ യുപിഐ ലൈറ്റ് വാലറ്റുകൾ ഓട്ടോമാറ്റിക്കായി ഫിൽ ചെയ്യുന്നു. അതായത് അക്കൗണ്ടിൽനിന്ന് യുപിഐ ലൈറ്റിലേക്ക് പണം മാറ്റാനായി ഉപയോക്താവ് മെനക്കെടുകയോ അനുമതി നൽകുകയോ പോലും വേണ്ട.

പുതിയ മാറ്റം പ്രത്യക്ഷത്തിൽ ഉപകാരപ്രദമാണ്. എന്നാൽ സാധാരണക്കാരെ സംബന്ധിച്ചടത്തോളം അവരെ ധാരാളിയാക്കുന്നതാണോ ഈ ഫീച്ചർ എന്ന് സംശയവും നിലനിൽക്കുന്നു. അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി യുപിഐ ലൈറ്റിലേക്ക് പണം വന്നുകൊണ്ടിരന്നാൽ കൺട്രോൾ ഇല്ലാതെ ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം പണം ചെലവഴിക്കുകയും അതുവഴി അക്കൗണ്ട് വേഗത്തിൽ കാലിയാകുകയും ചെയ്യുമോ എന്നതാണ് ഉയരുന്ന ആശങ്ക.
എന്താണ് യുപിഐ ലൈറ്റ്: യുപിഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും ഡിജിറ്റൽ പേയ്മെന്റ് വർധിപ്പിക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായി ആർബിഐ അവതരിപ്പിച്ച പേയ്മെന്റ് സിസ്റ്റമാണ് യുപിഐ ലൈറ്റ്. ഇത് ഏറെ ലളിതവും ഉപകാരപ്രദവുമാണ്. ചെറിയ തുകയുടെ ഇടപാടുകൾ പാസ്വേഡ് ഉപയോഗിക്കാതെ നടത്താം എന്നതാണ് യുപിഐ ലൈറ്റിന്റെ പ്രധാന പ്രത്യേകത.
2022 സെപ്റ്റംബറിൽ ആണ് യുപിഐ ലൈറ്റ് ഓപ്ഷൻ കൊണ്ടുവന്നത്. ഫോണിലെ വാലറ്റിലൂടെ വേഗത്തിലുള്ളതും തടസ്സരഹിതവുമായ ചെറിയ തുകയുടെ പേയ്‌മെൻ്റുകൾ നടത്താൻ സാധിക്കും വിധമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 500 രൂപ വരെയുള്ള തുകയുടെ ഇടപാടുകളാണ് യുപിഐ ലൈറ്റ് വഴി പാസ്വേഡ് ഇല്ലാതെ നടത്താൻ കഴിയുക.
ആർബിഐയുടെ നിർദേശപ്രകാരം, യുപിഐ ഇടപാടുകളുടെ ചുമതലയുള്ള നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് യുപിഐ ലൈറ്റ് സിസ്റ്റം കൊണ്ടുവന്നത്. തുടക്കത്തിൽ 200 രൂപ വരെയുള്ള ഇടപാടുകൾക്കാണ് യുപിഐ ലൈറ്റ് ഉപയോഗിക്കാനാകുമായിരുന്നത്. പിന്നീട് ആർബിഐ ഈ തുക 500 ആക്കി ഉയർത്തുകയായിരുന്നു.
യുപിഐ ലൈറ്റ് സജ്ജമാക്കാൻ ഉപയോക്താവ് വെർച്വൽ വാലറ്റ് പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്. അതോടെ യുപിഐ ആപ്പ് ഓട്ടോമാറ്റിക്കായി പിയർ-ടു-പിയർ കളക്ഷൻ ഒഴികെയുള്ള 500 രൂപ വരെ മൂല്യമുള്ള ഇടപാടുകൾക്ക് യുപിഐ ലൈറ്റ് ബാലൻസ് ഉപയോഗിക്കും. യുപിഐ ലൈറ്റ് വാലറ്റ് പ്രവർത്തനക്ഷമമാക്കാൻ ഉപഭോക്താവ് ആദ്യം യുപിഐ പിൻ ഉപയോഗിച്ച് ബന്ധപ്പെട്ട ബാങ്കിന്റെ അനുമതി തേടണം.

തുടർന്ന് ഉപയോക്താവിന്റെ അഭ്യർഥന പ്രകാരം അക്കൗണ്ടിൽനിന്ന് തുക വാലറ്റിലേക്ക് കൈമാറ്റപ്പെടും. ഫണ്ട് കൈമാറ്റം ബാങ്ക് സ്ഥിരീകരിക്കുന്നതോടെ യുപിഐ ലൈറ്റ് വാലറ്റ് പ്രവർത്തനക്ഷമമാക്കുകയും വെർച്വൽ ബാലൻസ് ആപ്പിൽ പ്രതിഫലിക്കുകയും ചെയ്യും. ഒരു ദിവസം പരമാവധി 2000 രൂപവരെയാണ് വെർച്വൽ വാലറ്റിലേക്ക് മാറ്റാൻ സാധിക്കുക.
ഇപ്പോൾ യുപിഐ ലൈറ്റ് വഴി പരമാവധി 2000 രൂപയാണ് ഒരു ദിവസം നടത്താൻ സാധിക്കുക. അതേപോലെ ഒറ്റത്തവണ ചെലവഴിക്കാവുന്ന പരമാവധി തുക 500 രൂപയാണ്. ആളുകൾ ദിവസവും ചെറിയ തുകയുടെ ധാരാളം ഇടപാടുകൾ നടത്താറുണ്ട്. ഇത്തരം ചെറിയ പേയ്മെന്റുകൾ വേഗത്തിലാക്കാൻ ഉദ്ദേശിച്ചുള്ളതാണ് യുപിഐ ലൈറ്റ് സിസ്റ്റം.

യുപിഐ ലൈറ്റ് സിസ്റ്റത്തിൽ മെയിൻ അക്കൗണ്ടിൽ നിന്ന് നാം ആഡ് ചെയ്ത് വാലറ്റിൽ സൂക്ഷിച്ചിരിക്കുന്ന പണമാണ് വിനിയോഗിക്കപ്പെടുന്നത്. വാലറ്റിലെ ബാലൻസ് കുറയുമ്പോൾ നാം വീണ്ടും പണം ട്രാൻസ്ഫർ ചെയ്യണമായിരുന്നു. എന്നാൽ പുതിയ രീതിയനുസരിച്ച് അതിന്റെ ആവശ്യമില്ല. വാലറ്റിൽ ബാലൻസ് കുറഞ്ഞാൽ അക്കൗണ്ട് ഉടമയുടെ ഇടപെടൽ ഇല്ലാതെ തന്നെ വാലറ്റിലേക്ക് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം ട്രാൻസ്ഫർ ചെയ്യപ്പെടും.
പണം ട്രാൻസ്ഫർ ചെയ്യുന്ന ജോലി ഒഴിവായിക്കിട്ടുമെങ്കിലും ഈ പുതിയ ഫീച്ചർ ഒരുപാട് സ്വകാര്യതാ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഈ ഫീച്ചർ ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഡിസേബിൾ ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കുമോ എന്നത് ഇപ്പോൾ വ്യക്തമല്ല. നിലവിൽ ജനപ്രീതി ആർജ്ജിച്ചുകൊണ്ടിരിക്കുന്ന യുപിഐ ലൈറ്റിന് ഈ ഫീച്ചർ തിരിച്ചടിയാകുമോയെന്നും സംശയം ഉയരുന്നുണ്ട്.


Click it and Unblock the Notifications








