മാർച്ച് 15ന് മുമ്പ് മറ്റൊരു ബാങ്കിന്റെ പുതിയ ഫാസ്ടാഗ് വാങ്ങണം; പേടിഎം ഫാസ്ടാഗ് ഉടമകൾക്കുള്ള NHAI നിർദേശങ്ങൾ
പേടിഎം പേയമെന്റ് ബാങ്കിന് ആർബിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിരവധി ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടായിരുന്നു. അതിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്ന വിഭാഗങ്ങളിൽ ഒന്നാണ് പേടിഎം ഫാസ്ടാഗ് ഉപയോക്താക്കൾ (Paytm FASTag). മാർച്ച് 15-ന് ശേഷം പേടിഎം ഫാസ്ടാഗ് ഉടമകൾക്ക് ബാലൻസ് റീചാർജ് ചെയ്യാനോ ടോപ്പ്-അപ്പ് ചെയ്യാനോ ഓപ്ഷൻ ഉണ്ടായിരിക്കില്ല.
ഈ സാഹചര്യത്തിൽ സുഗമമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനും ടോൾ പ്ലാസകളിലെ അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനുമായി മാർച്ച് 15 ന് മുമ്പ് മറ്റൊരു ബാങ്കിൽ നിന്ന് പുതിയ ഫാസ്‌ടാഗ് വാങ്ങാൻ പേടിഎം ഫാസ്‌ടാഗ് ഉപയോക്താക്കളോട് എൻഎച്ച്എഐ ഔദ്യോഗിക പ്രസ്താവനയിലൂടെ നിർദേശിച്ചു. പേടിഎം ഫാസ്ടാഗ് ഉപയോക്താക്കൾ നിശ്ചയമായും ശ്രദ്ധിക്കേണ്ട അറിയിപ്പാണിത്.

മറ്റൊരു ബാങ്കിന്റെ ഫാസ്ടാഗിലേക്ക് മാറുന്നതിലൂടെ, ദേശീയപാതയിലൂടെ യാത്ര ചെയ്യുമ്പോൾ പിഴയും ഇരട്ടി ഫീസും ഒഴിവാക്കാൻ സാധിക്കുമെന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നു. അതേസമയം മാർച്ച് 15-ന് ശേഷം റീചാർജ് ചെയ്യാൻ സാധിക്കില്ലെങ്കിലും നിശ്ചിത തീയതിക്കപ്പുറം ടോൾ അടയ്‌ക്കാൻ അവർക്ക് നിലവിലുള്ള ബാലൻസ് ഉപയോഗിക്കുന്നത് തുടരാം.
പേടിഎം ഫാസ്‌ടാഗ് ഉപയോക്താക്കളോട് അവരവരുടെ ബാങ്കുകളെ സമീപിക്കാനും അല്ലെങ്കിൽ IHMCL (ഇന്ത്യൻ ഹൈവേ മാനേജ്‌മെൻ്റ് കമ്പനി ലിമിറ്റഡ്) വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന പതിവ് ചോദ്യങ്ങൾ റഫർ ചെയ്യാനും NHAI നിർദ്ദേശിച്ചു. പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ (പിപിബിഎൽ) ഇടപാടുകാരോടും വ്യാപാരികളോടും മാർച്ച് 15ന് അകം അക്കൗണ്ടുകൾ മറ്റ് ബാങ്കുകളിലേക്ക് മാറ്റണമെന്ന് ആർബിഐ കഴിഞ്ഞ മാസം നിർദേശിച്ചിരുന്നു.

ഫാസ്ടാഗ് വഴിയുള്ള ഇന്ത്യയിലെ ടോൾ ശേഖരണത്തിന്റെ അഞ്ചിലൊന്ന് പങ്കും പേടിഎം വഴിയാണ് നടക്കുന്നത് എന്നാണ് കണക്കുകൾ പറയുന്നത്. അതിനാൽത്തന്നെ പേടിഎം ഫാസ്ടാഗ് ഉടമകൾക്ക് വന്നുചേർന്നിരിക്കുന്ന ഈ പ്രതിസന്ധി നിരവധി വാഹനഉടമകളെ ബാധിക്കും. പേടിഎം പേയ്മെന്റ് ബാങ്ക് വരുത്തിവച്ച പ്രതിസന്ധി അംഗീകൃത ബാങ്കുകളിൽ നിന്ന് മാത്രം ഫാസ്ടാഗുകൾ സ്വന്തമാക്കേണ്ടതിൻ്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു.
പേടിഎം ഫാസ്ടാഗ് എങ്ങനെ ഡീആക്ടിവേറ്റ് ചെയ്യാം: യൂസർ ഐഡി, വാലറ്റ് ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് പേടിഎം ഫാസ്ടാഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക. കൺഫർമേഷനായി ഫാസ്ടാഗ് നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പോലുള്ള വിവരങ്ങൾ നൽകിയ ശേഷം പേജ് താഴേക്ക് സ്ക്രോൾ ചെയ്ത് ' Help & Support' ഓപ്ഷൻ തെരഞ്ഞെടുക്കുക.
ഓപ്‌ഷനുകളിൽ നിന്ന് Need Help With Non-Order Related Queries എന്നത് തിരഞ്ഞെടുക്കുക. ശേഷം 'ഫാസ്‌ടാഗ് പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ' എന്ന് ലേബൽ ചെയ്‌തിരിക്കുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 'I Want to Close My FASTag' എന്ന ഓപ്ഷൻ' തിരഞ്ഞെടുത്ത്, ഡീആക്ടിവേഷൻ പൂർത്തിയാക്കാൻ തുടർന്നുള്ള നിർദ്ദേശങ്ങൾ പാലിക്കുക.

പേടിഎം ഫാസ്ടാഗ് എവിടെനിന്ന് വാങ്ങണം: 32 അംഗീകൃത ബാങ്കുകളിൽനിന്ന് ഫാസ്ടാഗ് വാങ്ങാം. എയർടെൽ പേയ്‌മെൻ്റ് ബാങ്ക്, അലഹബാദ് ബാങ്ക്, ബിഒബി, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, ഐഡിബിഐ, പിഎൻബി, എസ്ബിഐ, യെസ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, തൃശൂർ ജില്ലാ സഹകരണ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സരസ്വത് ബാങ്ക്, നാഗ്പൂർ നാഗ്രിക് സഹകാരി ബാങ്ക്.
കൊട്ടക് മഹീന്ദ്ര, കരൂർ വ്യാസ ബാങ്ക്, ജെ&കെ ബാങ്ക്, ഇൻഡസ്ഇൻഡ്, ഇന്ത്യൻ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഫിനോ ബാങ്ക്, ഇക്വിറ്റബിൾ സ്മോൾ ഫിനാൻസ് ബാങ്ക്, കോസ്മോസ് ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക്(എൽ), സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണവ.


Click it and Unblock the Notifications








