FASTag KYC | അപ്ഡേഷന് 1 മാസംകൂടി അനുവദിച്ച് NHAI; പ്രൊവൈഡർമാർക്ക് ഒന്നുമറിയില്ലെന്ന് നാട്ടുകാർ
അപൂർണ്ണമായ കെവൈസിയുള്ള ഫാസ്ടാഗ് ( FASTag ) ബ്ലോക്ക് ചെയ്യാനുള്ള തീരുമാനം സർക്കാർ ഒരുമാസത്തേക്ക് നീട്ടിവച്ചു. കെവൈസി (Know Your Client) അപ്ഡേറ്റ് ചെയ്യാനുള്ള സമയം 2024 ഫെബ്രുവരി 29 വരെ നീട്ടിയതായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ട്വിറ്ററിലൂടെ അറിയിച്ചു.
ബാലൻസുണ്ടെങ്കിലും അപൂർണ്ണമായ KYC യും ഉള്ള ഫാസ്‌ടാഗുകൾ 2024 ജനുവരി 31 ന് ശേഷം ബാങ്കുകൾ ഡീആക്ടീവേറ്റ് ചെയ്യുമെന്ന് നേരത്തെ എൻഎച്ച്എഐ അറിയിച്ചിരുന്നു. എന്നാൽ ജനുവരി 31 ന് ശേഷവും നിരവധി പേർക്ക് കെവൈസി പൂർത്തിയാക്കാൻ ബാക്കിയുണ്ട്. ഇതിനാലാണ് ഒരു മാസം കൂടി അനുവദിച്ചിരിക്കുന്നത്.

അതേസമയം ഫാസ്ടാഗ് സർവീസ് പ്രൊവൈഡർമാർക്ക് ഫാസ്ടാഗ് കെവൈസിയെപ്പറ്റി കാര്യമായ ഒരു അറിവുമില്ലെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ഇതിനാലാണ് തങ്ങൾക്ക് ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുന്നത് എന്ന് അപ്ഡേഷൻ സമയം നീട്ടിക്കൊണ്ടുള്ള എൻഎച്ച്എഐയുടെ ട്വിറ്റർ പോസ്റ്റിനുതാഴെ ചിലർ ചൂണ്ടിക്കാട്ടി. അതോടൊപ്പം ഫാസ്ടാഗിനെ സംബന്ധിച്ച് ആൾക്കാർക്കുള്ള അറിവില്ലായ്മ ചിലർ ചൂഷണം ചെയ്യുന്ന വിവരവും വ്യക്തമായി.
പ്രമുഖ ബാങ്കിന്റെ സംവിധാനം എന്ന നിലയിൽ ചില വ്യാജ ഫാസ്ടാഗ് പ്രൈാവൈഡർമാർ പ്രവർത്തിക്കുന്നുണ്ട്. തങ്ങളുടെ പേരിനോട് സാദൃശ്യം തോന്നുന്ന വിധത്തിൽ വ്യാജമായി ഓൺലൈൻ പ്ലാറ്റ്ഫോം അക്കൗണ്ട് സൃഷ്ടിച്ച് വ്യാജന്മാർ പ്രവർത്തിക്കുന്നുണ്ടെന്നും ആളുകൾ ഈ ചതിയിൽ വീഴരുതെന്നും ഒരു പ്രമുഖ ബാങ്കും എൻഎച്ച്എഐയുടെ ട്വീറ്റിനു താഴെ വ്യക്തമാക്കിയിട്ടുണ്ട്.

ഇലക്ട്രോണിക് ടോൾ പിരിവ് മെച്ചപ്പെടുത്തുന്നതിനും ടോൾ പ്ലാസകളിലൂടെ സുഗമമായി കടന്നുപോകുന്നതിനും "ഒരു വാഹനം, ഒരു ഫാസ്‌റ്റാഗ്" എന്നനയം എൻഎച്ച്എഐ മുറുകെപ്പിടിക്കുന്നു. ഫാസ്ടാഗ് കെവൈസി പൂർത്തിയാക്കാൻ അനുവദിച്ച ജനുവരി 31 വരെയുള്ള സമയത്ത് 1.27 കോടി മൾട്ടിപ്പിൾ ഫാസ്ടാഗുകളിൽ ആകെ 7 ലക്ഷം എണ്ണം മാത്രമേ അടച്ചിട്ടുള്ളൂ. ഇതിനാലാണ് സമയം ഫെബ്രുവരി 29 വരെ നീട്ടിയത്.
ഫാസ്ടാഗ് വ്യാപകമായിട്ടും, ഒരു ഫാസ്ടാഗ് ഒന്നിലധികം വാഹനങ്ങൾക്ക് നൽകുന്നത് ടോൾ പ്ലാസകളിൽ അനാവശ്യ കാലതാമസത്തിന് ഇടയാക്കാറുണ്ട്. ഇത് പരിഹരിക്കുന്നതിനായിട്ടാണ്, ഒന്നിലധികം വാഹനങ്ങൾക്ക് ഒരൊറ്റ ഫാസ്ടാഗ് ഉപയോഗിക്കുന്നത് സർക്കാർ നിരുത്സാഹപ്പെടുത്തുന്നത്. ശരിയായ KYC ഇല്ലാതെ ഫാസ്‌ടാഗുകൾ ഇഷ്യൂ ചെയ്യുന്നതാണ് ഡ്യൂപ്ലിക്കേഷൻ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഫാസ്ടാഗ് സംവിധാനത്തിൽ നിലവിലുള്ള ചില പോരായ്മകൾ മറികടക്കാൻ കെവൈസി കർശനമാക്കണം എന്നാണ് തീരുമാനം. കെവൈസി അപൂർണ്ണമായ ഫാസ്ടാഗുകൾ ഡീആക്ടിവേറ്റ് ചെയ്യാനോ, ബ്ലാക്ക്ലിസ്റ്റ് ചെയ്യാനോ സാധ്യതയുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ KYC വിശദാംശങ്ങൾ ഇന്ത്യൻ ഹൈവേസ് മാനേജ്‌മെൻ്റ് കമ്പനി ലിമിറ്റഡ് (IHMCL) ഫാസ്‌ടാഗ് പോർട്ടൽ വഴി ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാം.

ഓഫ്ലൈനായും ഫാസ്ടാഗ് അപ്ഡേറ്റ് ചെയ്യാം. അതിനായി ഫാസ്ടാഗ് നൽകിയ ബാങ്ക് ശാഖ സന്ദർശിച്ചാൽ മതി. ഓൺലൈനായി ഫാസ്ടാഗ് KYC അപ്‌ഡേറ്റ് ചെയ്യുന്ന വിധം: IHMCL FASTag പോർട്ടലിൽ ലോഗിൻ ചെയ്യുക. തുടർന്ന് മൈ പ്രൊഫൈൽ എന്നതിലേക്ക് നാവിഗേറ്റ് ചെയ്ത് KYC സ്റ്റാറ്റസ് പരിശോധിക്കുക. ശേഷം KYC' ടാബിൽ ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിശദാംശങ്ങൾ നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്കുചെയ്യുന്നതോടെ KYC അപ്ഡേറ്റ് പൂർത്തിയാകും.
KYC പ്രോസസ്സ് ചെയ്യുന്നതിന് പരമാവധി ഏഴ് പ്രവൃത്തി ദിവസങ്ങളെടുക്കും. ഫാസ്‌ടാഗ് കെവൈസിക്ക് ആവശ്യമായ രേഖകൾ: വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഐഡൻ്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ. ഇത്രയും രേഖകൾ കൈവശം വച്ചുകൊണ്ട് വേണം ഓൺലൈനായി ഫാസ്ടാഗ് അപ്ഡേഷൻ നടത്താൻ.
നമ്മുടെ വാഹനത്തിന്റെ ഫാസ്ടാഗ് സ്റ്റാറ്റസ് പരിശോധിക്കാനുള്ള വഴി: fastag.ihmcl.com എന്നതിലേക്ക് പോകുക. ശേഷം പേജിൻ്റെ വലതുവശത്തുള്ള ലോഗിൻ ടാബിൽ ക്ലിക്ക് ചെയ്യുക. OTP ഉപയോഗിച്ച് ലോഗിൻ ചെയ്ത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക. തുടർന്ന് ഫാസ്‌ടാഗിൻ്റെ കെവൈസി സ്റ്റാറ്റസ് കാണിക്കുന്ന ഡാഷ്‌ബോർഡിലെ എൻ്റെ പ്രൊഫൈൽ വിഭാഗം തിരഞ്ഞെടുക്കുക.


Click it and Unblock the Notifications







