റിലയൻസ് സാമ്രാജ്യത്തിന്റെ 'രാജ്ഞി' ബോർഡിൽനിന്ന് പുറത്ത്! രാജാവ് 5 വർഷം കൂടി തുടരും, എല്ലാം മക്കൾക്കുവേണ്ടി!
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ( RIL) ബോർഡിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി രാജിവച്ചു. പകരം മുകേഷ് അംബാനിയുടെയും നിതയുടെയും മക്കളായ ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ ബോർഡിലേക്ക് നിയമിച്ചു.
റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സനും സ്ഥാപകയും റിലയൻസ് ഇൻഡസ്ട്രീസിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു നിത. മക്കളെ റിലയൻസ് ബോർഡിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി നിത അംബാനി ബോർഡിൽ നിന്ന് രാജിവയ്ക്കുകയായിരുന്നു എന്നാണ് വിവരം. ബോർഡിൽനിന്ന് നിത ഒഴിവായ വിവരം പ്രാദേശിക സ്റ്റോക്ക് എക്സ്ചേഞ്ചിൽ പ്രസിദ്ധീകരിച്ച കമ്പനിയുടെ പ്രസ്താവനയിൽ സ്ഥിരീകരിക്കുന്നുണ്ട്.

ഹ്യൂമൻ റിസോഴ്‌സ്, നോമിനേഷൻ, റെമ്യൂണറേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം ആർഐഎൽ ഡയറക്ടർ ബോർഡ്, ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിക്കുന്നതിന് അംഗീകാരം നൽകി. നിതയുടെ രാജിയും മക്കളുടെ കടന്നുവരവും റിലയൻസ് ഇൻഡസ്ട്രീസിലെ തലമുറമാറ്റത്തിന്റെ ഭാഗമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ ബോർഡ് നിത അംബാനിയുടെ രാജി അംഗീകരിച്ചു. റിലയൻസ് ഫൗണ്ടേഷന്റെ നേതൃത്വം വഹിച്ചുകൊണ്ട് നിത അംബാനി നടത്തുന്ന പ്രവർത്തനങ്ങളെ ബോർഡ് അഭിനന്ദിച്ചു. പുതിയ പദ്ധതികളിലൂടെ റിലയൻസ് ഫൗണ്ടേഷനെ നയിക്കാനും വളർത്താനുമുള്ള നിത അംബാനിയുടെ പരിശ്രമങ്ങളെ ബോർഡ് അഭിനന്ദിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ബോർഡ് അംഗത്വം രാജിവച്ചെങ്കിലും റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സൺ എന്ന നിലയിൽ നിത അംബാനിക്ക് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എല്ലാ മീറ്റിംഗുകളിലേക്കും പങ്കെടുക്കാം. കമ്പനിക്ക് മാർഗനിർദേശം നൽകുന്നതിനായി സ്ഥിരം ക്ഷണിതാവ് സ്ഥാനം അവർക്ക് നൽകിയിട്ടുണ്ട് എന്നാണ് വിവരം. അംബാനിയുടെ ഭാര്യ എന്ന നിലയിൽ മാത്രമല്ല, റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സൺ എന്ന നിലയിലും നിത അംബാനി പ്രശസ്തയാണ്.
കോർപ്പറേറ്റ് രംഗത്തെ കരുണയുടെ മുഖമായാണ് നിത അംബാനി അറിയപ്പെടുന്നത്. 1963 ൽ നവംബർ 1-ന് മുംബൈയിലെ മധ്യവർഗ ഗുജറാത്തി കുടുംബത്തിൽ ആണ് നിതാ ദലാൽ (നീ ദലാൽ) എന്ന നിത അംബാനി ജനിച്ചത്. രവീന്ദ്രഭായ് ദലാലും പൂർണ്ണിമ ദലാലും ആണ് മാതാപിതാക്കൾ. 1985 മാർച്ച് എട്ടിന് ആയിരുന്നു മുകേഷ് അംബാനിയുമായിട്ടുള്ള വിവാഹം.
തന്റെ ഇരുപതാം വയസിൽ ആണ് നിത മുകേഷ് അംബാനിയെ വിവാഹം കഴിച്ചത്. തുടർന്നിങ്ങോട്ട് മുകേഷ് അംബാനിയുടെ കരുത്തും ശക്തിയുമായി മാറിയ നിത അംബാനി ഇന്ന് അക്ഷരാർഥത്തിൽ തന്നെ റിലയൻസ് സാമ്രാജ്യത്തിന്റെ രാജ്ഞിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനത്തിന്റെ ഉടമയുടെ ഭാര്യ എന്ന നിലയിൽ മാത്രമല്ല, തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും അവർ രാജ്യത്തിന് പരിചിതയാണ്.
വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിന് ശേഷം വാടക ഗർഭധാരണത്തിലൂടെയാണ് മുകേഷ് അംബാനി- നിത അംബാനി ദമ്പതികൾക്ക് ഇരട്ടക്കുട്ടികളായ ആകാശും ഇഷയും പിറന്നത്. പിന്നീട് മൂന്ന് വർഷത്തിന് ശേഷം, ഇളയ മകൻ അനന്ത് അംബാനിക്ക് നിത ജന്മം നൽകി. ഇന്ന് റിലയൻസിന്റെ വിവിധ ബിസിനസുകളിൽ ഇഷ, ആകാശ്, അനന്ത് എന്നിവർ ഏറെ സജീവമാണ്.
റിലയൻസിന്റെ തലമുറ മാറ്റത്തിനുള്ള അടുത്ത ഘട്ടമെന്ന നിലയിൽ ഇവരുടെ ബോർഡ് അംഗത്വം ഏറെ ചർച്ചയായിക്കഴിഞ്ഞു. ഇന്ന് ( ഓഗസ്റ്റ് 28) നടന്ന റിലയൻസ് വാർഷിക പൊതുയോഗത്തിൽ (എജിഎം) മുകേഷ് അംബാനി, നിത ബോർഡിൽനിന്ന് പുറത്തുപോകുന്നതും നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി മക്കൾ ബോർഡിലേക്ക് എത്തിയതും സ്ഥിരീകരിച്ചു. തന്നെ സംബന്ധിച്ചിടത്തോളം ഇതാരു വൈകാരിക നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു.
മക്കളുടെ ബോർഡ് പ്രവേശനം 1977 ൽ അച്ഛൻ തന്നെ റിലയൻസിന്റെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയ ആ ദിവസത്തെ അനുസ്മരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് അന്ന് 20 വയസായിരുന്നു പ്രായം. ഇന്ന് ഇഷയിലും ആകാശിലും അനന്തിലും എന്റെ അച്ഛനെയും തന്നെയും താൻ കാണുന്നു, ധീരുഭായിയുടെ ജ്വാല അവരിലെല്ലാം തിളങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് വർഷംകൂടി കമ്പനിയെ നയിക്കാൻ താൻ ഉണ്ടാകുമെന്നും ഭാവിയിലെ എല്ലാ വെല്ലുവിളികളും അവസരങ്ങളും നേരിടാൻ മക്കളെ തയാറാക്കാനും അടുത്ത തലമുറ നേതൃത്വത്തെ പരിപോഷിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുമെന്നും റിലയൻസ് ചെയർമാനായ മുകേഷ് അംബാനി വ്യക്തമാക്കി. കൂട്ടായ നേതൃത്വം നൽകാനും, റിലയൻസിനെ അടുത്ത ദശകങ്ങളിൽ വളർച്ചയിലും മൂല്യത്തിലും കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാനും അവർക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
"46 വർഷം മുമ്പ്, റിലയൻസിന്റെ തുടക്കം മുതൽ ഞാൻ അതുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ നിമിഷത്തിൽ താൻ ഏറെ വികാരാധീനനാണ്. എല്ലാം ഇന്നലെയെന്ന പോലെ തോന്നുന്നു. റിലയൻസിന്റെ യാത്രയിലെ ഓരോ ചുവടും ഞാൻ ഓർക്കുന്നു, ഞങ്ങൾ എവിടെ നിന്നാണ് തുടങ്ങിയത്, ഇന്ന് നമ്മൾ എവിടെ നിൽക്കുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ഇന്ത്യയുടെ ആവേശകരമായ യാത്രയും ഞാൻ ഓർക്കുന്നു''.
ഇപ്പോൾ മുത്തശ്ശനും മുത്തശ്ശിയും ആയതിന്റെ ആനന്ദം താൻ ആസ്വദിക്കുകയാണ്. എന്നാൽ റിലയൻസ് കുടുംബം ഇന്ത്യയൊട്ടാകെ വ്യാപിച്ചിരിക്കുകയാണെന്നും മുകേഷ് അംബാനി പറഞ്ഞു. റിലയൻസിനെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങൾ ഇന്ത്യയെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങളുമായി ഇഴചേർന്നതാണ്. ഒന്നാം ദിവസം എന്റെ പ്രിയപ്പെട്ട അച്ഛൻ എന്നെ പഠിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ സ്വപ്നങ്ങൾ രൂപപ്പെട്ടത് എന്നും അദ്ദേഹം അനുസ്മരിച്ചു.


Click it and Unblock the Notifications








