ആപ്പിള്‍ ഐഒഎസ് 6ല്‍ യുട്യൂബ് ആപ്ലിക്കേഷനില്ല

Posted By: Staff

ആപ്പിള്‍ ഐഒഎസ് 6ല്‍ യുട്യൂബ് ആപ്ലിക്കേഷനില്ല

ആപ്പിളിന്റെ ഐഒഎസ് 6 ഒഎസില്‍ ഗൂഗിള്‍ യുട്യൂബ് ബില്‍റ്റ് ഇന്‍ ആപ്ലിക്കേഷന്‍ ഇല്ല. ജൂണില്‍ ആപ്പിള്‍ ഡെവലപേഴ്‌സ് കോണ്‍ഫറന്‍സില്‍ വെച്ച് അവതരിപ്പിച്ച ഐഒഎസ് 6 സോഫ്റ്റ്‌വെയറില്‍ ഗൂഗിള്‍ മാപ്‌സിനുള്ള പിന്തുണ ആപ്പിള്‍ പിന്‍വലിച്ചിരുന്നു. ഇപ്പോഴിതാ ഇന്‍ബില്‍റ്റ് യുട്യൂബ് ആപ്ലിക്കേഷനും ഐഒഎസിന് പുറത്തേയ്ക്ക് പോകുന്നു.

ആപ്പിള്‍ ഇറക്കിയ ഐഒഎസ് 6 ഒഎസിന്റെ പരീക്ഷപതിപ്പിലാണ് യുട്യൂബ് ആപ്ലിക്കേഷന്‍ ഇല്ലാത്തത്. ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് എന്നിവയ്ക്ക്  വേണ്ടി എത്തുന്ന ഒഎസാണ് ഐഒഎസ് 6. ഇതിന്റെ പരീക്ഷണ വേര്‍ഷനേ ഇപ്പോള്‍ കമ്പനി ഇറക്കിയിട്ടുള്ളൂ.

ആദ്യത്തെ ഐഫോണ്‍ മുതല്‍ യുട്യൂബ് ബില്‍റ്റ് ഇന്‍ ആപ്ലിക്കേഷന്‍ ഐഒഎസില്‍ ലഭ്യമായിരുന്നു. ഗൂഗിളിന്റെ സ്വന്തമായ യുട്യൂബിന് ഐഒഎസില്‍ സ്ഥാനം നഷ്ടപ്പെടാന്‍ കാരണം ഇരുകമ്പനികളും തമ്മിലുള്ള അകല്‍ച്ചയാണെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ആപ്പിള്‍ മറ്റൊരു കാരണമാണ് ഇതിന് നല്‍കുന്നത്. യുട്യൂബിന് നല്‍കിയ ലൈസന്‍സ് കാലാവധി തീര്‍ന്നതാണ് ഈ സേവനം നിര്‍ത്താന്‍ കാരണമെന്നാണ് ആപ്പിള്‍ നല്‍കുന്ന വിശദീകരണം.

ഉപയോക്താക്കള്‍ക്ക് സഫാരി ബ്രൗസര്‍ ഉപയോഗിച്ച് യുട്യൂബ് ആക്‌സസ് ചെയ്യാനാകുമെന്നും മാത്രമല്ല ആപ് സ്റ്റോറിലേക്ക് ഒരു പുതിയ യുട്യൂബ്  ആപ്ലിക്കേഷനായി ഗൂഗിള്‍ പ്രവര്‍ത്തിക്കുകയാണെന്നും ആപ്പിള്‍ അറിയിച്ചിട്ടുണ്ട്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot