ഗാലക്‌സി നെക്‌സസ് ഇന്ത്യയിലേക്കില്ലെന്ന് സാംസംഗ്

Posted By: Staff

ഗാലക്‌സി നെക്‌സസ് ഇന്ത്യയിലേക്കില്ലെന്ന് സാംസംഗ്

ഗാലക്‌സി നെക്‌സസിന്റെ കാര്യത്തില്‍ സാംസംഗ് വീണ്ടും വീണ്ടും വാക്കുമാറ്റുന്നു. ഗാലക്‌സി നെക്‌സസ് ജനുവരിയിലും പിന്നീട് മാര്‍ച്ചിലും എത്തുമെന്ന്  അറിയിച്ച സാംസംഗിന്റെ ഏറ്റവും പുതിയ ട്വീറ്റ് ഇന്ത്യയിലേക്ക് ഗാലക്‌സി നെക്‌സസിനെ പ്രതീക്ഷിക്കേണ്ടെന്നാണ്. ഒരു ട്വിറ്റര്‍ അക്കൗണ്ട് ഉടമയുടെ സംശയത്തിനാണ് സാംസംഗ് ഇന്ത്യ ഇങ്ങനെ ട്വീറ്റ് ചെയ്തത്. ഇതാദ്യമായാണ് ഗാലക്‌സി നെക്‌സസ് ഇന്ത്യയിലെത്തില്ലെന്ന് കമ്പനി അറിയിക്കുന്നത്.

ഗൂഗിളും സാംസംഗും ചേര്‍ന്ന് അവതരിപ്പിച്ച സ്മാര്‍ട്‌ഫോണാണ് ഗാലക്‌സി നെക്‌സസ്. ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിനായുള്ള ഒരു റഫന്‍സ് ഹാന്‍ഡ്‌സെറ്റ് എന്ന നിലയിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചത്.

2011 ഒക്ടോബര്‍ 19ന്  ഹോങ്കോംഗില്‍ ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഒഎസ് അവതരിപ്പിക്കുന്ന ചടങ്ങില്‍ വെച്ചാണ് ഗാലക്‌സി നെക്‌സസിനെ ഇരുകമ്പനികളും ചേര്‍ന്ന്  പരിചയപ്പെടുത്തിയത്. ഇത് യുഎസ്, യുകെ, സിംഗപ്പൂര്‍, ജപ്പാന്‍, കൊറിയ തുടങ്ങി ഒട്ടേറെ വിപണികളില്‍ പിന്നീട് എത്തുകയും ഉണ്ടായി. എന്നാല്‍ ഇന്ത്യയിലെ അവതരണത്തിനാണ് അനിശ്ചിതത്വം നേരിട്ടത്.

ഇതാദ്യമായല്ല നെക്‌സസ് ഫോണ്‍ ഇന്ത്യയിലെത്താതെ പോകുന്നത്. ഗൂഗിളിന്റെ ആദ്യ നെക്‌സസ് ഫോണെന്ന് പേരുകേട്ട നെക്‌സസ് വണും ഇന്ത്യയ്ക്ക്  നഷ്ടമായിരുന്നു. പിന്നീട് എത്തിയ നെക്‌സസ് എസാണ് ആഗോളഅവതരണം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ഇവിടെ എത്തിയത്.

ഗാലക്‌സി നെക്‌സസിന് പകരം പുതിയൊരു ഉത്പന്നം ഇന്ത്യയിലെത്തുമെന്നാണ് സാംസംഗ് ട്വീറ്റില്‍ സൂചിപ്പിക്കുന്നത്. ഒരു പക്ഷെ ഗാലക്‌സി എസ്3യുടെ അവതരണമാകും കമ്പനി ഉദ്ദേശിക്കുന്നത്. എന്തായാലും ഇത് വരെ ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കി ഒടുവില്‍ എത്തില്ലെന്ന് വെളിപ്പെടുത്തിയ സാംസംഗ്  നിലപാടില്‍ നിരാശരായിരിക്കുകയാണ് ഉപയോക്താക്കള്‍. പലരും പ്രതിഷേധം ട്വിറ്ററിലൂടെ അറിയിക്കുന്നുമുണ്ട്.

ഗാലക്‌സി എസ്3യുടെ അവതരണം ഗാലക്‌സി നെക്‌സസിനെ തഴയാന്‍ കാരണമായി സാംസംഗിന് പറയാനാകില്ല. കാരണം ഒരേ ബ്രാന്‍ഡില്‍ പെടുന്ന ധാരാളം ഉത്പന്നങ്ങളെ ഇടതടവില്ലാതെ അവതരിപ്പിക്കുന്ന കമ്പനിയ്ക്ക് ഇത് വലിയൊരു ബാധ്യതയല്ല. മാത്രമല്ല സാംസംഗിന്റെ വലിയ വിപണിയായി എപ്പോഴും കമ്പനി തന്നെ പുകഴ്ത്തുന്ന ഇന്ത്യയോട് ഒരിക്കലും ഇങ്ങനെ പ്രതികരിക്കരുതായിരുന്നെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ഗൂഗിള്‍ സ്റ്റോര്‍ വഴി ഗാലക്‌സി നെക്‌സസ് വില്പനക്കുണ്ടെങ്കിലും ബൈ ഓപ്ഷന്‍ ക്ലിക് ചെയ്യുമ്പോള്‍ നിങ്ങളുടെ രാജ്യത്ത് ഈ സൗകര്യം ലഭ്യമല്ല എന്ന വിവരമാണ് സൈറ്റ് നല്‍കുന്നത്.

ഗാലക്‌സി നെക്‌സസ് മാര്‍ച്ചില്‍ ഇന്ത്യയിലെത്തുമെന്ന സാംസംഗിന്റെ അറിയിപ്പിനെ തുടര്‍ന്ന് പ്രസിദ്ധപ്പെടുത്തിയ ഈ ലേഖനത്തില്‍ സ്മാര്‍ട്‌ഫോണിന്റെ സവിശേഷതകളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot