സിം ദുരുപയോഗം; മൂന്ന് മാസത്തിലധികം വിദേശികള്‍ക്ക് മൊബൈല്‍ കണക്ഷന്‍ നല്‍കില്ല

Posted By: Staff

സിം ദുരുപയോഗം; മൂന്ന് മാസത്തിലധികം വിദേശികള്‍ക്ക് മൊബൈല്‍ കണക്ഷന്‍ നല്‍കില്ല

സിം കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യുന്നത് പരിശോധിക്കുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തിലധികം കാലാവധിയുള്ള കണക്ഷന്‍ വിദേശികള്‍ക്ക്  അനുവദിക്കരുതെന്ന് സര്‍ക്കാര്‍. ടെലികോം വകുപ്പ് മൊബൈല്‍ സേവനദാതാക്കള്‍ക്കായി ഇറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തുന്ന വിദേശിയ്ക്ക് മൊബൈല്‍ അനുവദിക്കുന്നതിനുള്ള തെളിവ് ആ വ്യക്തിയുടെ വിസയായിരിക്കണമെന്നും ഡോട്ട് പുറത്തിറക്കിയ നിര്‍ദ്ദേശത്തിലുണ്ട്. മാത്രമല്ല, വിസയുടെ കാലാവധിയ്ക്കപ്പുറം മൊബൈല്‍ കണക്ഷന്റെ കാലാവധി അനുവദിക്കാന്‍ പാടുള്ളതല്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു.

വിസയുടെ കാലാവധി മൂന്നുമാസത്തിലധികം ഉണ്ടെങ്കിലും മൊബൈല്‍ കണക്ഷന്‍ മൂന്ന് മാസത്തിലധികം നീണ്ടുനില്‍ക്കരുതെന്ന് ടെലികോം വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്. ആഭ്യന്തരവകുപ്പിന്റെ ശിപാര്‍ശയെ തുടര്‍ന്നാണ് ടെലികോം മന്ത്രാലയം ഇത്തരമൊരു നിര്‍ദ്ദേശം ഇറക്കിയത്.

വിദേശികള്‍ക്ക് അനുവദിക്കുന്ന മൊബൈല്‍ കണക്ഷനുകള്‍ അവര്‍ രാജ്യം വിട്ടുപോയാലും മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു നിര്‍ദ്ദേശം പുറത്തിറക്കേണ്ടി വന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മൊബൈല്‍ കണക്ഷന്‍ അനുവദിക്കുന്നതിന് വേണ്ട മേല്‍വിലാസം ടൂര്‍ ഓപറേറ്ററുടേയോ അല്ലെങ്കില്‍ വിദേശി താമസിക്കുന്ന സ്ഥലത്തിന്റേയോ ആകാം. സിം കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യും മുമ്പേ ലൈസന്‍സ് ഉടമ  കണ്‍സ്യൂമര്‍ ആപ്ലിക്കേഷന്‍ ഫോമി(സിഎഎഫ്)ല്‍ ഒപ്പുവെക്കണമെന്നതും കര്‍ശനമാക്കിയിട്ടുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot