നികുതിയിളവു ലഭിച്ചില്ല; നോക്കിയ ചെന്നൈ പ്ലാന്റ് അടച്ചു പൂട്ടാന്‍ നീക്കം

Posted By:

മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയ ഇന്ത്യയിലെ ഏക ഫോണ്‍ നിര്‍മാണകേന്ദ്രമായ ചെന്നൈ പ്ലാന്റ് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു. പ്ലാന്റ് തുടങ്ങുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നികുതിയിളവ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പുതിയ നീക്കം.

ഇതിന്റെ ഭാഗമായി ചെന്നൈയിലെ ഉത്പാദനം പകുതിയായി കുറച്ചു. വരും മാസങ്ങളില്‍ ഉത്പാദനം നാലിലൊന്നായി കുറയ്ക്കുമെന്നാണ് അറിയുന്നത്. ഇക്കാര്യം അറിയിച്ച് കമ്പനി കേന്ദ്ര ധനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.

നികുതിയിളവു ലഭിച്ചില്ല; നോക്കിയ ചെന്നൈ പ്ലാന്റ് അടച്ചു പൂട്ടാന്‍ നീക്ക

ചെന്നൈയിലെ പ്രവര്‍ത്തനങ്ങള്‍ വിയറ്റ്‌നാമില്‍ പുതിയതായി ആരംഭിച്ച പ്ലാന്റിലേക്ക് മാറ്റാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. നിലവില്‍ 150 മില്ല്യന്‍ യൂണിറ്റാണ് പ്രതിവര്‍ഷം ചെന്നൈ കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കുന്നത്. ഇത് നടപ്പു സാമ്പത്തിക വര്‍ഷം 80 മില്ല്യന്‍ യൂണിറ്റായി കുറയ്ക്കാനാണ് തീരുമാനം. അടുത്ത വര്‍ഷമാകുമ്പോഴേക്കും അത് 40 മില്ല്യന്‍ യൂണിറ്റായി കുറയും.

കമ്പനി ഉത്പാദനം കുറച്ചത് വലിയൊരു വിഭാഗം തൊഴിലാളികളേയും പ്രതികൂലമായി ബാധിക്കും. നിലവില്‍ 9000 പേരാണ് ചെന്നൈ പ്ലാന്റില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ഏകദേശം 2000 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണറിയുന്നത്.

2006-ല്‍ ആരംഭിച്ച ഉത്പാദന കേന്ദ്രത്തില്‍ ഇതുവരെയായി കമ്പനി 2082 കോടി രൂപയാണ് മുതല്‍ മുടക്കിയത്. വിവിധ ഏഷ്യന്‍ രാജ്യങ്ങളിലേക്കും ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കും ഉള്ള ഫോണുകള്‍ ചെന്നൈ പ്ലാന്റിലാണ് നിര്‍മിക്കുന്നത്.

അതേസമയം ചെന്നൈ പ്ലാന്റ് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത കമ്പനി അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot