നോക്കിയ 40 ലക്ഷം ലൂമിയ ഫോണുകള്‍ വിറ്റു; അവസാനപാദം നഷ്ടത്തില്‍

Posted By: Staff

നോക്കിയ 40 ലക്ഷം ലൂമിയ ഫോണുകള്‍ വിറ്റു; അവസാനപാദം നഷ്ടത്തില്‍

രണ്ടാം പാദത്തില്‍ നോക്കിയ വിറ്റത് 40 ലക്ഷം ലൂമിയ ഫോണുകള്‍. ഈ കണക്കിന്റെ മോശം അവസ്ഥ ഏറ്റവും അധികം മനസ്സിലാകുക മറ്റൊരു കണക്കുകൂടി വ്യക്തമാക്കുമ്പോഴാകും. ഇതേ പാദത്തില്‍ ആപ്പിള്‍ 3.51 കോടി ഐഫോണുകളും സാംസംഗ് 5 കോടി ഗാലക്‌സി യൂണിറ്റുകളും വിറ്റെന്നാണ് അനുമാനിക്കുന്നത്. ഏറെ പ്രതീക്ഷ നല്‍കിയ ലൂമിയയ്ക്കും നോക്കിയയുടെ നഷ്ടം കുറക്കാനായില്ല എന്നാണ് രണ്ടാം പാദകണക്കുകള്‍ സൂചിപ്പിക്കുന്നത്. ലൂമിയയെ വെറും നോക്കിയ ഫോണായി കാണാതെ വിന്‍ഡോസ് അധിഷ്ഠിത ഫോണായി കൂടി കാണുമ്പോള്‍ വിന്‍ഡോസ് ഫോണുകളുടെ വളര്‍ച്ചയെയാണ് 40 ലക്ഷം സൂചിപ്പിക്കുന്നതെന്ന നല്ല വശം കൂടിയുണ്ട്.

ആദ്യപാദത്തില്‍ വിറ്റതിനേക്കാള്‍ ഇരട്ടിയാണ് ഇത്തവണ നോക്കിയ ലൂമിയ വിറ്റിട്ടുള്ളത്. എങ്കിലും ആപ്പിളിന്റേയും മറ്റ് പ്രമുഖ മൊബൈല്‍ കമ്പനികളുടേയും അടുത്തെത്താന്‍ ഇനിയുമേറെ നീങ്ങണം. വിന്‍ഡോസ് 8 കൂടി എത്തുന്നതോടെ ലൂമിയയെ കൂടുതല്‍ വളര്‍ച്ചയിലേക്ക് എത്തിക്കാനാകും എന്നത് മാത്രമാണ് ഇപ്പോള്‍ നോക്കിയയുടെ പ്രതീക്ഷ. എന്നാല്‍ കമ്പനിയുടെ സ്മാര്‍ട്‌ഫോണ്‍ ബിസിനസിന്റെ പിറകോട്ട് പോക്ക് തടയാന്‍ ഇപ്പോഴും ലൂമിയ ഫോണുകളുടെ ഇരട്ടി വര്‍ധനക്ക് സാധിച്ചിട്ടില്ലെന്ന അഭിപ്രായമാണ് വിപണി നിരീക്ഷകര്‍ക്ക്.

ഒരു വര്‍ഷത്തിനകം 39 ശതമാനമാണ് സ്മാര്‍ട്‌ഫോണ്‍ ബിസിനസ് താഴ്ന്നത്. സിമ്പിയാനില്‍ നിന്ന് വിന്‍ഡോസ് പ്ലാറ്റ്‌ഫോമിലേക്ക് നോക്കിയ മാറിയ സാഹചര്യത്തിലായിരുന്നു ഇത് ഏറെയും പ്രകടമായത്. അത് വരുമാനത്തില്‍ 19 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തുകയുമുണ്ടായി.

രണ്ടാം പാദം 1.53 ബില്ല്യണ്‍ യൂറോയുടെ നഷ്ടമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ നിലവിലെ വളര്‍ച്ചയില്‍ വലിയൊരു പങ്ക് മൈക്രോസോഫ്റ്റിനെ ആശ്രയിച്ചാണുള്ളത്. നോക്കിയ-വിന്‍ഡോസ് കൂട്ടുകെട്ട് ഒഴിവാക്കേണ്ട സാഹചര്യം വരുമ്പോഴാണ് കമ്പനി ഏറ്റവും അധികം ബുദ്ധിമുട്ടുകയെന്നും വിപണി മുന്നറിയിപ്പ് നല്‍കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot