ഇനി ഫ്രാൻസിലും ഇന്ത്യൻ രൂപ സ്വീകരിക്കും; യുപിഐ വഴി പണമിടപാട് നടത്താം, കൂടുതൽ വിവിരങ്ങൾ ഇതാ
ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇനി ഫ്രാൻസിൽ ഇന്ത്യൻ രൂപകൊണ്ടും പണമിടപാട് നടത്താം. യുപിഐ വഴിയാണ് പണമിടപാട് നടത്താൻ സാധിക്കുക. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാരീസിൽ ഇന്ത്യൻ സമൂഹത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ഇതിനായുള്ള നടപടികൾ ആരംഭിച്ചു എന്നും പ്രധാനമന്ത്രി അറിയിച്ചു.
'ഈ പദ്ധതിയുടെ തുടക്കം വരും ദിവസങ്ങളിൽ നടപ്പിലാകും. ഈഫൽ ടവറിൽ നിന്നായിരിക്കും ആദ്യ പേയ്മെന്റ് നടത്തുക. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇനി ഈഫൽ ടവറിൽ യുപിഐ വഴി രൂപയിൽ പണമടയ്ക്കാൻ കഴിയും' എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചതായും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

വിഷയവുമായി ബന്ധപ്പെട്ട് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഫ്രാൻസിന്റെ ഓൺലൈൻ പേയ്മെന്റ് സംവിധാനത്തിന്റെ സംഘടനയായ ലൈറയും തമ്മിൽ കഴിഞ്ഞ വർഷം ഒരു ധാരണാപത്രം ഒപ്പുവെച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് ഇതിൽ കൂടുതൽ നടപടികൾ ഉണ്ടാകുന്നത്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഈ സഹകരണം യൂറോപ്പിൽ ഇന്ത്യൻ സമൂഹത്തിന് കൂടുതൽ സ്വികാര്യത ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയും ഫ്രാൻസും തമ്മിൽ ഒരുപാട് കാര്യങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാവനമന്ത്രി പറഞ്ഞു. വളരെക്കാലമായി ഇരു രാജ്യങ്ങളും പുരാവസ്തു ദൗത്യങ്ങളിൽ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന മറ്റൊരു മേഖലയാണ് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ. 21-ാം നൂറ്റാണ്ടിലെ നിരവധി വെല്ലുവിളികൾ ഇരുരാജ്യങ്ങളും ഒരുമിച്ചാണ് നേരിടുന്നത് ആയതിനാൽ നമ്മൾ തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കണമെന്നും മോദി കൂട്ടിച്ചേർത്തു.

നേരത്തെ ഈ വർഷം ആദ്യം സിംഗപ്പൂരിലെ പേയ് നൗ ആയും ഇന്ത്യ കരാറിൽ ഏർപ്പെട്ടിരുന്നു. നിലവിൽ സിംഗപ്പൂരുമായി ഇന്ത്യക്ക് നല്ല ബന്ധമാണ് ഉള്ളത്. ഇന്ത്യക്കാർക്ക് യുപിഐ വഴി പണമിടപാട് നടത്താൻ സാധിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് സിംഗപ്പൂർ. ഈ സൗകര്യം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇതിനായി യുഎസ്എ, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ പല രാജ്യങ്ങളുമായി ഇന്ത്യ ചർച്ച നടത്തുന്നുണ്ട്.
നിലവിൽ യുഎഇ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ഇന്ത്യയുടെ യിപിഐ സേവനം ലഭ്യമാണ്. അതേ സമയം 2023 സാമ്പത്തിക വർഷത്തെ യുപിഐ ഇടപാടുകൾ 139.2 ട്രില്യൺ രൂപയായിരുന്നു എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകൾ പറയുന്നു. 2026-27 സാമ്പത്തിക വർഷം എത്തുമ്പോഴേക്കും പ്രതിദിന യുപിഐ ഇടപാടുകൾ ഒരു ബില്യണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്ന് 90 ശതമാനം പണമിടപാടുകളും യുപിഐ വഴിയായിരിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ പ്രധാന മന്ത്രിയുടെ ഔദ്യോഗിക ഫാൻസ് സന്ദർശനം ആരംഭിച്ചത്. ഫ്രാൻസിന്റെ പരമോന്നത ബഹുമതി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലിജിയന്‍ ഓഫ് ഓണർ എന്ന ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന ഫ്രാന്‍സിന്റെ ദേശീയദിനാഘോഷത്തില്‍ മോദിയാണ് മുഖ്യാതിഥി. ഇന്ത്യയുടെ 269 അംഗ സൈനികയൂണിറ്റും ഫ്രാൻസിന്റെ ദേശീയദിനപരേഡില്‍ പങ്കെടുക്കും.
ഫ്രാൻസിലെ വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിക്ക് മികച്ച സ്വീകരണം ആണ് ലഭിച്ചത്. പ്രത്യേക ആംഗ്യം കാണിച്ചാണ് ഫ്രാൻസ് പ്രധാനമന്ത്രി ബോൺ മോദിയെ സ്വീകരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പ്രധാന്യം ഈ ആംഗ്യത്തിലുടെ വ്യക്തമാണ്. തുടർന്ന് മോദിക്ക് ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി.


Click it and Unblock the Notifications








