ലാപ്‌ടോപ് പ്രവര്‍ത്തിപ്പിക്കാന്‍ ജീന്‍സ് കീബോര്‍ഡ്

Posted By: Staff

ലാപ്‌ടോപ് പ്രവര്‍ത്തിപ്പിക്കാന്‍ ജീന്‍സ് കീബോര്‍ഡ്

 

ഓരോ ദിവസവും നൂതന ആശയങ്ങളെ അവതരിപ്പിക്കുകയാണ് ടെക് ലോകം. മൊബിലിറ്റിയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഇവയില്‍ പലതും എത്തുന്നത്. ടെക് തത്പരരെ ആകര്‍ഷിക്കുന്ന ഒരു പുതിയ ഉത്പന്നം കൂടി ഈ നിരയിലേക്ക് എത്തിയിരിക്കുകയാണ്. ജീന്‍സ് കീബോര്‍ഡ്.

വസ്ത്രങ്ങളില്‍ ടെക്‌നോളജിയെ സംയോജിപ്പിച്ചുള്ള കണ്ടെത്തലുകള്‍ക്ക് സ്വീകാര്യത ഏറിവരികയാണ്. കീബോര്‍ഡിനേയും മൗസിനേയും സ്പീക്കറിനേയും സംയോജിപ്പിച്ചുള്ള ഈ ഉത്പന്നവും ഫാഷന്‍ പ്രേമികളായ ടെക് തത്പരരെ ആകര്‍ഷിക്കുമെന്ന വിശ്വാസത്തിലാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ന്യൂ ഹെറന്‍ എന്ന ഡച്ച് കമ്പനി.

ജീന്‍സില്‍ ഘടിപ്പിച്ച രീതിയിലാണ് ഈ കീബോര്‍ഡ് കാണാനാകുക. കീബോര്‍ഡ് മാത്രമല്ല, സ്പീക്കര്‍, മൗസ് എന്നീ സൗകര്യങ്ങളേയും കമ്പനി ജീന്‍സില്‍ സംയോജിപ്പിച്ചിട്ടുണ്ട്. ബ്യൂട്ടി & ദ ഗീക്ക് എന്നറിയപ്പെടുന്ന ഇതിലൂടെ ദൂരെയിരുന്ന് പോലും ലാപ്‌ടോപ് പ്രവര്‍ത്തിപ്പിക്കാം.

 

ലാപ്‌ടോപ് പ്രവര്‍ത്തിപ്പിക്കാന്‍ ജീന്‍സ് കീബോര്‍ഡ്

 

ലാപ്‌ടോപ് ഓണ്‍ചെയ്ത് നിങ്ങള്‍ ധരിച്ചിരിക്കുന്ന ജീന്‍സ് കീബോര്‍ഡിന്റെ പ്രതലത്തില്‍ വിരലുകള്‍ അമര്‍ത്തിയാല്‍ മതിയാകും. വിവിധ ആക്‌സസറികള്‍  സഹിതം വരുന്നതിനാല്‍ ഈ ജീന്‍സിന് അമിതഭാരമുണ്ടാകുമെന്നൊന്നും കരുതേണ്ട. കാരണം ഭാരം അനുഭവപ്പെടാത്ത രീതിയിലാണ് കമ്പനി ഇത് ഡിസൈന്‍ ചെയ്തിട്ടുള്ളത്.

ജീന്‍സിന് പിറകിലെ പോക്കറ്റിലാണ് മൗസ്. ഒരു ഇലാസ്റ്റിക് വയര്‍ വഴിയാണ് ഇതിനെ ജീന്‍സുമായി ബന്ധിച്ചത്. വയര്‍ലസ് ടെക്‌നോളജിയിലധിഷ്ഠിതമായതിനാല്‍ ലാപ്‌ടോപുമായി ബന്ധപ്പെട്ടിരിക്കാന്‍ പ്രത്യേക കണക്ഷനും ആവശ്യമില്ല. ഇതിന്റെ ലഭ്യതയെക്കുറിച്ച് വ്യക്തമല്ലെങ്കിലും ഏകദേശം 19,250 രൂപ മതിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot