രക്ഷയുടെ 'കവച്' എവിടെ? ഒഡീഷ ട്രെയിൻ അപകടത്തിന് പിന്നിലെന്ത് | Odisha Train Accident
ഒഡീഷയിലെ ട്രെയിൻ ദുരന്തം രാജ്യത്തെ മുഴുവൻ കണ്ണീരിലാഴ്ത്തുകയാണ്. ഓരോ നിമിഷം കഴിയുന്തോറും മരണസംഖ്യയും അപകടത്തിന്റെ ഭീകരതയും കൂടി വരുന്നു. ട്രെയിൻ ദുരന്തങ്ങളുടെ ചരിത്രത്തിലെ വലിയൊരു ഏടായി ഒഡീഷയിലെ അപകടം മാറുമ്പോൾ ഉയരുന്ന ചോദ്യം കൊട്ടിഘോഷിച്ച് അവതരിപ്പിക്കപ്പെട്ട ട്രെയിൻ സുരക്ഷ സംവിധാനങ്ങളും അതിനായി ചിലവഴിച്ച കോടാനുകോടികളും എവിടെപ്പോയെന്നതാണ്.
അപകടത്തിൽപ്പെട്ട ട്രെയിനുകളുടെ ബോഗികൾ വായുവിൽ ഉയർന്ന് പൊങ്ങി നിലം പതിച്ചെന്ന് തുടങ്ങിയ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അപകടങ്ങൾക്കുള്ള കാരണമായി മോശം ട്രാക്കുകളും സിഗ്നലിങ് പോരായ്മകളും ഒക്കെ പറയുന്നുണ്ടെങ്കിലും ഒന്നിനുമൊരു വ്യക്തതയില്ലെന്നതാണ് യാഥാർഥ്യം. പതിവ് പോലെ അന്വേഷണവും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിൻ അപകടങ്ങൾ ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേ ഏർപ്പെടുത്തിയ കവച് ട്രെയിൻ സുരക്ഷ സംവിധാനത്തെക്കുറിച്ചും ഇതിനിടയിൽ ചർച്ചകൾ ഉയരുന്നു (Odisha Train Accident).

2022 മാർച്ച് 23 നാണ് കവച് (Kavach) എന്ന പേരിൽ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (എടിപി) സംവിധാനം ഇന്ത്യൻ റെയിൽവേ (Indian Railway) അവതരിച്ചത്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ കവചിന് ട്രെയിൻ അപകടങ്ങൾ തടയാനും മുന്നറിയിപ്പ് നൽകാനും കഴിയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എടിപി സംവിധാനം എന്ന നിലയിലാണ് കവചിനെ കാണുന്നത്. എന്നാൽ അപകടമുണ്ടായ റൂട്ടിൽ കവച് ലഭ്യമായിരുന്നില്ലെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. അതായത് പ്രഖ്യാപിച്ച് ഒരു വർഷം കഴിഞ്ഞിട്ടും സാങ്കേതികവിദ്യ എല്ലായിടത്തുമെത്തിക്കാനായില്ലെന്ന് സാരം.
ട്രെയിനുകളിൽ ഘടിപ്പിച്ചിട്ടുള്ള വിവിധ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കവച് പ്രവർത്തിക്കുന്നത്. റേഡിയോ സാങ്കേതികവിദ്യയും ജിപിഎസും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. അപായ സൂചനകൾക്കനുസരിച്ച് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് കവച് ചെയ്യുന്നത്. ട്രെയിൻ ഡെയ്ഞ്ചർ സിഗ്നലുകൾ മറികടന്നും മുന്നോട്ട് പോകുക, ഒരേ പാതയിൽ രണ്ട് ട്രെയിനുകൾ മുഖാമുഖം വരിക, ലോക്കോപൈലറ്റിന് കാഴ്ച മറയുന്ന തരത്തിലുള്ള മോശം കാലാവസ്ഥ എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കവച് സഹായത്തിനെത്തും.
അമിതവേഗം, ട്രാക്കിലെ പ്രശ്നങ്ങൾ എന്നിവ തിരിച്ചറിയാനും എതിരെ വരുന്ന ട്രെയിനുകളെക്കുറിച്ച് ലോക്കോപൈലറ്റിന് മുന്നറിയിപ്പ് നൽകാനും കവചിന് സാധിക്കും. കൃത്യസമയത്ത് ലോക്കോപൈലറ്റ് ബ്രേക്ക് ഉപയോഗിച്ചില്ലെങ്കിൽ കവച് സ്വയം ബ്രേക്ക് അപ്ലൈ ചെയ്യുകയും വേഗം നിയന്ത്രിക്കുകയും ചെയ്യും. പെട്ടെന്ന് ബ്രേക്ക് ചെയ്യാനുള്ള ഓട്ടോമാറ്റിക് ബ്രേക്ക് ആപ്ലിക്കേഷൻ, മൂടൽ മഞ്ഞ് പോലെയുള്ള സഹചര്യങ്ങളിൽ മെച്ചപ്പെട്ട വിസിബിളിറ്റി നൽകുന്ന ക്യാബിൻ ലൈൻ സൈഡ് സിഗ്നൽ ഡിസ്പ്ലെയും കവച് ഫീച്ചർ ചെയ്യുന്നുണ്ട്.
മൂവ്മെന്റ് അതോറിറ്റിയുടെ അതിവേഗത്തിലുളള അപ്ഡേറ്റുകൾ, ലോക്കോപൈലറ്റുകൾക്കിടയിൽ ആശയവിനിമയത്തിനുള്ള സംവിധാനം, ലെവൽ ക്രോസുകളിൽ ഓട്ടോമാറ്റിക് വിസിലിങ്, അപകട സാഹചര്യങ്ങളിൽ എസ്ഒഎസ് സൌകര്യം എന്നിവയും കവച് സംവിധാനത്തിന്റെ പ്രധാനപ്പെട്ട ഫീച്ചറുകളാണ്. രാജ്യത്താകെയുള്ള ട്രെയിൻ റൂട്ടുകളിൽ കവച് സംവിധാനം സ്ഥാപിക്കാനുള്ള നപടികൾ തുടരുകയാണെന്നാണ് റെയിൽവേ മന്ത്രാലയം അറിയിക്കുന്നത്. അപകടത്തിന് കാരണം കവചിന്റെ പരാജയമാണോയെന്നൊരു ചോദ്യമാണ് ഇനി ബാക്കി നിൽക്കുന്നത്.
അപകടവും കവചും : അപകടകാരണമെന്തെന്നതിൽ കൃത്യമായൊരു ഉത്തരം നൽകാൻ സമയമായിട്ടില്ലെന്നതാണ് യാഥാർഥ്യം. ട്രെയിനുകൾ ഒരേ പാളത്തിൽ വരുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നതാണ് പ്രാഥമികമായി റെയിൽവേയുടെ നിഗമനം. ഹൌറ എക്സ്പ്രസ് പാളം തെറ്റിയ ശേഷം അടുത്ത ട്രാക്കിലേക്ക് മറിഞ്ഞ് അപകടമുണ്ടായെന്നാണ് അധികൃതർ കരുതുന്നതും. എല്ലാ ട്രെയിനുകളും പാളം തെറ്റിയ സാഹചര്യത്തിൽ കവച് സാങ്കേതികവിദ്യ പ്രവർത്തിക്കില്ലെന്നാണ് വിദഗ്ധർ നൽകുന്ന വിശദീകരണം.
രണ്ട് ട്രെയിനുകൾ നേർക്ക് നേർ വരുന്നതും കൂട്ടിമുട്ടുന്നതും സിഗ്നൽ തെറ്റിക്കുന്നതുമൊക്കെ ഒഴിവാക്കാനാണ് കവച് വികസിപ്പിച്ചത്. മാത്രമല്ല ഈ റൂട്ടിൽ കവച് സംവിധാനം സജ്ജമായിട്ടില്ലെന്നും ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനാൽ തന്നെ ഒഡീഷ അപകടത്തിൽ കവചിന് ഏതെങ്കിലും തരത്തിൽ ബന്ധമില്ലെന്ന് പറയാം. എന്നാൽ ഇതെല്ലാം പ്രാഥമിക നിഗമനങ്ങൾ മാത്രമാണ്. അപകടത്തിന് പിന്നിലുള്ള യഥാർഥ കാരണം അറിയണമെങ്കിൽ വിശദമായ പരിശോധനകൾ വേണ്ടി വരും.


Click it and Unblock the Notifications








