നടുക്കുനിന്ന് കൊള്ളയടിക്കില്ല! വിലക്കുറവിൽ ഭക്ഷണം വീട്ടിലെത്തിച്ച് സർക്കാരിന്റെ ഒഎൻഡിസി താരമാകുന്നു
ഓഡർ ചെയ്താൽ ഭക്ഷണം വീട്ടിലെത്തുന്ന സംസ്കാരത്തിലേക്ക് നാം എത്തിപ്പെട്ടിട്ട് അധികകാലമായിട്ടില്ല. ഓൺലൈൻ സംവിധാനങ്ങൾ ശക്തിപ്പെട്ടതോടെ രൂപപ്പെട്ട ഓൺലൈൻ ഭക്ഷണവിതരണ രീതി ഇന്ന് ഏറെ മെച്ചപ്പെടുകയും നിരവധി ആളുകൾ അവ ഉപയോഗിക്കുകയും ചെയ്യുന്നു. നിലവിൽ സൊമാറ്റോയും സ്വിഗ്ഗിയും പോലുള്ള പ്ലാറ്റ്ഫോമുകളാണ് ഓൺലൈൻ ഭക്ഷണവിതരണ മേഖലയെ ഭരിക്കുന്നത്.
സ്വാധീനം വർധിക്കുന്നതിന് അനുസരിച്ച് കൂടുതൽ ലാഭം നേടാൻ എല്ലാ ബിസിനസ് സ്ഥാപനങ്ങളും ശ്രമിക്കാറുണ്ട്. എതിരാളികൾ കുറയുമ്പോൾ മത്സരം കുറവായതിനാൽ തോന്നുംപടി കാര്യങ്ങൾ നിശ്ചയിക്കാൻ കമ്പനികൾക്ക് അവസരം കിട്ടുന്നു. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് വലിയ തിരിച്ചടിയാണ്. കാരണം കുത്തകകൾ വളർന്നാൽ നഷ്ടം ഉപയോക്താക്കൾക്കാണ്.

ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ കാര്യമെടുത്താൽ സൊമാറ്റോയും സ്വിഗ്ഗിയുമാണ് ഏവർക്കും പരിചിതമായ ഓൺലൈൻ ഭക്ഷണ വിതരണ സംവിധാനങ്ങൾ. തുടക്കത്തിൽ ആകർഷക ഓഫറുകളുമായി ജനങ്ങൾക്കിടയിൽ സ്വാധീനം നേടിയെടുക്കുകയും അവരെ പുതിയ ഭക്ഷണ സംസ്കാരത്തിലേക്ക് എത്തിക്കുകയും ചെയ്ത ഈ സ്ഥാപനങ്ങൾ ഇന്ന് ഭക്ഷണത്തിനായി പലവിധ ചാർജുകൾ ഈടാക്കി മുന്നോട്ട് പോകുകയാണ്.
ഹോട്ടലുകളിൽനിന്ന് ചുരുങ്ങിയ സമയംകൊണ്ട് ഭക്ഷണം വീട്ടുപടിക്കൽ എത്തുന്നത് ഉപയോക്താക്കളെ സംബന്ധിച്ച് ലാഭമാണ്. എന്നാൽ അതിന്റെ പേരിൽ പോക്കറ്റിൽനിന്ന് അധികമായി ചോർത്തുന്ന തുക വലുതായിക്കൊണ്ടിരിക്കുകയാണ്. 'മിഡിൽമാൻ കട്ട്' എന്ന പേരിൽ നടക്കുന്ന ഈ കൊള്ളയ്ക്ക് എതിരേ വിമർശനങ്ങൾ ശക്തമായി ഉയരുന്നുണ്ട്. ഈ ഘട്ടത്തിലാണ് ഒഎൻഡിസി എന്ന പ്ലാറ്റ്ഫോം ആളുകളുടെ ശ്രദ്ധയാകർഷിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.

ബിസിനസ് സ്ഥാപനങ്ങൾക്കും ഉപയോക്താക്കൾക്കും ഇടയിലുള്ള ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് കൊള്ള നിരക്കുകളിൽനിന്ന് ആളുകളെ സഹായിക്കുന്ന പ്ലാറ്റ്ഫോം ആണ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് ( ഒഎൻഡിസി ). ഇത് ഒരു ആപ്പോ സേവനമോ അല്ല, മറിച്ച് സർക്കാർ രൂപകല്പന ചെയ്ത് വികസിപ്പിച്ച ഒരു പ്ലാറ്റ്ഫോമാണ്.
ഉപഭോക്താക്കളുമായി ബിസിനസ്സുകളെ ബന്ധിപ്പിക്കുന്നതിന് ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം സഹായിക്കുന്നു. ഉപയോക്താവിനും സ്ഥാപനങ്ങൾക്കും ഇടയിൽ ഇടനിലക്കാരനായി നിന്ന് കൊള്ളലാഭം സ്വന്തമാക്കുന്നവരെ ഒഴിവാക്കാൻ ഈ പ്ലാറ്റ്ഫോം ഏറെ ഫലപ്രദമാണ്. പേടിഎം, മീഷോ, മാജിക്പിൻ, മൈസ്റ്റോർ, ക്രാഫ്റ്റ്സ് വില്ല, സ്പൈസ് മണി എന്നിങ്ങനെ നിരവധി സ്ഥാപനങ്ങൾ ഈ ഡിജിറ്റൽ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
ഇത്തരത്തിൽ ഒഎൻഡിസി പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ബിസിനസ് സ്ഥാപനത്തിന്റെ സേവനങ്ങൾ ഇടനില കമ്മിഷൻ 'കൊള്ള' ഇല്ലാതെ നേരിട്ട് ഓഡർ ചെയ്യാൻ സർക്കാർ മേൽനോട്ടത്തിലുള്ള ഒഎൻഡിസി പ്ലാറ്റ്ഫോം അവസരം ഒരുക്കുന്നു. അതായത് കച്ചവടക്കാർക്കും ഉപയോക്താക്കൾക്കും ഇടയിലുള്ള ഒരു പാലമായി ഒഎൻഡിസി പ്രവർത്തിക്കുന്നു. ഇതിനായി ചെറിയ കമ്മിഷൻ മാത്രമാണ് ഈടാക്കപ്പെടുന്നത്.
2022 സെപ്തംബർ മുതൽ ഒഎൻഡിസി പ്ലാറ്റ്ഫോം വിവിധ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ അടുത്തിടെ ഇതിന്റെ ജനപ്രീതി വൻതോതിൽ കുതിച്ചുയരുകയായിരുന്നു. പ്രമുഖ ഭക്ഷണവിതരണ സംവിധാനങ്ങളുടെ ചാർജ്ജ് നിരക്കുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഒഎൻഡിസിയിൽ ലഭിക്കുന്ന വിലക്കുറവ് ചൂണ്ടിക്കാട്ടി ഉപയോക്താക്കൾ രംഗത്തെത്താൻ തുടങ്ങിയതോടെയാണ് ഈ പ്ലാറ്റ്ഫോം ജനശ്രദ്ധയിലേക്ക് എത്തിപ്പെട്ടത്.
ഓഡർ ചെയ്താലും എത്താൻ മണിക്കൂറുകൾ എടുക്കുന്നതിനാൽ നിലവിലുള്ള പ്രമുഖ ഓൺലൈൻ ഭക്ഷണവിതരണ ആപ്പുകളുടെ ഓഡർ ആളുകൾ ക്യാൻസൽ ചെയ്യുന്നത് വർധിക്കുന്നുണ്ട്. കൂടാതെ സർവീസ് ചാർജ്, ഓർഡർ ചാർജ്, മഴ, കിലോമീറ്റർ, പ്രൈം ടൈം തുടങ്ങി വിവിധ പേരുകളിൽ പണം അന്യായമായി ചോരുന്നുമുണ്ട്. ഈ ഘട്ടത്തിലാണ് ബദൽ മാർഗം എന്ന നിലയിൽ ഒഎൻഡിസി പ്ലാറ്റ്ഫോം ശ്രദ്ധയാകർഷിക്കുന്നത്.

ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനങ്ങളുടെ ലാഭക്കൊതിക്ക് കടിഞ്ഞാണിടാൻ ഒഎൻഡിസിക്ക് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ നിലവിൽ ഈ പ്ലാറ്റ്ഫോം സേവനം ചില സ്ഥലങ്ങളിൽ മാത്രമാണ് ലഭ്യമാകുന്നത്. കൂടുതൽ സ്ഥാപനങ്ങൾ ഈ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുകയും ആളുകൾ കൂടുതലായി ഈ പ്ലാറ്റ്ഫോമുകളിലേക്ക് എത്തുകയും ചെയ്താൽ മാത്രമേ ഈ പ്ലാറ്റ്ഫോമിന്റെ സേവനങ്ങൾ കൂടുതൽ പേരിലേക്ക് എത്തുകയുള്ളൂ.
സർക്കാർ മേൽനോട്ടം വഹിക്കുന്ന ഈ പ്ലാറ്റ്ഫോമിലൂടെ ഭക്ഷണത്തിന് പുറമേ, പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, അവശ്യവസ്തുക്കൾ എന്നിവയുടെ വിതരണവും സാധ്യമാണ്. പേടിഎം ആപ്പ് വഴി ആളുകൾക്ക് ഒഎൻഡിസി പ്ലാറ്റ്ഫോം ഉപയോഗിക്കാം. ആപ്പിലെ സെർച്ച ബാറിൽ 'ONDC' എന്ന് ടൈപ്പ് ചെയ്ത്, ഒഎൻഡിസി ഫുഡ് സർവീസ് തിരഞ്ഞെടുക്കുക. തുടർന്ന് ലഭ്യമാകുന്ന ലിസ്റ്റിലെ റെസ്റ്റോറന്റുകളിൽനിന്ന് ഭക്ഷണം ഓർഡർ ചെയ്യാം.
എന്നാൽ തുടക്ക ഘട്ടമായതിനാൽ അതിന്റേതായ ചില പോരായ്മകളും ഈ പ്ലാറ്റ്ഫോമിനുണ്ട്. ഒഎൻഡിസിക്ക് സ്വന്തം ഡെലിവറി എക്സിക്യൂട്ടീവുകൾ ഉണ്ടാകില്ല. ഒരു ഉൽപ്പന്നം ഓർഡർ ചെയ്യുമ്പോൾ, റസ്റ്റോറന്റിന് സ്വന്തം റണ്ണറെ അയയ്‌ക്കേണ്ടതുണ്ട്, അതിന് ചില വെല്ലുവിളികളുണ്ട്. ഒരു റെസ്റ്റോറന്റിന് ഒരേസമയം കുറച്ച് ഓർഡറുകൾ ലഭിച്ചാൽ, അവയെല്ലാം സെർവ് ചെയ്യാൻ അതിന് കഴിഞ്ഞേക്കില്ല.


Click it and Unblock the Notifications








