പറപറക്കും വേഗത! ഭൂഗർഭ കാർ പാർക്കിങ്ങിൽ പോലും കിടിലൻ ക്ലാരിറ്റി; ജിയോ 5.5G നെറ്റ്‌വർക്ക് കരുത്തുമായി വൺപ്ലസ്
കഴിഞ്ഞ ദിവസം വൺപ്ലസ് തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണായി വൺപ്ലസ് 13, അതിന്റെ താങ്ങാനാകുന്ന ബദൽ ഓപ്ഷൻ എന്ന നിലയിൽ വൺപ്ലസ് 13R എന്നിവ ഇന്ത്യയിലും ആഗോളതലത്തിലും ലോഞ്ച് ചെയ്യുകയുണ്ടായി. ഇന്ത്യയിലെ ടെലിക്കോം രംഗത്തും സ്മാർട്ട്ഫോൺ ഉപയോഗത്തിന്റെ മികവിലും പുത്തൻ ചരിത്രം രചിച്ചുകൊണ്ടുകൂടിയാണ് വൺപ്ലസ് 13 സീരീസ് എത്തിയിരിക്കുന്നത്. കാരണം, "ഇന്ത്യൻ വിപണിയിലെ ആദ്യത്തെ 5.5G ഡിവൈസുകൾ" ആണ് ഇവ എന്ന് കമ്പനി ലോഞ്ച് ഇവന്റിനിടെ അറിയിച്ചു. ജിയോയുടെ 5.5G നെറ്റ്‌വർക്ക് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ആദ്യ സ്മാർട്ട്ഫോണുകളാണ് ഇവ.
എന്താണ് 5.5G നെറ്റ്വർക്ക്: 5ജി ടെക്നോളജിയുടെ കുറച്ചുകൂടി വികസിത രൂപമാണ് 5.5G നെറ്റ്വർക്ക് എന്നാണ് പറയപ്പെടുന്നത്. 5G-അഡ്വാൻസ്ഡ് എന്നും 5.5G നെറ്റ്വർക്ക് അറിയപ്പെടുന്നു. ഇത് സാധാരണ 5G നെറ്റ്‌വർക്കിനേക്കാൾ വേഗത, കുറഞ്ഞ ലേറ്റൻസി, മികച്ച കണക്ടിവിറ്റി, ഇൻ്റഗ്രേറ്റഡ് ഇൻ്റലിജൻസ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യൻ ഉപയോക്താക്കൾക്ക് 5ജി വേഗത എന്താണ് എന്ന് യഥാർഥത്തിൽ മനസിലാക്കി നൽകാൻ 5.5ജി നെറ്റ്വർക്കിന് സാധിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. 3GPP റിലീസ് 18 സ്റ്റാൻഡേർഡിന് കീഴിൽ വികസിപ്പിച്ചെടുത്ത 5G യുടെ ഒരു നൂതന ആവർത്തനമാണ് 5.5G. മൾട്ടി-കാരിയർ അഗ്രഗേഷൻ ഉപയോഗിച്ച്, 5.5G നെറ്റ്‌വർക്കുകൾക്ക് 10 Gbps ന്റെ പീക്ക് ഡൗൺലിങ്ക് റേറ്റും 1 Gbps ന്റെ അപ്‌ലിങ്ക് റേറ്റും നേടാൻ കഴിയും.
അതായത് മികച്ച വേഗതയാൽ, വ്യാവസായികമായും വ്യക്തഗത ഉപയോഗപരമായും ഇന്റർനെറ്റ് ഉപയോഗം വർധിപ്പിക്കാൻ 5.5G നെറ്റ്വർക്ക് പ്രേരിപ്പിക്കും. ലോകമെമ്പാടുമുള്ള ഓപ്പറേറ്റർമാർ 5.5G ഫീച്ചറുകൾ അവതരിപ്പിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായുള്ള പരീക്ഷണങ്ങൾ നടക്കുന്നു. ഉദാഹരണത്തിന്, സെയ്ൻ കുവൈറ്റ് 5.5G നെറ്റ്വർക്ക് പരീക്ഷണത്തിൽ 10 Gbps വേഗത കൈവരിച്ചു. 5.5G നെറ്റ്വർക്ക് അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിൽ ഇന്റർനെറ്റ് വേഗതയുടെ പുതിയ ചരിത്രം രചിക്കാൻ ജിയോയും ശ്രമിക്കുന്നു.

മെച്ചപ്പെട്ട നെറ്റ്വർക്ക് എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്ന ജിയോയുടെ 5.5G നെറ്റ്‌വർക്ക് നിലവിൽ വൺപ്ലസ് 13 സീരീസ് ഫോണുകളിൽ മാത്രമാണ് ലഭ്യമാകുക എന്നാണ് വൺപ്ലസ് അവകാശപ്പെടുന്നത്. ജിയോയുടെ 5.5G നെറ്റ്‌വർക്ക് മൾട്ടി-സെൽ കണക്റ്റിവിറ്റി അവതരിപ്പിക്കുന്നു, ഈ 5.5G നെറ്റ്‌വർക്ക് പിന്തുണയോടെ, വൺപ്ലസ് 13, വൺപ്ലസ് 13R എന്നിവയ്ക്ക് മൂന്ന് വ്യത്യസ്ത നെറ്റ്‌വർക്ക് സെല്ലുകളിലേക്ക് ഒരേസമയം കണക്റ്റുചെയ്യാനാകുമെന്ന് വൺപ്ലസ് പറയുന്നു.
വേഗത്തിലുള്ള കണക്റ്റിവിറ്റിക്കായി ഒരേ സമയം വ്യത്യസ്ത ടവറുകളിൽ കണക്ട് ചെയ്യാനാകും എന്നത് മികച്ച നെറ്റ്വർക്ക് പിന്തുണ ഉറപ്പാക്കുന്നു. ഇത് ശരാശരി 380 ശതമാനം നെറ്റ്വർക്ക് വേഗത വർദ്ധിപ്പിക്കുമെന്ന് വൺപ്ലസ് പറയുന്നു. ഭൂഗർഭ കാർ പാർക്കിംഗിൽ നിന്ന് കോളുകളും എലിവേറ്ററുകളിൽ നിന്നും തിരക്കേറിയ ക്രിക്കറ്റ് മത്സര സ്റ്റേഡിയങ്ങളിൽ നിന്നും വാട്സ്ആപ്പ് കോളുകളും പരീക്ഷിച്ചപ്പോൾ ലഭിച്ച റിസൾട്ട് ഇതിലെ മികച്ച കണക്ടിവിറ്റി തെളിവായി വൺപ്ലസ് എടുത്തുപറഞ്ഞു.
ഭൂഗർഭ പ്രദേശത്തുനിന്നുള്ള ഫോൺ കോൾ പരീക്ഷണത്തിൽ വൺപ്ലസ് 13 സീരീസ് "പ്രോ മാക്സ്" ഡിവൈസുകളെക്കാൾ 22 ശതമാനവും "ഫ്ലാഗ്ഷിപ്പ് അൾട്രാ' ഡിവൈസുകളെക്കാൾ 30 ശതമാനവും കൂടുതൽ സ്ഥിരതയുള്ളതായിരുന്നു. അതേപോലെ എലിവേറ്ററുകളിലെ വൺപ്ലസ് 13 സീരീസ് വാട്സ്ആപ്പ് കോളുകൾ "പ്രോ മാക്സ്" ഡിവൈസുകളിലെക്കാൾ 20 ശതമാനവും "ഫ്ലാഗ്ഷിപ്പ് അൾട്രാ" ഡിവൈസിനെക്കാൾ 47 ശതമാനവും കൂടുതൽ സ്ഥിരതയുള്ളതായിരുന്നു.

തിരക്കേറിയ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നുള്ള വൺപ്ലസ് 13 സീരീസ് വാട്സ്ആപ്പ് കോളുകൾ "പ്രോ മാക്സ്" ഡിവൈസുകളെക്കാൾ 75 ശതമാനവും "ഫ്ലാഗ്ഷിപ്പ് അൾട്രാ"യെക്കാൾ 66 ശതമാനവും സ്ഥിരതയുള്ളതാണെന്ന് കമ്പനി അവകാശപ്പെടുന്നു. 'അഡ്വാൻസ്‌ഡ്' സ്റ്റാൻഡേർഡിൻ്റെ ആദ്യ ഘട്ടമാണ് ഇപ്പോഴത്തേതെന്ന് പറയപ്പെടുന്നു. "ഇന്ത്യയിലെവിടെയും ഞങ്ങളുടെ ഫോണിന് ഏറ്റവും സ്ഥിരതയുള്ള നെറ്റ്‌വർക്ക് കണക്ഷൻ ഉണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിച്ചു, പരീക്ഷണ ഫലങ്ങൾ എതിരാളികളേക്കാൾ മികച്ചതായിരുന്നു," എന്ന് വൺപ്ലസ് പറയുന്നു.
ജിയോയുടെ 5.5G നെറ്റ്‌വർക്ക് പിന്തുണയ്ക്കുന്ന ഫോണുകൾ എന്ന നിലയിൽ എതിരാളികൾക്ക് മേൽ ഒരു മുൻതൂക്കം നേടാൻ വൺപ്ലസ് 13 സീരീസ് ഫോണുകൾക്ക് സാധിച്ചിരിക്കുന്നു. വൺപ്ലസ് 13Rന്റെ വില ആരംഭിക്കുന്നത് ഓഫർ സഹിതം 39999 രൂപ വിലയിലാണ്. വൺപ്ലസ് 13 ഓഫർ സഹിതം 64,999 രൂപ വിലയിൽ തുടക്കത്തിൽ സ്വന്തമാക്കാം.


Click it and Unblock the Notifications








