സ്ക്രീനിൽ പച്ച കണ്ടാൽ ഭയക്കേണ്ട, ആജീവനാന്ത വാറന്റി പ്രഖ്യാപിച്ച് വൺപ്ലസ്! ഓഫർ ഇന്ത്യക്കാർക്ക് മാത്രം
ചില സ്മാർട്ട് ഫോണുകളുടെ പ്രധാന പ്രശ്നമാണ് വാങ്ങി അൽപം നാൾ കഴിഞ്ഞ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന പച്ച വരകൾ അല്ലെങ്കിൽ പച്ച നിറം. ഉപഭോക്താക്കളുടെ ഫോൺ ആസ്വാദനത്തിനെ പൂർണമായും തടയിടുന്ന ഒന്നാണ് ഇത്തരം പ്രശ്നങ്ങൾ. ഫോണിന്റെ ഭംഗിയും ഡിസ്പ്ലേയുടെ ആകർഷണീയതയും ഈ പ്രശ്നം മൂലം നഷ്ടപ്പെടും.
ഈ പ്രശ്നത്തിന് തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നിൽ ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്. സ്ക്രീനിൽ പച്ചനിറം പ്രത്യക്ഷപ്പെട്ട ഫോണുകൾക്ക് ആജീവനാന്ത വാറന്റി പ്രഖ്യാപിച്ചിരിക്കുകയാണ് വൺപ്ലസ്. വൺപ്ലസിന്റെ എല്ലാ മോഡലുകൾക്കും കമ്പനി ഇത്തരത്തിൽ സംരക്ഷണം നൽകും എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ വൺപ്ലസ് 8 പ്രോ, വൺപ്ലസ് 8 ടി, വൺപ്ലസ് 9, വൺപ്ലസ് 9 ആർ എന്നീ ഫോണുകൾക്ക് നേരിട്ട് സംരക്ഷണം നൽകാൻ സാധിക്കില്ലെന്നും കമ്പനി അറിയിച്ചു.

ഈ ഫോണുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സ്പെയർ പാർട്സ് ലഭിക്കാത്തത് മൂലമാണ് പുതിയ പ്രഖ്യാപനത്തിൽ നിന്ന് ഈ ഫോണുകളെ ഒഴിവാക്കിയത്. അതേ സമയം ഈ ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ ഫോണുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ 30,000 രൂപ വരെ കിഴിവ് വൗച്ചർ വാഗ്ദാനം ചെയ്യുമെന്നും കമ്പനി പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചിരിക്കുന്നു. ഇതിനർത്ഥം 5,000 മുതൽ 10,000 രൂപയ്ക്ക് പുതിയ വൺപ്ലസ് ഫോൺ വാങ്ങാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു എന്നാണ്.
ഇന്ത്യയിലെ ഉപയോക്താക്കൾക്ക് മാത്രമാണ് വൺപ്ലസ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ അറിയിപ്പ് ഒരു ഉപഭോക്താവ് ടെലഗ്രാം വഴി പുറത്തുവിട്ടിരുന്നു. വൺപ്ലസ് 8 പ്രോ, വൺപ്ലസ് 8 ടി, വൺപ്ലസ് 9, വൺപ്ലസ് 9 ആർ എന്നീ ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഡിസ്‌കൗണ്ട് വൗച്ചർ നൽകും എന്ന് ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. വൺപ്ലസ് 8 പ്രോ ഉപയോഗിക്കുന്നവർക്ക് 25,500 രൂപയുടെ വൗച്ചർ ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വൺപ്ലസ് 8 ടി ഉപഭോക്താക്കൾക്ക് ആകട്ടെ 20,000 രൂപയുടെ വൗച്ചർ ലഭിക്കുമെന്നും വൺപ്ലസ് 9, വൺപ്ലസ് 9 ടി എന്നിവയ്ക്ക് യഥാക്രമം 23,500 രൂപയുടെയും 19,000 രൂപയുടെ കിഴിവുകൾ ലഭിക്കും. ഇവരെല്ലാം വൺപ്ലസ് 10 ആറിലേക്ക് അപ്ഡേറ്റ് ചെയ്താൽ 4,500 രൂപയുടെ അധിക ഓഫർ നൽകുമെന്നും ഈ അറിയിപ്പിൽ പറയുന്നു. 34,999 രൂപ മുതൽ 39,999 രൂപ വരെയാണ് ഇന്ത്യൻ മാർക്കറ്റിൽ വൺപ്ലസ് 10 ആറിന്റെ വില.
അതേ സമയം ഡിസ്‌കൗണ്ട് വൗച്ചറിന് അർഹതയുള്ള ഫോണുകളുടെ നിലവിലെ അവസ്ഥ എന്തെന്ന് കമ്പനി ആരാഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അടുത്തിടെ നിരവധി വൺപ്ലസ് ഉപഭോക്താക്കൾ തങ്ങളുടെ ഫോണിൽ ഇത്തരം പച്ച നിറം പ്രത്യക്ഷപ്പെട്ടതായി പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പ്രശ്നത്തിന് പരിഹാരം കാണാൻ കമ്പനി രംഗത്ത് എത്തിയത്. AMOLED ഡിസ്‌പ്ലേയുള്ള വൺപ്ലസ് ഫോണുകൾക്കാണ് ഇത്തരത്തിലുള്ള പ്രശ്നം കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേ സമയം സ്ക്രീനിൽ തെളിയുന്ന പച്ച വരകളും ഫോൺ ആസ്വാദനത്തിനെ നശിപ്പിക്കുന്നവയാണ്. ഡിസ്പ്ലേ കണക്ടർ ലൂസ് ആകുന്നതോ ഡിസ്പ്ലേക്ക് കേടുപാടുകൾ സംഭവിക്കുന്നതോ ആണ് ഇങ്ങനെ സംഭവിക്കാൻ പ്രധാന കാരണം. ഡിസ്പ്ലേയിൽ വെള്ളം കയറിയാലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായേക്കാം. ചില സമയങ്ങളിൽ അനുയോജ്യമല്ലാത്ത ആപ്ലിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്താലും ഇങ്ങനെ സംഭവിച്ചേക്കാം.
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തതിനാലോ ഫോണിന്റെ കോൺഫിഗറേഷൻ തെറ്റിക്കിടക്കുന്നതിനാലോ ആണ് ഈ പ്രശ്നം ഉണ്ടാകുന്നത് എങ്കിൽ ഉപഭോക്താക്കൾക്ക് തന്നെ ഈ പ്രശ്നം പരിഹരിക്കാം. അല്ലാതെ ഡിസ്പ്ലേ കണക്റ്റർ മൂലമോ അല്ലെങ്കിൽ വെള്ളത്തിൽ വീണത് മൂലമോ ആണ് ഈ പ്രശ്നം ഉണ്ടായിരിക്കുന്നത് എങ്കിൽ അടുത്തുള്ള സർവ്വീസ് സെന്ററിൽ പോകുന്നതായിരിക്കും ബുദ്ധി.
ഏതെങ്കിലും പ്രത്യേക ആപ്പ് ഇൻസ്റ്റാൾ ചെയ്തതിന് ശേഷമാണ് നിങ്ങളുടെ ഫോണിൽ പച്ച വര പ്രത്യക്ഷപ്പെട്ടത് എങ്കിൽ എത്രയും പെട്ടെന്ന് തന്നെ ആ ആപ്പ് അൺഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. സെറ്റിംഗ്സിൽ നിങ്ങൾ എന്തെങ്കിലും മാറ്റം വരുത്തിയിരുന്നു എങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഇത് പഴയപടിയാക്കി ഫോൺ റീസ്റ്റാർട്ട് ചെയ്ത് വീണ്ടും ഓൺ ആക്കി നോക്കാവുന്നതാണ്.


Click it and Unblock the Notifications








