എത്ര വെയിലിലും കൂൾ ആയി ഉപയോഗിക്കാം; 3,000 Nits ബ്രൈറ്റ്നസ് ഡിസ്പ്ലേ അവതരിപ്പിക്കാനൊരുങ്ങി വൺപ്ലസ്
സ്മാർട്ട് ഫോൺ ഡിസ്പ്ലേ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്. 3,000 nits തെളിച്ചമുള്ള പുതിയ ഡിസ്പ്ലേ ഉടൻ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വൺപ്ലസും ഇതിന്റെ സഹോദര സ്ഥാപനവുമായ ഓപ്പോയും ചേർന്നാണ് BOE എന്ന ഇലക്ട്രോണിക് നിർമ്മാതാക്കളുടെ സഹകരണത്താൻ പുതിയ സ്ക്രീനുകൾ നിർമ്മിക്കുന്നത്.
ഒക്ടോബർ 24ന് ഈ ഡിസ്പ്ലേകൾ അവതരിപ്പിക്കും എന്നാണ് വൺപ്ലസ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ പാനൽ 1,440 പിക്‌സൽ റെസല്യൂഷനും 3,000 nits തെളിച്ചവും നൽകും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. അതേ സമയം കഴിഞ്ഞ 19ആം തിയതി ആയിരുന്നു വൺപ്ലസ് തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ട് ഫോണായ വൺപ്ലസ് ഓപ്പൺ അവതരിപ്പിച്ചത്. ഈ ഫോണിന്റെ ഡിസ്പ്ലേ 2,800 nits വരെ പരമാവധി തെളിച്ചം വാഗ്ദാനം ചെയ്യുന്നതാണ്.

ചൈനയിൽ നടക്കുന്ന സൺറൈസ് ഈസ്റ്റ് എന്ന ഇവന്റിൽ ആയിരിക്കും ഈ BOE ഡിസ്പ്ലേകൾ വൺപ്ലസ് അവതരിപ്പിക്കുക. ഇത് വ്യക്തമാക്കുന്ന ട്വീറ്റ് അടുത്തിടെ ഓപ്പോ പുറത്ത് വിട്ടിരുന്നു. '30 വർഷം കൊണ്ട് നമ്മൾ ഏറെ മുന്നിലെത്തി. ഈ വരുന്ന ഒക്ടോബർ 24ന് വൺപ്ലസും BOE-യുമായി കൈകോർക്കുന്ന ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ നിങ്ങളെ ക്ഷണിക്കുന്നു' എന്നായിരുന്നു ഓപ്പോ പുറത്ത് വിട്ട ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.
എന്നാൽ പുതിയ ഡിസ്പ്ലേയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ രണ്ട് കമ്പനികളും പുറത്ത് വിട്ടിട്ടില്ല. അതേ സമയം ഒരു പ്രമുഖ ടിപ്സ്റ്റാർ ചില വിവരങ്ങൾ പുറത്ത് വിട്ടിരുന്നു. വൺപ്ലസിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഡിസ്പ്ലേയ്ക്ക് 2K റെസല്യൂഷനും 3,000 നിറ്റ് തെളിച്ചവും ഉണ്ടായിരിക്കുമെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ഇതിന് പുറമെ 2160Hz പൾസ് വീതി മോഡുലേഷൻ ഡിമ്മിംഗും സിംഗിൾ പൾസ് ഡിസിയും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വൺപ്ലസ് 12ൽ ആദ്യമായി ഈ BOE ഡിസ്‌പ്ലേ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ വിവരങ്ങൾ ഒന്നും തന്നെ വൺപ്ലസ് ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നത് അല്ല. ചില ചോർച്ചാ റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയിരിക്കുന്നത് ആണെന്ന് ഉപഭോക്താക്കൾ മനസിലാക്കുക. ഔദ്യോഗിക വിവരങ്ങൾ ലഭിക്കാൻ വൺപ്ലസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുക. അതേ സമയം അടുത്തിടെ വൺപ്ലസ് പുറത്തിറക്കിയ ഫോൾഡബിൾ ഫോൺ ഓക്ടോബർ 27 മുതൽ വിൽപനയ്ക്ക് എത്തും.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്പാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. 6.31 ഇഞ്ച് കവർ സ്ക്രീനും 7.82 ഇഞ്ച് അമോലെഡ് ഇന്നർ ഡിസ്‌പ്ലേയുമാണ് ഈ ഫോണിൽ ഉള്ളത്. ഈ രണ്ട് സ്ക്രീനുകൾക്കും 120 ഹെർട്‌സ് റിഫ്രഷ് റെയ്റ്റ് അവകാശപ്പെടാനുണ്ട്. രണ്ട് ഡിസ്പ്ലേകളും ടിയുവി റെയിൻലാൻഡ് ഇന്റലിജന്റ് ഐ കെയർ സർട്ടിഫൈഡ് ആണ്. 16 ജിബി എൽപിഡിഡിആർ5x റാമും ഈ ഫോണിന് അവകാശപ്പെടാനുണ്ട്.
ക്യാമറ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ ട്രിപ്പിൾ റിയർ ക്യാമറയാണ് വൺപ്ലസ് ഓപ്പണിൽ സജ്ജീകരിച്ചിരിക്കുന്നത്. സോണിയുടെ LYT-T808 "Pixel Stacked" CMOS സെൻസറോട് കൂടിയ പ്രൈമറി ക്യാമറ 48 മെഗാപിക്സൽ ആണ്. ഇത് കൂടാതെ 64 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയും ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. 32 മെഗാപിക്സൽ ആണ് ഫോണിന്റെ ഫ്രണ്ട് ക്യാമറ.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള പുതിയ ഓക്‌സിജൻ ഒഎസ് 13.2-ലായിരിക്കും വൺപ്ലസ് ഓപ്പൺ പ്രവർത്തിക്കുക. 67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,805 mAh ബാറ്ററിയും വൺപ്ലസ് ഈ ഫോണിനായി ഒരുക്കിയിട്ടുണ്ട്. നിലവിൽ വൺപ്ലസ് ഓപ്പണിന്റെ പ്രീ ബുക്കിങ് സെയിൽ ആരംഭിച്ചു കഴിഞ്ഞു. വൺപ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും വിവിധ ഇ കൊമേഴ്സ് വെബ്സൈറ്റ് വഴിയും ഇത് ബുക്ക് ചെയ്യാവുന്നതാണ്. 1,39,999 രൂപ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്.


Click it and Unblock the Notifications








