സൂക്ഷിക്കുക, ഗ്യാസ് ബിൽ കൊള്ളക്കാർ പെരുകുന്നു; ഗ്യാസ് ബില്ലിന്റെ പേരിൽ തട്ടിയത് 16 ലക്ഷം രൂപ!
രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകളുടെ തീവ്രത ദിവസത്തിന് ദിവസം വർധിച്ചുവരികയാണ്. ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഓൺലൈൻ തട്ടിപ്പുകളിലൊന്നിൽ ഒരാൾക്ക് 16 ലക്ഷം രൂപയാണ് അക്കൗണ്ടിൽ നിന്ന് നഷ്ടമായിരിക്കുന്നത്. ഗ്യാസ് ബിൽ ഓൺലൈനായി അടയ്ക്കാനുള്ള നീക്കത്തിനിടെയാണ് പണം നഷ്ടമായത് എന്നതാണ് ഏറെ ശ്രദ്ധിക്കേണ്ടത്.
മുൻപ് പല ഓൺലൈൻ തട്ടിപ്പുകളിലും കണ്ട അതേ രീതിയിൽ വ്യാജ ലിങ്ക് ഉപയോഗിച്ചാണ് ഇവിടെയും പണം കൊള്ളയടിച്ചിരിക്കുന്നത്. മുന്നറിയിപ്പുകൾ കണ്ടില്ലെന്ന് നടിച്ചും ചുറ്റും നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയും ഓൺലൈൻ ഇടപാടുകൾക്ക് മുന്നിട്ടിറങ്ങുന്നവർ വീണ്ടും വീണ്ടും പറ്റിക്കപ്പട്ടുകൊണ്ടേയിരിക്കുന്നു എന്ന് ഈ സംഭവം തെളിയിക്കുന്നു.

ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന ഞെട്ടിക്കുന്ന ഓൺലൈൻ തട്ടിപ്പിൽ മഹാരാഷ്ട്രയിൽ നിന്നുള്ള 66 വയസുകാരനാണ് പണം നഷ്ടമായിരിക്കുന്നത്. പൂനെ സ്വദേശിയായ ഇയാൾ മഹാരാഷ്ട്ര നാച്ചുറൽ ഗ്യാസ് ലിമിറ്റഡ് (എംഎൻജിഎൽ) ബിൽ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് കബളിപ്പിക്കപ്പെട്ടത്. കെഎസ്ഇബി, ബാങ്കുകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പേരിൽ അധികൃതർ എന്ന വ്യാജേന ആളുകളെ വിളിച്ച് കബളിപ്പിക്കുന്ന രീതിയാണ് ഇവിടെയും പയറ്റിയിരിക്കുന്നത്.
ഇന്ത്യൻ എക്‌സ്‌പ്രസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, എംഎൻജിഎൽ ജീവനക്കാരൻ രാഹുൽ ശർമ എന്ന പേരിലാണ് തട്ടിപ്പുകാർ വയോധികനെ വിളിക്കുന്നത്. തുടർന്ന് 514 രൂപയുടെ ബിൽ അടയ്ക്കാനുണ്ടെന്നും ഇത് അടിയന്തരമായി അടയ്ക്കണം എന്നും ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തുകയും ചെയ്തു. വിളിക്കുന്നത് യഥാർഥ എംഎൻജിഎൽ ജീവനക്കാരനാണ് എന്ന് വിശ്വസിച്ച വയോധികൻ അവർ പറഞ്ഞതുപോലെ പണം അടയ്ക്കാൻ തയാറായി.

പ്രസ്തുത ബില്ലിൻ്റെ പേയ്‌മെൻ്റ് പ്രോസസ്സ് ചെയ്യുന്നതിനായി ഓൺലൈൻ ക്രിമിനലുകൾ വയോധികന് ഒരു വ്യാജ ലിങ്ക് അയയ്ക്കുകയും പേയ്മെന്റ് നടത്തേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുകയും ചെയ്തു. ഇതനുസരിച്ച് വയോധികൻ തന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ബിൽ ക്ലിയർ ചെയ്യാൻ ശ്രമിച്ചു. എന്നാൽ അതിന് ശേഷം അനധികൃതമായി അക്കൗണ്ടിൽ നിന്ന് 49,850 രൂപ കൈമാറ്റം ചെയ്യപ്പെട്ടതിന്റെ മെസേജ് എത്തി.
ഈ സംഭവം അന്വേഷിക്കാനായി വയോധികൻ ബാങ്കിൽ എത്തിയപ്പോഴേക്കും കൂടുതൽ പണം നഷ്ടമായിരുന്നു. അക്കൗണ്ടിൽ നിന്ന് ആകെ 16,22,310 രൂപയാണ് ഉടമയുടെ അനുമതിയോ അറിവോ ഇല്ലാതെ നഷ്ടമായത്. തുടർന്ന് വയോധികൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ശിവാജിനഗർ പോലീസ് സ്റ്റേഷനിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകൾ പ്രകാരവും (സെക്ഷൻ 419, 420) ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ തുക തിരിച്ചുപിടിക്കാനാകുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓൺലൈൻ തട്ടിപ്പ് കേസുകളിൽ ഭൂരിഭാഗം എണ്ണത്തിലും പണം വീണ്ടെടുക്കാൻ കഴിയാറില്ല. അപൂർവം കേസുകളിൽ മാത്രമാണ് പണം വീണ്ടെടുക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തിട്ടുള്ളത്. ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ഇത്തരം ഓരോ തട്ടിപ്പുകളും സമൂഹത്തെ ഓർമപ്പെടുത്തുന്നു.
അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക, അപരിചിതർ വിളിച്ച് അധികൃതർ എന്ന വ്യാജേന സംസാരിച്ചാൽ ആധികാരികത വ്യക്തമാകാതെ അവരെ വിശ്വസിക്കാതിരിക്കുക, ഇത്തരം കോളുകളെ തുടർന്ന് ഒരുതരത്തിലുമുള്ള ഓൺലൈൻ പേയ്മെന്റുകൾക്ക് തയാറാകാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് ഒരു പരിധി വരെ ജാഗ്രത പാലിക്കാം. കേരളത്തിലും ഇത്തരം തട്ടിപ്പുകൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications








