ഒരു ലിപ്സ്റ്റിക്കിന് പോയത് ഒരുലക്ഷം, ഒരു കുപ്പി വിസ്കിക്ക് 30000; ഓൺലൈനിൽ യുവതികളുടെ കൂട്ടക്കരച്ചിൽ!
രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ പെരുകിയതോടെ പണം നഷ്ടമായവരുടെ നിലവിളികൾ ശക്തമാകുന്നു. കഴിഞ്ഞ ദിവസം നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് യുവതികളാണ് കബളിപ്പിക്കപ്പെട്ടത്. ഒരാൾ ഒരു കുപ്പി വിസ്കി വാങ്ങാനുള്ള ശ്രമത്തിനിടയിലും രണ്ടാമത്തെ യുവതി ലിപ്സ്റ്റിക് വാങ്ങാനുള്ള ശ്രമത്തിനിടെയുമാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായിരിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യയുടെയും ഇന്ത്യാടുഡേയുടെയും റിപ്പോർട്ടുകൾ നൽകുന്ന വിവരങ്ങൾ പ്രകാരം 32 വയസുള്ള യുവതിയാണ് മദ്യം വാങ്ങാനുള്ള ശ്രമത്തിനിടെ കബളിപ്പിക്കപ്പെട്ടത്. ഓൺലൈനായി ഓഡർ ചെയ്താൽ മദ്യം വീട്ടിൽ എത്തിച്ചു നൽകുന്ന ഡെലിവറി സേവനത്തിനായി യുവതി ഗൂഗിളിൽ സെർച്ച് ചെയ്യുകയും നമ്പർ ലഭിക്കുകയും ചെയ്തു.

തുടർന്ന് ഗൂഗിളിൽ നിന്ന് ലഭിച്ച ഡെലിവറി സ്ഥാപനത്തിന്റെ നമ്പരിലേക്ക് ബന്ധപ്പെടുകയും ഗ്ലെൻഫിഡിക്കിന്റെ ഒരു കുപ്പിയ്ക്ക് 3,000 രൂപ യുപിഐ വഴി കൈമാറുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം ഡെലിവറിക്ക് കൂടുതൽ പണം ആവശ്യപ്പെട്ട് ഒരു കോൾ ലഭിച്ചതായി യുവതി പറയുന്നു. ഇതോടെ അപകടം തോന്നിയതിനാൽ റീഫണ്ട് ആവശ്യപ്പെട്ടു.
എന്നാൽ തട്ടിപ്പുകാർ അവളോട് റീഫണ്ടിനായി 5 രൂപ അയയ്ക്കാൻ ആവശ്യപ്പെട്ടു, ഒപ്പം GST നമ്പറെന്ന തരത്തിൽ കുറച്ച് നമ്പറുകളും ഒരു ക്യുആർ കോഡും അയച്ചു നൽകി. 5 രൂപ അതിൽ അയച്ച് നൽകിയാൽ റീഫണ്ട് നൽകാമെന്ന് പറഞ്ഞു. ഇത് കേട്ട് യുവതി ആ ക്യുആർ കോഡ് സ്കാൻ ചെയ്ത് 5 രൂപ അയയ്ക്കുകയും ചെയ്തു.

എന്നാൽ അതിന് തൊട്ടുപിന്നാലെ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 29,986 രൂപ ഡെബിറ്റ് ചെയ്തതായി അറിയിപ്പ് ലഭിച്ചു. പരിഭ്രാന്തരായ യുവതി ബാങ്കുമായി ബന്ധപ്പെടുകയും അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തു. തന്റെ ഫോൺ സ്‌ക്രീനിലേക്ക് ആക്‌സസ് അനുവദിക്കുന്ന സംശയാസ്പദമായ ആപ്പുകളൊന്നും ഡൗൺലോഡ് ചെയ്‌തില്ലെന്നാണ് യുവതി പറയുന്നത്.
എന്നാൽ തട്ടിപ്പുകാർ അയച്ച ക്യുആർ കോഡ് വഴിയാണ് പണം നഷ്ടമായിരിക്കുന്നത് എന്നാണ് പോലീസിന്റെ നിഗമനം. യുവതി വിളിച്ച നമ്പർ തിരിച്ചറിഞ്ഞ പോലീസ്, ബാങ്കിൽനിന്ന് ഇടപാടിന്റെ ഡീറ്റെയിൽസ് തേടിയിട്ടുണ്ട്. ഏതാണ്ട് ഇതിന് സമാനമായി ഡെലിവറി തട്ടിപ്പ് തന്നെയാണ് ലിപ്സ്റ്റിക് ഓഡർ ചെയ്ത യുവതിയും നേരിട്ടത്.
നവി മുംബൈയിൽ താമസിക്കുന്ന ഒരു ഡോക്ടർ ആണ് ലിപ്സ്റ്റിക് വാങ്ങാനുള്ള ശ്രമത്തിനിടെ സൈബർ തട്ടിപ്പിൽ കുടുങ്ങിയത് എന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഒരു ഇ-കൊമേഴ്‌സ് പോർട്ടലിൽ ഡോക്ടർ 300 രൂപയുടെ ലിപ്സ്റ്റിക്കിന് ഓർഡർ നൽകി. പിന്നീട് പാഴ്സൽ ഡെലിവറി ചെയ്തു എന്നുകാണിച്ച് ഡോക്ടർക്ക് ഒരു മെസേജ് എത്തി.

എന്നാൽ, യഥാർഥത്തിൽ പാഴ്സൽ ലഭ്യമായിട്ടില്ല എന്നതിനാൽ അവർ ഡെലിവറി സ്ഥാപനവുമായി ബന്ധപ്പെട്ടു. ഒരു കസ്റ്റമർ കെയർ പ്രതിനിധി ഉടൻ തന്നെ ബന്ധപ്പെടുമെന്ന് കൊറിയർ സ്ഥാപനത്തിൽനിന്ന് അറിയിച്ചു. തുടർന്ന്, ഒരു കോൾ എത്തുകയും യുവതിയുടെ ഓർഡർ നിർത്തിവച്ചിരിക്കുകയാണെന്നും തുടരാൻ 2 രൂപ നൽകണമെന്നും വിളിച്ചയാൾ ആവശ്യപ്പെടുകയും ചെയ്തു.
വിളിച്ചയാൾ ഒരു വെബ്‌ലിങ്ക് നൽകി, അവളുടെ ബാങ്ക് വിശദാംശങ്ങൾ നൽകാൻ നിർദ്ദേശിച്ചു. കോൾ യഥാർത്ഥമാണെന്ന് വിശ്വസിച്ച്, തട്ടിപ്പുകാർ നൽകിയ ലിങ്കിൽ ഡോക്ടർ ക്ലിക്ക് ചെയ്തു, ഇത് അവരുടെ മൊബൈലിലേക്ക് ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ നിർദേശിച്ചു. ഈ നിർദ്ദേശങ്ങൾ പാലിച്ച്, അവൾ 2 രൂപ അടച്ചു.
എന്നാൽ ഇതിന് പിന്നാലെ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 95,000 രൂപയും 5,000 രൂപയും അനധികൃതമായി ഡെബിറ്റ് ചെയ്തതായി അറിയിപ്പ് എത്തുകയായിരുന്നു. തുടർന്ന് അവർ നെരൂളിലെ സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഫിഷിംഗ് തട്ടിപ്പിലൂടെയാണ് ഇവിടെ ഡോക്ടർക്ക് പണം നഷ്ടമായിരിക്കുന്നത് എന്നാണ് പോലീസിന്റെ നിഗമനം.
ഓൺലൈനുകളിൽ ഇടപാടുകൾ നടത്തുമ്പോൾ ഏറെ ശ്രദ്ധിക്കണമെന്ന് ഈ രണ്ട് സംഭവങ്ങളും നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു. അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വിശ്വാസ്യതയില്ലാത്ത ക്യുആർ കോഡുകൾ സ്കാൻ ചെയ്യുകയോ ചെയ്യരുതെന്ന് ഈ സംഭവം പഠിപ്പിക്കുന്നു. ഓൺലൈൻ ഇടപാടുകളിൽ എപ്പോഴും അപകടം ഒളിഞ്ഞിരിക്കുന്നുണ്ട്. അതിനാൽ ഓൺലൈനിൽ എപ്പോഴും ജാഗ്രത പുലർത്തുകതന്നെ വേണം.


Click it and Unblock the Notifications








