ഓൺലൈൻ പർച്ചേസ്: 'കണ്ണൊന്ന് തെറ്റിയാൽ മൂക്കിന് താഴെനിന്ന് മീശ വരെ വെട്ടിക്കൊണ്ട് പോകും'! ദേ ഇതുപോലെ
കാര്യം ശരിയാണ്, ഓൺലൈൻ പർച്ചേസ് വളരെ സൗകര്യപ്രദമാണ്. യാതൊരു തിക്കിലും തിരക്കിലും പോയി പെടുകയോ ക്യൂ നിൽക്കുകയോ, സാധനങ്ങൾ ചുമക്കുകയോ, സമയം നഷ്ടപ്പെടുത്തുകയോ ഒന്നും വേണ്ട. വാങ്ങേണ്ടത് വീട്ടിലിരുന്നുതന്നെ ഓഡർ ചെയ്താൽ സാധനം വീട്ടുപടിക്കൽ എത്തും. അലച്ചിലില്ല, കഷ്ടപ്പാടില്ല, പോരാത്തതിന് ഡിസ്കൗണ്ട് ഇങ്ങോട്ട് കിട്ടുകയും ചെയ്യും.
എന്നാൽ ഒട്ടേറെ ഗുണങ്ങളുണ്ട് എന്നതുപോലെ തന്നെ ഓൺലൈൻ പർച്ചേസുകൾക്ക് ചില അപകടങ്ങളും ഉണ്ട്. ഓൺലൈനിൽ എന്ത് ഇടപാടുകൾ നടത്തുമ്പോഴും നാം അതീവ ജാഗ്രത പാലിക്കണം. കണ്ണിനുമുന്നിൽ കാണാൻ സാധിക്കാത്ത ഒരുപാട് ചതിക്കുഴികൾ മറഞ്ഞിരിക്കുന്ന ഇടം കൂടിയാണ് ഓൺലൈൻ. തട്ടിപ്പുകാരുടെ വലയിൽ വീഴാതിരിക്കാൻ അതീവജാഗ്രത പുലർത്തിയേ മതിയാകൂ.

ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ, നമ്മുടെ മൂക്കിന് താഴെനിന്ന് മീശ വെട്ടിക്കൊണ്ട് പോകുന്നതിന് തുല്യമായി നമ്മുടെ കൺമുന്നിൽ വച്ചുതന്നെ ബാങ്ക് അക്കൗണ്ട് കാലിയാകുന്നതിന് സാക്ഷിയാകേണ്ടിവരും. ഓൺലൈനിലെ ചതിക്കുഴികളിൽപ്പെടുന്നവരുടെ എണ്ണം ദിവസത്തിന് ദിവസം വർധിച്ചുവരികയാണ്. എത്ര സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാലും ഇതൊന്നും അറിയാതെയും, അഥവാ അറിഞ്ഞാലും നമുക്ക് അബദ്ധം പറ്റില്ലെന്ന ആത്മവിശ്വാസംകൊണ്ടും പലരും അബദ്ധത്തിൽ ചാടുന്നുണ്ട്.
കഴിഞ്ഞ ദിവസവും അത്യന്തം നാടകീയമായ ഒരു തട്ടിപ്പിലൂടെ ബംഗളുരുവിലെ ഒരു വീട്ടമ്മയ്ക്ക് ഓൺലൈൻ പർച്ചേസ് മൂലം 77000 രൂപ നഷ്ടമായി. ഓൺലൈനിൽ പർച്ചേസ് ചെയ്തതുകൊണ്ടല്ല, അതിലെ ചതിക്കുഴികളെപ്പറ്റി അറിവില്ലാതെ പോയതാണ് വീട്ടമ്മയ്ക്ക് വിനയായത് എന്ന് പറയാം. നിസാര തുകയുടെ നഷ്ടം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ വീട്ടമ്മ കബളിപ്പിക്കപ്പെട്ടത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

കസ്തൂർബാ നഗറിൽ താമസിക്കുന്ന വീട്ടമ്മയാണ് തട്ടിപ്പിന് ഇരയായത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇവർ ഇടയ്ക്ക് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ ഓൺലൈനിൽ വാങ്ങാറുണ്ട്. അങ്ങനെ കഴിഞ്ഞ ദിവസം വാങ്ങിയ സാധനങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന പാൽ ഉപയോഗിക്കാനാകാത്തവിധം ചീത്തയായിരുന്നു. പാൽ തിരികെ നൽകി പണം തിരിച്ചുവാങ്ങാൻ വീട്ടമ്മ ശ്രമം ആരംഭിച്ചു.
അതിനായി അവർ ഓൺലൈനിൽ സെർച്ച് ചെയ്ത് സ്റ്റോറിന്റെ കസ്റ്റമർ കെയർ നമ്പർ കണ്ടെത്തി. തുടർന്ന് അതിലേക്ക് വിളിക്കുകയും പാൽ തിരിച്ചെടുത്ത് പണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കസ്റ്റമർ സർവീസ് എക്സിക്യൂട്ടിവ് എന്ന നിലയിൽ ഫോൺ എടുത്തയാൾ പാൽ തിരികെ നൽകേണ്ടതില്ലെന്നും പണം ഓൺലൈനായി തിരിച്ചുനൽകാമെന്നും അവരെ അറിയിച്ചു.
തുടർന്ന് യുവതിക്ക് 081958 എന്ന നമ്പറിലുള്ള യുപിഐ ഐഡി അടങ്ങുന്ന മെസേജ് വാട്സ്ആപ്പിലൂടെ ലഭിച്ചു, റീഫണ്ട് ലഭിക്കാൻ ഫോൺ പേ ആപ്പ് ഉപയോഗിക്കാൻ ആവശ്യപ്പെട്ടു. ഇത് തട്ടിപ്പാണ് എന്ന് തിരിച്ചറിയാൻ കഴിയാതിരുന്ന വീട്ടമ്മ തട്ടിപ്പുകാരുടെ നിർദേശപ്രകാരം ഫോൺപേയിലെ ട്രാൻസ്ഫർ മണി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തു. തുടർന്ന് ബാങ്ക്/യുപിഐ ഐഡി എന്നതിൽ ക്ലിക്ക് ചെയ്തു.

കൂടാതെ മൊബൈൽ നമ്പറിൻ്റെ അവസാന അഞ്ച് അക്കങ്ങൾക്കൊപ്പം യുപിഐ ഐഡിയും വാട്സ്ആപ്പിലൂടെ നൽകി. പണം തിരികെ കിട്ടും എന്ന അബദ്ധ ധാരണയിൽ ഏറ്റവുമൊടുവിൽ അവർ 'പേ' എന്നതിലും ക്ലിക്ക് ചെയ്തു. എന്നാൽ റീഫണ്ടിനുപകരം, വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുകയും പിന്നാലെ കോൾ കട്ട് ആകുകയും ചെയ്തു.
പണം നഷ്ടമായ സ്ത്രീ പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടുണ്ട് എന്നാണ് ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരം തട്ടിപ്പുകാരുടെ അക്കൗണ്ട് മരവിപ്പിക്കാനാണ് അധികൃതർ ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ ഈ വീട്ടമ്മയ്ക്ക് പണം തിരിച്ചുകിട്ടാനുള്ള സാധ്യത കുറവാണ് എന്നതാണ് സത്യം.
ഇത്തരം തട്ടിപ്പുകൾക്ക് നിരവധി സ്ത്രീകൾ ഇതിനകം വിധേയരായിട്ടുണ്ട്. ഓൺലൈനിൽ സെർച്ച് ചെയ്ത് ലഭിക്കുന്ന എല്ലാ നമ്പറുകളും യഥാർഥ സ്ഥാപനത്തിന്റേത് തന്നെ ആയിരിക്കണം എന്നില്ല. പ്രമുഖ സൈറ്റുകളുടെ പേരിൽ വരെ വ്യാജ ഫോൺനമ്പറുകളും വെബ്സൈറ്റുകളും പ്രത്യക്ഷപ്പെടാറുണ്ട്. അതിനാൽ ഓൺലൈനിൽ ഏതെങ്കിലും സ്ഥാപനത്തിന്റെ കോണ്ടാക്ട് നമ്പർ തേടുമ്പോൾ അത് ലഭിക്കുന്നത് ഔദ്യോഗിക സൈറ്റിൽ നിന്നാണെന്ന് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








