Apple WWDC 2023 | ആപ്പിൾ ഇവന്റിന് ഇനി മണിക്കൂറുകൾ മാത്രം; അറിയാനുള്ളതെല്ലാം വിശദമായി
ആപ്പിളിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസ് (Apple WWDC) ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. സാധാരണ ഗതിയിൽ വിവിധ ആപ്പിൾ ഉത്പന്നങ്ങൾക്കുള്ള സോഫ്റ്റ്വെയറുകളാണ് ഈ ഇവന്റുകളിൽ കമ്പനി അവതരിപ്പിക്കാറുള്ളത്. ഇത്തവണ ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റും 15 ഇഞ്ച് മാക്ബുക്ക് എയറും പോലെയുള്ള ഡിവൈസുകളും കമ്പനി അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
ആപ്പിളിന്റെ റിയാലിറ്റി പ്രോ (Apple Reality Pro) : ഈ വർഷത്തെ ഡബ്ല്യൂഡബ്ല്യൂഡിസി ഇവന്റിനെക്കുറിച്ച് നടന്ന ചർച്ചകളിൽ ഏറ്റവുമധികം ശ്രദ്ധ പിടിച്ച് പറ്റിയ ഡിവൈസാണ് ആപ്പിൾ ഹെഡ്‌സെറ്റ്. വെർച്വൽ റിയാലിറ്റിയും ഓഗ്‌മെന്റഡ് റിയാലിറ്റിയും സംയോജിക്കുന്ന പുതിയ എക്സ്ആർഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും ആപ്പിളിന്റെ ആദ്യത്തെ ഹെഡ്‌സെറ്റ് പ്രവർത്തിക്കുക. ഗെയിമിങ്, ഇന്ററാക്ടീവ് സ്പോർട്സ് തുടങ്ങിയവയെല്ലാം ആസ്വദിക്കാൻ ആപ്പിൾ ഹെഡ്സെറ്റുകൾ സഹായിക്കുമെന്നാണ് കരുതുന്നത്.

മാക്ബുക്ക് എയർ 15" (എം2 ചിപ്പ്സെറ്റ്) : ആപ്പിൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു ഡിവൈസാണ് 15 ഇഞ്ച് സ്ക്രീൻ സൈസ് വരുന്ന പുതിയ മാക്ബുക്ക് എയർ. 13 ഇഞ്ച് സ്ക്രീൻ സൈസ് വരുന്ന മാക്ബുക്ക് എയർ മോഡലുകളിൽ നിന്നൊരു അപ്ഡേറ്റാണ് പുതിയ ഡിവൈസ്. ആപ്പിളിന്റെ ഏറ്റവും പുതിയ എം2 ചിപ്പ്സെറ്റും മാക്ബുക്ക് എയർ 15" (MacBook Air) മോഡലിൽ പ്രതീക്ഷിക്കാവുന്നതാണ്.
പുതിയ മാക് മോഡലുകൾ : ഡബ്ല്യൂഡബ്ല്യൂഡിസി ഇവന്റിൽ പുതിയ മാക് മോഡലുകളും ആപ്പിൾ അവതരിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എം2 മാക്സ്, എം2 അൾട്ര ചിപ്പ്സെറ്റുകൾ ഫീച്ചർ ചെയ്യുന്ന മാക് സ്റ്റുഡിയോ മോഡലിനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. അതേ സമയം ഒരു പുതിയ മാക് പ്രോ മോഡലും ഇന്ന് രാത്രിയിൽ ആരംഭിക്കുന്ന ഡബ്ല്യൂഡബ്ല്യൂഡിസി ഇവന്റിൽ ആപ്പിൾ അവതരിപ്പിച്ചേക്കാം.
ഐഒഎസ് 17 (iOS 17) : ഐഫോണുകൾക്കുള്ള പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഐഒഎസ് 17, ഡബ്ല്യൂഡബ്ല്യൂഡിസി ഇവന്റിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് ഹോം ഡിസ്‌പ്ലെ മോഡ്, പുതിയ ജേണലിങ് ആപ്പ് എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് ഐഒഎസ് 17 -ന്റെ പ്രധാന സവിശേഷതകൾ. അത് പോലെ തന്നെ ലൈവ് സ്പീച്ച് പോലെയുള്ള ആക്സസബിളിറ്റി ഫീച്ചറുകളും ഡൈനാമിക് ഐലൻഡിനുള്ള അപ്ഗ്രേഡുകളും പുതിയ ഐഒഎസ് വേർഷനിൽ പ്രതീക്ഷിക്കാവുന്നതാണ്.
വാച്ച്ഒഎസ് 10 (watchOS 10) : ആപ്പിൾ വാച്ചുകളിൽ വലിയ മാറ്റങ്ങളുമായിട്ടാണ് വാച്ച്ഒഎസ് 10 വരുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഒഎസ് 14 സ്റ്റൈൽ വിജറ്റ്സിന്റെയും വാച്ച്ഒഎസ് ഗ്ലാൻസ് സിസ്റ്റത്തിന്റെയും കോമ്പിനേഷനായാണ് വാച്ച്ഒഎസ് 10 അവതരിപ്പിക്കുന്നത്. ഈസി ആക്സസിനായി വിവിധ വിജറ്റുകൾ സ്റ്റാക്ക് ചെയ്തിരിക്കുന്ന പുതിയ ഓപ്ഷൻ വാച്ച്ഒഎസ് 10 -ൽ പ്രതീക്ഷിക്കാവുന്നതാണ്. ആപ്പിൾ വാച്ചിലെ ഡിജിറ്റൽ ക്രൌൺ ഫങ്ഷനുകളിലും നിരവധി മാറ്റങ്ങൾ വരുമെന്നാണ് കരുതുന്നത്.
ഐപാഡ്ഒഎസ് 17 (iPadOS 17) : ഐഒഎസ് 17 -ന് സമാനമായ നിരവധി ഫീച്ചറുകൾ പുതിയ ഐപാഡ്ഒസ് 17 -ലും പ്രതീക്ഷിക്കാം. സ്മാർട്ട് ഹോം ഡിസ്‌പ്ലെ മോഡ്, ജേർണലിങ് ആപ്പ്, ആപ്പുകൾ സൈഡ്‌ലോഡ് ചെയ്യാനുള്ള സപ്പോർട്ട് എന്നിങ്ങനെയുള്ള ഫീച്ചറുകളെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. മൂഡ് ട്രാക്കിങ് ശേഷിയുള്ള ഹെൽത്ത് ആപ്പുകളും ഇക്കൂട്ടത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. മൾട്ടി ടാസ്കിങ് സപ്പോർട്ട് നൽകുന്ന സ്റ്റേജ് മാനേജർ ഫീച്ചർ പുതിയ അപ്ഡേറ്റിൽ പരിഷ്കരിക്കപ്പെടും.


Click it and Unblock the Notifications








