കാശിച്ചിരി പൊട്ടിയാൽ എന്താ, കിട്ടുന്നത് ടോപ് ക്ലാസ് 5ജിയല്ലേ! ഒരു എയർടെൽ സംഭവം
ഇന്ത്യയിൽ ജിയോയും എയർടെലുമാണ് 5ജി സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്. ഈ 5ജിയുടെ നിലവാരം എങ്ങനെയുണ്ട്, ലഭ്യത, സ്ഥിരത എന്നിവയിൽ ആരാണ് മുന്നിൽ എന്നൊക്കെയുള്ള കാര്യങ്ങൾ അറിയാൻ ഇന്ത്യക്കാർക്ക് താൽപര്യമുണ്ടാകും. ഉപഭോക്താക്കളുടെ മൊബൈൽ നെറ്റ്വർക്ക് എക്സ്പീരീയൻസ് വിശകലനം ചെയ്യുന്ന സ്വതന്ത്ര ആഗോള അനലിറ്റിക്സ് സ്ഥാപനമായ ഓപ്പൺ സിഗ്നൽ ഇക്കാര്യങ്ങളിൽ ഇപ്പോൾ തങ്ങളുടെ പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നു. ഇത് പ്രകാരം ഇന്ത്യയിൽ ഏറ്റവും മികച്ച 5ജി എക്സ്പീരിയൻസ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത് എയർടെലിൽ (Airtel) നിന്നാണ്. വീഡിയോ, ലൈവ് വീഡിയോ, ഗെയിമുകൾ, അപ്‌ലോഡ് സ്പീഡ് അനുഭവം എന്നിവയിലെ മൊത്തത്തിലുള്ള എക്സ്പീരിയൻസിലും എയർടെൽ ഒന്നാമതെത്തിയിട്ടുണ്ട്.
5G വീഡിയോ, 5G ലൈവ് വീഡിയോ, 5G ഗെയിംസ് അനുഭവം, 5G ഡൗൺലോഡ് സ്പീഡ്, 5G അപ്‌ലോഡ് സ്പീഡ് എന്നിവ ഉൾപ്പെടുന്ന 5G എക്സ്പീരിയൻസ് മെട്രിക്‌സിൽ ഭാരതി എയർടെൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഓപ്പറേറ്ററായി മുന്നിട്ടു നിൽക്കുന്നു എന്ന് ഓപ്പൺസിഗ്നൽ റിപ്പോർട്ട് പറയുന്നു.

അതായത്, എയർടെൽ ഉപയോക്താക്കൾ ഏറ്റവും വേഗതയേറിയ ശരാശരി 5G ഡൗൺലോഡ്, അപ്‌ലോഡ് വേഗത ആസ്വദിക്കുക മാത്രമല്ല, 5G ഉപയോഗിച്ച് ലൈവ് വീഡിയോകൾ സ്ട്രീം ചെയ്യുമ്പോഴും മൾട്ടിപ്ലെയർ മൊബൈൽ ഗെയിമുകൾ കളിക്കുമ്പോഴും അവർക്ക് ഏറ്റവും മികച്ച നിലവാരമുള്ള എക്സ്പീരീയൻസ് ആസ്വദിക്കാൻ കഴിയുന്നുണ്ട് എന്ന് ഓപ്പൺസിഗ്നലിന്റെ 2024 ഒക്ടോബറിലെ റിപ്പോർട്ട് പറയുന്നു.
5ജിയിലെ എയർടെൽ മികവ്: "എയർടെൽ 5G ഡൗൺലോഡ് സ്പീഡ് അവാർഡ് നേടി, അതിൻ്റെ നെറ്റ്‌വർക്കിലെ ഞങ്ങളുടെ ഉപയോക്താക്കൾ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ 5G ഡൗൺലോഡ് വേഗത കൈവരിക്കുന്നു - ഏകദേശം 240 Mbps, ഇത് ജിയോയേക്കാൾ 6.6 ശതമാനം വേഗതയുള്ളതാണ്'' എന്ന് റിപ്പോർട്ട് പറയുന്നു.

ഇത് കൂടാതെ എയർടെല്ലും 5G അപ്‌ലോഡ് സ്പീഡ് അവാർഡ് നേടിയിട്ടുണ്ട്. 23 എംബിപിഎസ് ആണ് എയർടെലിന്റെ 5G അപ്‌ലോഡ് സ്പീഡ്, ഇത് ജിയോയേക്കാൾ ഏകദേശം 83 ശതമാനം വേഗതയാണ്. എന്നാൽ, ശരാശരി 90 എംബിപിഎസ് വേഗതയുള്ള മൊത്തത്തിലുള്ള ഡൗൺലോഡ് സ്പീഡ് എക്സ്പീരിയൻസ് അവാർഡ് ജിയോയ്ക്ക് ആണ്. ഡൗൺലോഡ് എക്സ്പീരിയൻസിൽ എയർടെലിനേക്കാൾ ഇരട്ടി വേഗം ജിയോയ്ക്കാണ് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം ഏറ്റവുമധികം സ്ഥലങ്ങളിൽ 5ജി ലഭ്യമാക്കി കവറേജിന്റെ കാര്യത്തിൽ ജിയോ മുന്നിൽ നിൽക്കുന്നു. കൂടാതെ സ്ഥിരത, ഡൗൺലോഡ് വേഗത എന്നിവയിലും ജിയോ തന്നെയാണ് ഒന്നാമൻ എന്നാണ് ഓപ്പൺസിഗ്നൽ പറയുന്നത്. ലഭ്യത, 5G ലഭ്യത, കവറേജ് എക്സ്പീരിയൻസ് എന്നിവ ഉൾപ്പെടുന്ന കവറേജ് വിഭാഗത്തിലെ മൂന്ന് അവാർഡുകളിലും ജിയോ ആണ് വിജയി.
"ജിയോ 5G ഉപയോക്താക്കൾ 66.7 ശതമാനം സമയവും 5G-ലേക്ക് കണക്റ്റുചെയ്യുന്നു, ഇത് എയർടെല്ലുള്ളതിനേക്കാൾ ഏകദേശം മൂന്നിരട്ടിയാണ്'' എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 66.5 ശതമാനം സ്‌കോറോടെ, എയർടെലിനേക്കാൾ 3.2 ശതമാനം പോയിൻ്റുമായി ജിയോ കോൺസിസ്റ്റൻ്റ് ക്വാളിറ്റി അവാർഡ് നിലനിർത്തി. ലഭ്യതയിലും ജിയോ-99.4 ശതമാനവുമായി മുന്നിട്ട് നിൽക്കുന്നു, ഇത് രണ്ടാം സ്ഥാനത്തുള്ള എയർടെല്ലിനെ അപേക്ഷിച്ച് ഒരു ശതമാനം മുന്നിലാണ്.

5ജി ഇന്ത്യയിൽ: ഓപ്പൺ സിഗ്നലിന്റെ റിപ്പോർട്ട് പറയുന്നത്, ഉയർന്ന ശേഷിയുള്ള ആപ്ലിക്കേഷനുകൾക്കായി എംഎം വേവ് (26 ജിഗാഹെർട്‌സ്) റിസർവ് ചെയ്‌തിരിക്കുന്ന ഗ്രാമപ്രദേശങ്ങൾക്കായി 700 മെഗാഹെർട്‌സ് ബാൻഡും നഗര കേന്ദ്രങ്ങൾക്കായി 3.5 ജിഗാഹെർട്‌സ് ബാൻഡും ഉപയോഗിച്ച് ജിയോ വലിയ തോതിലുള്ള 5 ജി സ്റ്റാൻഡലോൺ ആക്‌സസ് (5 ജി എസ്എ) നെറ്റ്‌വർക്ക് പുറത്തിറക്കിയിരിക്കുന്നു.
എയർടെൽ നോൺ-സ്റ്റാൻഡലോൺ ആക്സസ് (എൻഎസ്എ) അടിസ്ഥാനമാക്കിയാണ് 5ജി സേവനങ്ങൾ ഇന്ത്യയിൽ നൽകുന്നത്. വേഗത്തിൽ 5ജി പുറത്തിറക്കുന്നതിനായി നിലവിലുള്ള 4ജി ഇൻഫ്രാസ്ട്രക്ചറിന് മുകളിൽ 5ജി വിന്യസിക്കുകയാണ് എയർടെൽ ചെയ്തിരിക്കുന്നത്. അതേസമയം റിപ്പോർട്ടിൽ മറ്റൊരു പ്രധാന കാര്യം കൂടി പറയുന്നുണ്ട്. എയർടെല്ലിൻ്റെയും ജിയോയുടെയും ശരാശരി 5G ഡൗൺലോഡ് വേഗത ഗണ്യമായി കുറഞ്ഞു എന്നതാണ് അത്.
5ജി വേഗതക്കുറവിന് പല കാരണങ്ങളുണ്ട്. അതിൽ പ്രധാന കാരണം 5ജി ഉപയോഗിക്കുന്ന ആളുകളുടെ എണ്ണവും ഉപയോഗവും കൂടിയപ്പോൾ നെറ്റ്‌വർക്ക് തിരക്ക് ഉണ്ടാകുന്നു എന്നതാണ്. ഇന്ത്യയിലെ 5G കണക്ഷനുകളിൽ 16 ശതമാനവും ലോ-ബാൻഡ് (700MHz) സ്പെക്ട്രം ഉപയോഗിക്കുന്നു, ഇത് വലിയ ഏരിയ കവറേജ് വാഗ്ദാനം ചെയ്യുന്നു എങ്കിലും വേഗത കുറവായിരിക്കും എന്നാണ് റിപ്പോർട്ട് പറയുന്നത്.


Click it and Unblock the Notifications








