അവധിദിനങ്ങൾ അടിച്ചുപൊളിക്കാം! ആഗ്രഹങ്ങൾക്ക് പണം തടസമാകില്ല, സ്റ്റേ നൗ പേ ലേറ്റർ ഓപ്ഷനുമായി ഓയോ
അവധിക്കാലം യാത്രകളുമായി ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. യാതൊരു സമ്മർദ്ദവുമില്ലാതെ ഇഷ്ടമുള്ളിടത്തേക്ക് യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ലഭിക്കുന്ന സന്തോഷം ഒന്നു വേറെതന്നെയാണ്. അതിനാൽത്തന്നെ ഇന്ന് ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുമുണ്ട്. തനിച്ചുള്ള യാത്രയായാലും പ്രിയപ്പെട്ടവരുമൊത്തുള്ള യാത്രയായാലും എവിടെ സ്റ്റേ ചെയ്യുമെന്നത് പലപ്പോഴും യാത്രികർക്ക് വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
എന്നാൽ ഓയോ റൂംസിന്റെ വരവോടെ ഇത്തരം ബുദ്ധിമുട്ടുകൾ ഒരുപരിധിവരെ ഇല്ലാതായി. ഇന്ന് യാത്രകൾ പ്ലാൻ ചെയ്യുന്ന നിരവധി പേർക്ക് ഓയോ റൂം സംവിധാനം ഏറെ ഉപകാരപ്പെടുന്നു. ഇന്ത്യക്കാരുടെ യാത്രാ പ്ലാനുകളുടെ ഭാഗമായി മാറിയ ഓയോ ഇപ്പോൾ തങ്ങളുടെ ഉപയോക്താക്കളുടെ അവധിക്കാലം രസകരമാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്.

സ്റ്റേ നൗ ആൻഡ് പേ ലേറ്റർ എന്നാണ് ഓയോ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ഈ ഫീച്ചറിന്റെ പേര്. ആളുകളുടെ യാത്രകൾ കൂടുതൽ എളുപ്പമുള്ളതാക്കാനും ചെലവുകുറയ്ക്കാനും ഈ പ്ലാൻ സഹായിക്കും എന്നാണ് ഓയോ ചൂണ്ടിക്കാണിക്കുന്നത്. ഓയോയുടെ സമ്മർ വെക്കേഷൻ ഇൻഡക്സ് 2023 അനുസരിച്ച്, 82% ഇന്ത്യക്കാർക്കും ഈ വേനൽക്കാലത്ത് വിനോദയാത്രയ്ക്ക് പദ്ധതിയുണ്ട്.
ഇതിൽ 92% ഇന്ത്യക്കാരും ആഭ്യന്തര യാത്രകൾക്കാണ് പ്ലാൻ ചെയ്യുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് ഓയോ സ്റ്റേ നൗ പേ ലേറ്റർ ഫീച്ചർ ഓപ്ഷൻ അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാർക്ക് അവരുടെ അവധിക്കാല ട്രിപ്പുകൾ സാമ്പത്തിക ബാധ്യതയില്ലാതെ വേഗത്തിൽ ആസൂത്രണം ചെയ്യാൻ സ്റ്റേ നൗ പേ ലേറ്റർ ഫീച്ചർ സഹായിക്കും.

ക്രെഡിറ്റ് അധിഷ്ഠിത പേയ്‌മെന്റ് സേവനമായ Simpl-മായി സഹകരിച്ചുകൊണ്ടാണ് ഓയോ സ്റ്റേ നൗ പേ ലേറ്റർ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റേ നൗ പേ ലേറ്റർ ഫീച്ചർ ഉപഭോക്താക്കൾക്ക് 5,000 രൂപ വരെ ക്രെഡിറ്റ് ലിമിറ്റ് വാഗ്ദാനം ചെയ്യുന്നു, അത് 15 ദിവസത്തെ താമസത്തിന് ശേഷം സെറ്റിൽ ചെയ്യാം.
ഓയോ ആപ്പിന്റെ ഹോം സ്‌ക്രീനിൽ സ്റ്റേ നൗ പേ ലേറ്റർ ഫീച്ചർ ആക്‌സസ് ചെയ്യാൻ കഴിയും. ഈ ഫീച്ചർ നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാണ്, ഉടൻ തന്നെ ഐഒഎസ് ഉപയോക്താക്കൾക്കും ലഭ്യമാകും എന്നാണ് കമ്പനി അറിയിക്കുന്നത്. ഏറെ ആഗ്രഹിച്ച യാത്രകൾ താമസച്ചെലവിനെക്കുറിച്ചുള്ള ആശങ്ക മൂലം മുടങ്ങുന്ന സാഹചര്യം ഒരുപരിധിവരെ ഒഴിവാക്കാൻ ഈ പ്ലാൻ സഹായിക്കും.
പുതിയ സ്റ്റേ നൗ പേ ലേറ്റർ ഫീച്ചറിനെക്കുറിച്ച് കമ്പനി പറഞ്ഞത്: ഒരു ഉപഭോക്തൃ കേന്ദ്രീകൃത സ്ഥാപനമെന്ന നിലയിൽ തങ്ങളുടെ ഉപഭോക്താക്കളുടെ യാത്ര കൂടുതൽ സൗകര്യപ്രദമാക്കാൻ ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്ന് ഒയോയുടെ ഗ്ലോബൽ സിഒഒയും ചീഫ് ടെക്‌നോളജി ആൻഡ് പ്രൊഡക്‌ട് ഓഫീസറുമായ അഭിനവ് സിൻഹ പറഞ്ഞു.
''യാത്രകൾ പ്രിയപ്പെട്ടവരുമായുള്ള അനുഭവം ആസ്വദിക്കാൻ മാത്രമായിരിക്കണം, സ്വപ്ന അവധിക്കാലത്തെ പിന്തുടരുന്നതിൽ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഏതെങ്കിലും സാമ്പത്തിക പരിമിതികൾ തടസമാകുന്നുണ്ടെങ്കിൽ അത്തരം പരിമിതികളെ മറികടക്കാൻ സഹായിക്കുന്ന പരിഹാരത്തിനായി ഞങ്ങൾ നിരന്തരം അന്വേഷണങ്ങൾ നടത്തുന്നു. പണച്ചെലവ് പ്രശ്നമുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സൗകര്യപ്രദമായ പേയ്‌മെന്റ് പരിഹാരമായി ഞങ്ങൾ എസ്എൻപിഎൽ(Stay Now Pay Later) വാഗ്ദാനം ചെയ്യുന്നു''.
''ഇതിലൂടെ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അവിസ്മരണീയമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട്, യാത്ര കൂടുതൽ ആക്സസ് ചെയ്യാവുന്നതും ആസ്വാദ്യകരവുമാക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു'' എന്നാണ് പുതിയ ഫീച്ചർ പരിചയപ്പെടുത്തിക്കൊണ്ട് ഓയോ അറിയിച്ചിരിക്കുന്നത്. യാത്രയ്ക്ക് പ്ലാൻ ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം പുതിയ ഫീച്ചർ ഉപകാരപ്പെടുമെന്നാണ് വിലയിരുത്തൽ. ഈ ഫീച്ചറിന്റെ കൂടുതൽ വിശദാംശങ്ങൾ ഓയോ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാകും.

സൂപ്പർ ഓയോ പ്രോഗ്രാം: മികച്ച നിലവാരമുള്ള താമസ സൗകര്യം ഒരുക്കുന്നതിനായി ഓയോ കഴിഞ്ഞ വർഷം സൂപ്പർ ഓയോ പ്രോഗ്രാം അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് മികച്ച സേവനം സ്ഥിരമായി നൽകുന്ന ഹോട്ടലുകളെ തിരിച്ചറിയാനാണ് ഇത്തരമൊരു പദ്ധതി തയാറാക്കിയത്. റേറ്റിംഗുകളും അഭിപ്രായങ്ങളും റൂമുകളുടെ നിലവാരവും സുഗമമായ ചെക്ക്-ഇൻ അനുഭവവും ഉൾപ്പെടെയുള്ളവ സൂപ്പർ ഓയോ പ്രോഗ്രാം വിലയിരുത്തുന്നു.
ഓയോ ആപ്പ് വഴി ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ, ലിസ്റ്റ് ചെയ്തിരിക്കുന്ന സൂപ്പർ ഓയോ ഹോട്ടലുകൾ കാണാൻ കഴിയും. നിലവിൽ, രാജ്യത്തെ 73 നഗരങ്ങളിലായി 200-ലധികം സൂപ്പർ ഒയോകൾ വെബ്‌സൈറ്റിലും ആപ്പിലും ലഭ്യമാണ്. ഹോം സ്‌ക്രീനിലെ സൂപ്പർ ഓയോ ബാനറിൽ ടാപ്പ് ചെയ്‌ത് ഉപയോക്താക്കൾക്ക് സൂപ്പർ ഓയോ വിഭാഗത്തിലേക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയും.


Click it and Unblock the Notifications








