ട്വിറ്റര്‍ നിരോധനം പിന്‍വലിച്ചു

Posted By: Super

 ട്വിറ്റര്‍ നിരോധനം പിന്‍വലിച്ചു

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചിത്രം പ്രസിദ്ധപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ട്വിറ്ററിന് പാകിസ്ഥാന്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. ഇന്നലെയാണ് പാക് ഐടി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ടെലികോം അതോറിറ്റി ട്വിറ്റര്‍ നിരോധിച്ചത്. എന്നാല്‍ അതോറിറ്റി തന്നെ മണിക്കൂറുകള്‍ക്കകം നിരോധനം പിന്‍വലിക്കുകയായിരുന്നു. ടെലികോം വക്താവ് മുഹമ്മദ് യുനീസ് ഖാനാണ് ഇക്കാര്യം അറിയിച്ചത്.

നിരോധനം പിന്‍വലിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഇതേക്കുറിച്ച് അതോറിറ്റിയോ ട്വിറ്ററോ ഒന്നും പ്രതികരിച്ചിട്ടില്ല. മുസ്ലീം ജനതയുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളള്ളടക്കമാണ് ട്വിറ്ററില്‍ പ്രസിദ്ധപ്പെടുത്തിയതെന്നായിരുന്നു നിരോധനം പിന്‍വലിക്കും മുമ്പ് വക്താവ് അറിയിച്ചത്. ഫെയ്‌സ്ബുക്ക് നടത്തിയ പ്രവാചകന്‍ നബിയുടെ ചിത്രം വര മത്സരത്തിന്റെ പ്രമോഷനാണ് ട്വിറ്ററില്‍ വന്നത്.

ഈ പ്രശ്‌നത്തില്‍ ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും പങ്കുണ്ടായിരുന്നെങ്കിലും പാക് സര്‍ക്കാരിന്റെ ആവശ്യം മാനിച്ച് പാകിസ്ഥാനില്‍ ഈ ഉള്ളടക്കം ഉള്‍പ്പെടുന്ന ഫെയ്‌സ്ബുക്ക് പേജ് ആക്‌സസ് ചെയ്യാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഭീമന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇതേ കാര്യം ട്വിറ്ററിനോട് ആവശ്യപ്പെട്ടപ്പോള്‍ ആവശ്യം ട്വിറ്റര്‍ തള്ളുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് നിരോധനം ഏര്‍പ്പെടുത്താന്‍ അതോറിറ്റി തീരുമാനിക്കാന്‍ കാരണമായതും.

എന്നാല്‍ നിരോധനം പിന്‍വലിച്ചെങ്കിലും ട്വിറ്റര്‍ ഇപ്പോഴും ആ ഉള്ളടക്കത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. അതിനാല്‍ എന്തുകൊണ്ട് ടെലികോം വകുപ്പ് മണിക്കൂറുകള്‍ക്കകം നിരോധനം പിന്‍വലിച്ചെന്നതും വ്യക്തമല്ല.

അതേ സമയം വിവിധ മനുഷ്യാവകാശപ്രവര്‍ത്തകര്‍, ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവ പാകിസ്ഥാന്റെ ട്വിറ്റര്‍ നിരോധന നീക്കത്തിനെതിരെ ശക്തമായ ഭാഷയില്‍ എതിര്‍പ്പുകള്‍ രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ ദുര്‍ബലതയാണ് ഇത്തരം നീക്കങ്ങളിലൂടെ മനസ്സിലാകുന്നതെന്നും ചിലര്‍ എഴുതി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot