ജീവനക്കാരന്‍ മരിച്ചാലും 10 വര്‍ഷത്തേയ്ക്ക് പങ്കാളിയ്ക്ക് ശമ്പളം

Posted By: Staff

ജീവനക്കാരന്‍ മരിച്ചാലും 10 വര്‍ഷത്തേയ്ക്ക് പങ്കാളിയ്ക്ക് ശമ്പളം


ജീവനക്കാരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ മുമ്പേ പേരു കേട്ട കമ്പനിയാണ് ഗൂഗിള്‍. സൗജന്യ ഭക്ഷണം, ഫിറ്റ്‌നസ് ക്ലാസുകള്‍, വിശ്രമം തുടങ്ങി സ്വന്തം കാറുകള്‍ കഴുകാനുള്ള സൗകര്യം വരെ ജീവനക്കാര്‍ക്ക് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍ പല ദൃശ്യങ്ങളും ഇമെയിലുകള്‍ വഴി നമ്മുടെ പക്കലും എത്തിയിട്ടുണ്ടാകും. മരണം സംഭവിച്ച ജീവനക്കാരുടെ കുടുംബത്തിന്റെ സംരക്ഷണം സംബന്ധിച്ച ഒരു പുതിയ തീരുമാനം എടുത്തതിലൂടെയാണ് ഗൂഗിള്‍ വീണ്ടും കമ്പനിയെന്ന നിലയില്‍ പ്രശസ്തിയാര്‍ജ്ജിക്കുന്നത്.

മരിച്ച ജീവനക്കാരന്റെ ഭാര്യ/ഭര്‍ത്താവ്/ആശ്രിതര്‍ക്ക് ജീവനക്കാരനുണ്ടായ ശമ്പളത്തിന്റെ പകുതി 10 വര്‍ഷത്തോളം നല്‍കാന്‍ ഗൂഗിള്‍ തീരുമാനിച്ചതാണ് വാര്‍ത്ത. ഫോര്‍ബ്‌സ് ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സാധാരണ രീതിയില്‍ സ്വകാര്യകമ്പനികള്‍ ജീവനക്കാരുടെ സുരക്ഷയ്ക്കായി ഇത്രയും വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ ഈ മാതൃകപരമായ നീക്കം. ഈ വര്‍ഷാദ്യം മുതലേ പുതിയ സമ്പ്രദായം നിലവില്‍ വന്നുകഴിഞ്ഞത്രെ.

ശമ്പളത്തില്‍ മാത്രം ഒതുങ്ങുന്നില്ല ഗൂഗിളിന്റെ പുതിയ ഓഫറെന്ന് മാഷബിള്‍ ഒരു ഗൂഗിള്‍ വക്താവ് വഴി സ്ഥിരീകരിക്കുന്നുണ്ട്. മരിച്ചയാളുടെ പങ്കാളിക്ക് ഓഹരി നേട്ടങ്ങളും സ്വന്തമാക്കാം. മാത്രമല്ല കുട്ടികള്‍ക്ക് 19 വയസ്സ് പൂര്‍ത്തിയാകും വരെ പ്രതിമാസം 1,000 ഡോളറും ഗൂഗിള്‍ നല്‍കുന്നുണ്ട്. ചില സാഹചര്യങ്ങളില്‍ അത് നീട്ടുകയും ചെയ്യും.

ബിസിനസിന് നേരിട്ടൊരു നേട്ടമില്ലെങ്കിലും ഒരു ശരിയായ തീരുമാനമായാണ് ഗൂഗിള്‍ ഇതിനെ കാണുന്നത്. ആകസ്മികമായി ഉണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് ജീവനക്കാരെയും കുടുംബത്തേയും സംരക്ഷിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഗൂഗിളിന്റെ ഈ ഓഫര്‍ കൂടുതല്‍ പേരെ ഈ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നതില്‍ സംശയമില്ല. ഇക്കാര്യം ഗൂഗിളും തള്ളുന്നില്ലെങ്കിലും ഇത്തരമൊരു ഘടകം ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

സ്വാഗതാര്‍ഹമായ തീരുമാനമല്ലേ ഗൂഗിള്‍ കൈകൊണ്ടത്? നിങ്ങള്‍ക്കെന്തു തോന്നുന്നു?

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot