ഗ്യാസ്, പെട്രോൾ, കറൻ്റ് ബില്ലുകൾക്ക് ഉറപ്പായും ക്യാഷ്ബാക്ക്! 750 രൂപവരെ ക്യാഷ്ബാക്കുമായി BHIM ആപ്പ്
ആളുകളുടെ പോക്കറ്റിൽ ഓട്ട വീഴ്ത്തുന്നതിൽ ഗ്യാസ് സിലണ്ടർ ബില്ലും, ഇലക്ട്രിസിറ്റി ബില്ലും പെട്രോൾ നിരക്കുമൊക്കെ ഒരുപോലെ മുന്നിൽ നിൽക്കുന്നു. എന്നാൽ ഇത്തരം വിവിധ ബില്ലുകൾ അടയ്ക്കുന്ന ഘട്ടത്തിൽ ചെറിയ ആശ്വാസം പകരുന്ന നീക്കവുമായി എൻസിപിഐ യുടെ ബീം ആപ്പ് (BHIM app) രംഗത്ത്.
പേടിഎം പേയ്മെന്റ് സേവനങ്ങളുടെ ഉപയോഗത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ( RBI ) അടുത്തിടെ ചില നിയന്ത്രണങ്ങൾ ഒക്കെ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപയോക്താക്കളെ ആകർഷിക്കാൻ 750 രൂപ വരെയുള്ള വിവിധ ക്യാഷ്ബാക്ക് ഓഫറുകളമായി ബീം ആപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.

ഇന്ത്യയിലെ യുപിഐ പേയ്മെന്റുകളുടെ ചുമതലയുള്ള നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻസിപിഐ) വികസിപ്പിച്ച മണി ട്രാൻസ്ഫർ ആപ്പാണ് ബീം (BHIM). ഗൂഗിൾപേ, പേടിഎം, ഫോൺപേ പോലുള്ള ആപ്പുകളുടെ പ്രചാരത്തിനിടയിൽ ബീം ആപ്പിന്റെ വളർച്ച മുരടിച്ച് പോയിരുന്നു. ഇപ്പോഴത്തെ അനുകൂല അന്തരീക്ഷം മുതലെടുത്ത് ഉപയോക്താക്കളെ ആകർഷിച്ച് വളരാനാണ് പുതിയ ഓഫറുകളുമായി ബീം ആപ്പ് ശ്രമിക്കുന്നത്.
യാത്രകൾ നടത്തുന്നവർക്കും ഭക്ഷണം ആസ്വദിക്കുന്നവർക്കും ഉൾപ്പെടെ ഉപകാരപ്പെടുന്ന വിധത്തിൽ ചില ക്യാഷ്ബാക്ക് ഓഫറുകൾ ബീം ആപ്പ് മുന്നോട്ട് വയ്ക്കുന്നു. പെട്രോൾ, ഡീസൽ, സിഎൻജി തുടങ്ങിയ ഇന്ധനങ്ങൾക്ക് ബിൽ നൽകുമ്പോൾ BHIM ആപ്പ് വഴി പണം അടച്ചാൽ 1 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

BHIM ആപ്പിൻ്റെ ഉപയോക്താക്കൾ ഭക്ഷണവും യാത്രയുമായി ബന്ധപ്പെട്ട് 100 രൂപയിൽ കൂടുതൽ തുകയുടെ പേയ്‌മെൻ്റുകൾ ആപ്പിലൂടെ നടത്തിയാൽ 30 രൂപ ഫ്ലാറ്റ് ക്യാഷ്ബാക്ക് ലഭിക്കും. റെയിൽവേ ടിക്കറ്റ് ബുക്കിംഗ്, ടാക്സികൾ, ക്യാബുകൾ, ബസ് ടിക്കറ്റുകൾ തുടങ്ങിയവയെല്ലാം യാത്രയുമായി ബന്ധപ്പെട്ട ചെലവുകളുടെ പരിധിയിൽ വരുന്നുണ്ട്.
മർച്ചൻ്റ് യുപിഐ ക്യുആർ കോഡ് വഴി പേയ്‌മെൻ്റുകൾ സ്വീകരിക്കുന്ന എല്ലാ റെസ്റ്റോറൻ്റുകളിലും ഈ ബീം ആപ്പ് ക്യാഷ്ബാക്ക് ഓഫർ ലഭിക്കും. ഭക്ഷണം, യാത്ര എന്നിവയുമായി ബന്ധപ്പെട്ട ബീം ആപ്പ് ഓഫർ പ്രകാരം ഒരു ഉപയോക്താവിന് പരമാവധി 150 രൂപ വരെയാണ് ക്യാഷ്ബാക്ക് ലഭിക്കുക.
കൂടാതെ 100 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 5 തവണ മാത്രമേ റിഡീം ചെയ്യാൻ കഴിയൂ. ഇങ്ങനെ ലഭിക്കുന്ന ക്യാഷ്ബാക്ക് തുക BHIM ആപ്പുമായി ലിങ്ക് ചെയ്തിട്ടുള്ള ഉപയോക്താവിൻ്റെ പ്രാഥമിക ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. എന്നാൽ ക്യാഷ്ബാക്ക് ഓഫർ ലഭിക്കുന്നതിന് ഉപയോക്താവ് BHIM ആപ്പ് വേർഷൻ 3.7 അല്ലെങ്കിൽ അതിനുമുകളിലുള്ള വേർഷൻ ഉപയോഗിക്കണം.

BHIM ആപ്പ് പ്രഖ്യാപിച്ച ഈ ക്യാഷ്ബാക്ക് ഓഫർ മാർച്ച് 31 വരെയാണ് ലഭ്യമാകുക. ഈ ഓഫർ ലഭിക്കുന്നതിന്, ഉപയോക്താക്കൾക്ക് അവരുടെ BHIM ആപ്പുമായി ഒരു Rupay ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്തിരിക്കണം. ഒരിക്കൽ ലിങ്ക് ചെയ്‌താൽ, ഓഫർ കാലയളവിൽ 100 രൂപയ്ക്ക് മുകളിലുള്ള ആദ്യത്തെ മൂന്ന് ഇടപാടുകൾക്ക് 100 രൂപ ഫ്ലാറ്റ് ക്യാഷ്ബാക്ക് ലഭിക്കും.
ഓഫർ കാലയളവിൻ്റെ ആദ്യ മാസത്തിൽ 200 രൂപയ്ക്ക് മുകളിലുള്ള അടുത്ത അഞ്ച് ഇടപാടുകൾക്ക് BHIM ആപ്പ് 30 രൂപ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യും. അടുത്ത മാസമായ മാർച്ചിൽ ഈ ഓഫർ വീണ്ടും ലഭ്യമാകും. പെട്രോൾ, ഡീസൽ, സിഎൻജി എന്നിവയുൾപ്പെടെ എല്ലാ ഇന്ധന പേയ്‌മെൻ്റുകൾക്കും BHIM ആപ്പ് 1 ശതമാനം ക്യാഷ്ബാക്ക് നൽകുന്നു.
കുറഞ്ഞത് 100 രൂപയുടെ പേയ്മെന്റ് നടത്തുന്ന വൈദ്യുതി, വെള്ളം, ഗ്യാസ് സിലിണ്ടർ ബില്ലുകൾ പോലുള്ള യൂട്ടിലിറ്റി ബിൽ പേയ്‌മെൻ്റുകൾക്കും 1 ശതമാനം ക്യാഷ്ബാക്ക് ബാധകമാണ്. ഈ ക്യാഷ്ബാക്ക് ഓഫർ കാലയളവ് ബീം ആപ്പ് നീട്ടുമോ എന്നകാര്യത്തിൽ വ്യക്തതയില്ല. എന്തായാലും BHIM ആപ്പ് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ക്യാഷ്ബാക്ക് ഓഫർ സന്തോഷകരമാണ്.


Click it and Unblock the Notifications








