ഡിജിറ്റൽ ഇടപാടിന് സോളാർ കരുത്തും ! ആദ്യ സോളാർ സൗണ്ട്‌ബോക്‌സ് പുറത്തിറക്കി പേടിഎം
ഇന്ന് ഡിജിറ്റൽ ഇടപാടുകൾ കൗതകമുള്ള കാര്യമല്ല. മുക്കിലും മൂലയിലും ഈ ഡിജിറ്റൽ പേയ്മെൻറുകൾ അടക്കിവാഴുന്ന കാലമാണ്. പെട്ടിക്കടകൾ മുതൽ ഷോപ്പിങ് മാളുകൾ വരെ യുപിഐ ഇടപാടിലേക്ക് വന്നിട്ടുണ്ട്. 'നന്ദിയുണ്ടേ...യ്' എന്നവസാനിക്കുന്ന മമ്മുട്ടിയുടെ ഡയലോഗും നമുക്ക് സുപരിചിതമായി. എന്നാൽ ഈ പേയ്മെൻറ് സൗണ്ട് ബോക്സുകൾ എങ്ങനെയെന്ന് പ്രവർത്തിക്കുന്നതെന്ന് അറിയാമോ..? ബാറ്ററി സപ്പോർട്ടോടു കൂടി വൈദ്യുതിക്കാണ് ഇവ പ്രവർത്തിക്കുന്നത്. എന്നാൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന പേയ്മെൻറ് സൗണ്ട് ബോക്സ് പുറത്തിറക്കിയിരിക്കുകയാണ് പേടിഎം. പ്രകൃതിക്ക് ദോശമില്ലാതെ സൗരോർജം ഉപയോഗപ്പെടുത്തിയാണ് ഇതിന്റെ പ്രവർത്തനം. ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സൗണ്ട്‌ബോക്‌സ് ആണ് പേടിഎം പുറത്തിറക്കിയിരിക്കുന്നത്.
കുറഞ്ഞ സൂര്യപ്രകാശത്തിൽ ഫുൾ ചാർജാവാൻ കഴിയുന്ന ഇതിന് ഒരു ദിവസം മുഴുവൻ പ്രവർത്തിക്കാനും കഴിയും. വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനും ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കാനും ഈ സൗരോർജ സൗണ്ട് ബോക്സിനാവും. വൈദ്യുതിയില്ലാത്ത സമയത്തും ചാർജ് ആവുന്നതിനാൽ ഗ്രാമപ്രദേശങ്ങളിലുള്ള ചെറുകിട കച്ചവടക്കാർക്ക് ഈ സൗകര്യം ഏറെ ഗുണകരമാവും.

പേടിഎം സോളാർ സൗണ്ട്ബോക്സിന് മുകളിൽ ചെറിയ സോളാർ പാനൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് സൂര്യപ്രകാശത്തിൽ ഓട്ടോമാറ്റിക് ചാർജാവാൻ സഹായിക്കുന്നു. കൂടാതെ രണ്ട് തരം ബാറ്ററികളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒന്ന് സൗരോർജം വഴിയും മറ്റൊന്ന് വൈദ്യുതി വഴിയുമാണ് ചാർജ് ആവുക.
സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബാറ്ററിക്ക് 2-3 മണിക്കൂർ സൂര്യപ്രകാശം ഏൽക്കുമ്പോൾ ഒരു ദിവസം മുഴുവൻ പ്രവർത്തിക്കാൻ കഴിയും. അതേസമയം വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ബാറ്ററി റീചാർജ് ചെയ്യാതെ തന്നെ 10 ദിവസം വരെ നിലനിൽക്കും. പേടിഎം ക്യുആർ കോഡ് വഴിയുള്ള ഇടപാടുകൾക്ക് ഏറെ സഹായകരമാണ് ഈ ഡിവൈസ്.

ചെറുകിട വ്യാപാരികൾ, തെരുവ് കച്ചവടക്കാർ, കരകൗശല വിദഗ്ധർ എന്നിവർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ സൗണ്ട് ബോക്സിൽ 4G കണക്ഷനും വ്യക്തമായ ഓഡിയോ പേയ്‌മെന്റ് സ്ഥിരീകരണങ്ങൾക്കായി 3 വാട്ട് സ്പീക്കറും ഉൾപ്പെടുന്നുണ്ട്. ഇന്ത്യയിലെ 11 ഭാഷകളിൽ അറിയിപ്പുകൾ നൽകാനും ഈ സൗണ്ട്‌ബോക്‌സിന് കഴിയും.
സോളാർ സൗണ്ട്‌ബോക്‌സിന് പുറമേ പേടിഎം അടുത്തിടെ എൻഎഫ്‌സി കാർഡ് സൗണ്ട്‌ബോക്‌സും അവതരിപ്പിച്ചിരുന്നു. എൻഎഫ്‌സി സാങ്കേതികവിദ്യ മൊബൈൽ ക്യുആർ പേയ്മെന്റുകളുമായി സംയോജിപ്പിച്ച് ഓഫ്‌ലൈൻ വ്യാപാരികൾക്ക് വിപുലീകൃത പേയ്‌മെന്റ് ഇക്കോസിസ്റ്റമാണ് എൻഎഫ്‌സി കാർഡ് സൗണ്ട്‌ബോക്‌സിലൂടെ ലഭിച്ചിരുന്നത്. ഏതായാലും സോളാറിൽ പ്രവർത്തിക്കുന്ന സൗണ്ട്‌ബോക്‌സ് ഏറെ സ്വീകാര്യമാകുമെന്ന് പ്രതീക്ഷിക്കാം.
അതേ സമയം ബില്ലുകൾ അടയ്ക്കുമ്പോൾ കൺവീനിയൻസ് ഫീസ് (convenience fee) ഈടാക്കാനുള്ള നീക്കത്തിലാണ് ഗൂഗിൾ പേ എന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ബിൽ പേയ്‌മെന്റുകൾക്കാണ് കൺവീനിയൻസ് ഫീസ് ഈടാക്കുക. 0.5 ശതമാനം മുതൽ 1 ശതമാനം വരെയാണ് ചാർജ് ഈടാക്കുക. ഒപ്പം ജിഎസ്ടിയും നൽകേണ്ടി വരും. നിലവിൽ സൊമാറ്റോയും മറ്റ് ആപ്പുകളും അവരുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന് കൺവീനിയൻസ് ചാർജ് ഈടാക്കുന്നുണ്ട്. കഴിഞ്ഞ വർഷം നവംബർ മുതൽ ഗൂഗിൾ പേ ഉപയോഗിച്ച് മൊബൈൽ റീച്ചാർജ് ചെയ്യാൻ കൺവീനിയൻസ് ഫീസ് ഈടാക്കാൻ തുടങ്ങിയിരുന്നു. മൂന്ന് രൂപയാണ് മൊബൈൽ റീചാർജ് ചെയ്യാൻ ഗൂഗിൾ പേ ഈടാക്കുന്നത്. എന്നാൽ യുപിഐ ബാങ്ക് ഇടപാടുകൾക്ക് നിലവിൽ യാതൊരു ഫീസും ഈടാക്കുകയില്ല.
ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾ വർധിച്ചുവരികയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2025 ജനുവരിയിൽ 23.48 ലക്ഷം കോടി രൂപയുടെ 16.99 ബില്യൺ ഇടപാടുകളാണ് യുപിഐ ഇടപാടിലൂടെ രേഖപ്പെടുത്തിയത്. ഇത് വാർഷികാടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ 39 ശതമാനം വളർച്ചയെ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications







