ഫോൺപേ ക്യാഷ്ബാക്ക് ഓഫർ കണ്ട് എടുത്തുചാടി; പോലീസുകാരന് നഷ്ടമായത് 2ലക്ഷം, ശേഷം ഭാഗം ലോക്കപ്പിൽ!
ടെക്നോളജി വികസിക്കുന്ന വേഗത്തിൽ തന്നെ സൈബർ ക്രിമിനലുകളുടെ തട്ടിപ്പ് രീതികളും വികസിക്കാറുണ്ട്. ഓൺലൈൻ തട്ടിപ്പുകളിലൂടെ ദിവസവും നിരവധി പേർക്കാണ് ലക്ഷക്കണക്കിന് രൂപ നഷ്ടമായിക്കൊണ്ടിരിക്കുന്നത്. വ്യാജ ലിങ്കുകൾ അടങ്ങിയ മെസേജുകളിലൂടെയും ആപ്പുകളിലൂടെയും ആളുകളുടെ പണം തട്ടിയെടുത്ത നിരവധി സംഭവങ്ങൾ ദിവസവും റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
സാധാരണക്കാർ മുതൽ ടെക്നോളജിമേഖലയിലുള്ള സോഫ്ട്വേർ എൻജിനീയർമാരും ഐടി പ്രൊഫഷണലുകളും എന്തിനേറെപ്പറയുന്നു, ദിവസവും നിരവധി തട്ടിപ്പുകൾ കാണുന്ന പോലീസുകാർ വരെ ഇത്തരം സൈബർ തട്ടിപ്പുകൾക്ക് ഇരയായി പണം നഷ്ടമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ നാടകീയമായ സംഭവങ്ങളിലൂടെ ഡൽഹി പോലീസിലെ ഒരു ഉദ്യോഗസ്ഥന്റെ രണ്ടുലക്ഷം രൂപയാണ് നഷ്ടമായത്.

പോലീസുകാരന്റെ പണം നഷ്ടമായതോടെ പണം അടിച്ചുമാറ്റിയ വിധത്തെക്കാൾ ആകാംക്ഷാഭരിതമായ സംഭവങ്ങളാണ് പിന്നീട് നടന്നത് എന്നത് വേറെ കാര്യം. ഏറെ ജനപ്രിയ പേയ്മെന്റ് ആപ്പ് ആയ ഫോൺപേയുടെ ക്യാഷ്ബാക്ക് ഓഫറിന്റെ പേര് ഉപയോഗിച്ചാണ് പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് സൈബർ ക്രിമിനലുകൾ പണം തട്ടിയത്.
സംഭവം സംബന്ധിച്ച പിടിഐ റിപ്പോർട്ടുകൾ പ്രകാരം, ഡൽഹി പോലീസ് ഉദ്യോഗസ്ഥന് ഒരു അപരിചിതമായ നമ്പറിൽ നിന്ന് ഒരു മെസേജ് എത്തുന്നതോടെയാണ് തട്ടിപ്പിന്റെ കഥ ആരംഭിക്കുന്നത്. അജ്ഞാതമായ നമ്പറിൽനിന്ന് എത്തിയ മെസേജിൽ പോലീസ് ഉദ്യോഗസ്ഥന് തൊട്ടുമുമ്പ് നടത്തിയ പണമിടപാടിന്റെ ഭാഗമായി ക്യാഷ്ബാക്ക് ഓഫർ ലഭ്യമായതായി അറിയിച്ചു.

തുടർന്ന് ഈ ക്യാഷ് ലഭിക്കുന്നതിനായി ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദേശിച്ചു. ഫോൺപേ പലപ്പോഴും ക്യാഷ്ബാക്കുകൾ നൽകുന്നതിനാൽ സംഭവം സത്യമായിരിക്കുമെന്ന് പോലീസുകാരൻ വിശ്വസിച്ചു. തുടർന്ന് അജ്ഞാത നമ്പറിൽനിന്ന് നിർദേശിച്ച ആപ്പ് അദ്ദേഹം തന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു. ഫോൺപേയുമായി യാതൊരു ബന്ധവുമില്ലാത്ത ആ ആപ്പ് തട്ടിപ്പുകാർക്ക് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് ആക്സസ് നേടാൻ സജ്ജമാക്കിയതായിരുന്നു.
ഇതറിയാതെ പോലീസ് ഉദ്യോഗസ്ഥൻ ആപ്പ് ഇൻസ്റ്റാൾ ചെയ്തതോടെ അദ്ദേഹത്തിന്റെ ഫോണിന്റെ നിയന്ത്രണം സൈബർ ക്രിമിനലുകൾക്ക് ലഭ്യമായി. തുടർന്ന് ഒന്നിലധികം ഇടപാടുകളിലൂടെ ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ക്രെഡിറ്റ് കാർഡിൽ നിന്നും ആകെ 2,12,000 രൂപ തട്ടിപ്പുകാർ തങ്ങളുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു.
പണം നഷ്ടമായത് തിരിച്ചറിഞ്ഞ പോലീസുകാരൻ ഉടൻ തന്നെ പരാതി നൽകി. സംഭവത്തിൽ അതിവേഗം പ്രവർത്തിച്ച പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിലെ 4-5 ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഈ പണം കൈമാറിയിരിക്കുന്നത് എന്ന് പോലീസ് കണ്ടെത്തി.
പശ്ചിമ ബംഗാളിൽ സ്ഥിതി ചെയ്യുന്ന ഇൻഡെൻ ഗ്യാസ് ഏജൻസിയുടെ അക്കൗണ്ടിന്റെ ഡിജിറ്റൽ വാലറ്റിലേക്കും തുക എത്തിയിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഈസ്റ്റ്) അമൃത ഗുഗുലോത്ത് പറഞ്ഞു. ബാങ്ക് അക്കൗണ്ടുകളുടെ ലിങ്കുകളും വിശദാംശങ്ങളും പരിശോധിച്ച പോലീസ് തുടർന്ന് യുപിയിലെ സീതാപൂരിലും പശ്ചിമ ബംഗാളിലും റെയ്ഡുകൾ നടത്തി തട്ടിപ്പുമായി ബന്ധപ്പെട്ട 4 പേരെ അറസ്റ്റ് ചെയ്തു.
കുർബൻ അലി (29), ഭാര്യ സന പർവീൺ (27), സൗവിക് പഞ്ച (27), അജയ് ജന (27) എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായത്. പ്രതികളിൽ രണ്ടുപേർ സീതാപൂർ സ്വദേശികളാണെന്നും ബാക്കിയുള്ളവർ പശ്ചിമ ബംഗാളിൽ നിന്നുള്ള മിഡ്‌നാപൂർ സ്വദേശികളാണെന്നും പോലീസ് അറിയിച്ചു. ഇവരിൽനിന്ന് എടിഎം കാർഡുകൾ, ചെക്ക് ബുക്കുകൾ, പാസ്ബുക്കുകൾ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥനിൽനിന്ന് പ്രതികൾ തട്ടിയെടുത്ത മുഴുവൻ തുകയും തിരിച്ചുപിടിക്കാൻ പോലീസിന് കഴിഞ്ഞു. സാധാരണ ഇത്തരം തട്ടിപ്പുകൾ ഉണ്ടായാൽ പോലീസിൽ പരാതി നൽകിയാലും അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തുന്നതും പണം തിരികെ ലഭിക്കുന്നതും അപൂർവമായേ സംഭവിക്കാറുള്ളൂ. ഇവിടെ ഏറെ താൽപര്യമെടുത്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താൻ പോലീസിന് സാധിച്ചു എന്നത് എടുത്തുപറയേണ്ടതുണ്ട്.
ഫോൺ പേ പോലുള്ള യുപിഐ പേയ്മെന്റ് ആപ്പുകൾ നൽകുന്ന ക്യാഷ്ബാക്കുകൾക്ക് തേർഡ്പാർട്ടി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല എന്നകാര്യം എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. ഫോൺപേയും, ഗൂഗിൾപേയുമൊക്കെ തങ്ങളുടെ സ്വന്തം പ്ലാറ്റ്ഫോം വഴി തന്നെയാണ് ക്യാഷ്ബാക്ക് നൽകുന്നത്. വിശ്വസനീയ കേന്ദ്രങ്ങളിൽനിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യണമെന്നും, ഓൺലൈൻ ഇടപാടുകളിൽ ജാഗ്രതപാലിക്കണമെന്നും ഈ സംഭവം ഓർമിപ്പിക്കുന്നു.


Click it and Unblock the Notifications