സംശയിക്കേണ്ട, ഇത് എഐ ചിത്രമൊന്നുമല്ല, സാക്ഷാൽ സക്കർബർഗ് തന്നെ! ഇതിന് പിന്നിലൊരു കഥയുണ്ട്...
രണ്ട് സുഹൃത്തുക്കൾക്കൊപ്പം മസിലും കാണിച്ച് നിൽക്കുന്ന മെറ്റ സിഇഒ മാർക്ക് സക്കർബർഗിന്റെ ചിത്രം ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ട്വിറ്റർ സിഇഒ ഇലോൺ മസ്കുമായുള്ള കേജ് ഫൈറ്റുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച എഐ ചിത്രമാണോ ഇതെന്നാണ് പലരും സംശയിക്കുന്നത്. എന്നാൽ കേട്ടുകൊള്ളൂ. ഇത് എഐയൊന്നുമല്ല, സാക്ഷാൽ സക്കർബർഗ് തന്നെയാണ്.
എംഎംഎ ( മിക്സഡ് മാർഷൽ ആർട്സ് ) പ്രൊഫഷണലുകളായ ഇസ്രായേൽ അഡെസന്യ ( സ്റ്റൈൽബെൻഡർ ) അലക്സാണ്ടർ വോൾക്കനോവ്സ്കി എന്നിവരോടൊപ്പം പോസ് ചെയ്യുന്ന സക്കർബർഗിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. ഇസ്രായേൽ അഡെസന്യയാണ് ഇൻസ്റ്റാഗ്രാമിലും പുതുതായി ലോഞ്ച് ചെയ്ത ത്രെഡ്സിലും ഈ ഫോട്ടോകൾ പോസ്റ്റ് ചെയ്തത്.

മെറ്റയുടെ സിഇഒ കസേരയിൽ ഇരിക്കുന്നതിനെക്കാൾ കൂടുതൽ സമയം, റിങ്ങിൽ വർക്ക്ഔട്ട് ചെയ്യുന്നതിനാണ് മാർക്ക് സക്കർബർഗ് ചെലവഴിക്കുന്നത് എന്ന് തോന്നിക്കും വിധത്തിലുള്ളതാണ് ഫോട്ടോ. അടുത്തിടെയായി സക്കർബർഗ് തന്റെ എംഎംഎ, ജിയു-ജിറ്റ്സു പരിശീലന മത്സരങ്ങളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യാറുണ്ട് എന്നതും ഈ സംശയം വർധിപ്പിക്കുന്നു.
ട്വിറ്റർ എതിരാളിയായി മെറ്റ ത്രെഡ്സിനെ പ്രഖ്യാപിച്ചതിന് പിന്നാലെ, സക്കർബർഗിന്റെ ജിയു ജിറ്റ്സു ചിത്രം കണ്ട് ട്വിറ്റർ സിഇഒ ഇലോൺ മസ്ക് പരിഹസിച്ചതും അദ്ദേഹത്തെ കേജ് ഫൈറ്റിനായി വെല്ലുവിളിച്ചതും സക്കർബർഗ് അത് ഏറ്റെടുത്തതും വൻ ചർച്ചയായിരുന്നു. മസ്കിനെ നേരിടാനുള്ള പരിശീലനത്തിന്റെ ഭാഗമായിട്ടാണോ ഈ പരിശീലനം എന്നാണ് ത്രെഡ്സ് ഉപയോക്താക്കൾ ഇപ്പോൾ ചോദിച്ചുകൊണ്ടിരിക്കുന്നത്.
യഥാർഥത്തിൽ മസ്കും സക്കർബർഗും തമ്മിലുള്ള കായികമായ ഏറ്റുമുട്ടലിന് സാധ്യത തീരെയില്ല. എങ്കിലും സാമൂഹികമാധ്യമങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചകൾ സജീവമാണ്. സക്കർബർഗിന്റെ കായികക്ഷമത വ്യക്തമാക്കുന്ന പരിശീലന ചിത്രത്തിന്റെ താഴെ നിരവധിപേരാണ് കമന്റുകളുമായി എത്തിയത്. നിങ്ങൾ കൊളോസിയത്തിൽ ഏറ്റുമുട്ടുന്നുണ്ടോ ഇല്ലയോ എന്നായിരുന്നു കൂടുതൽ ത്രെഡ്സ് ഉപയോക്താക്കൾക്കും ചോദിക്കാനുണ്ടായിരുന്നത്.
ഈ ചിത്രം കണ്ടാൽ ഇലോൺ മസ്ക് ഒരുകാരണവശാലും സക്കർബർഗിനോട് ഏറ്റുമുട്ടാൻ നിൽക്കില്ലെന്ന് ചിലർ പ്രതികരിച്ചു. വരൂ ഇലോൺ വരൂ എന്ന് ചിലർ മസ്കിനെ വെല്ലുവിളിച്ചു. ഇതുകണ്ടിട്ട് സക്കർബർഗിനോട് ഏറ്റുമുട്ടാൻ കൂടുതൽ പരിശീലനം ആവശ്യമുണ്ടോയെന്ന് ചിലർ മസ്കിനെ പരിഹസിച്ചു. ശാന്തമായി വന്ന മസ്ക്- സക്കർബർഗ് പോരാട്ടം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകാൻ സക്കർബർഗിന്റെ ചിത്രം കാരണമായിരിക്കുകയാണ്.
ഇരുവരും തമ്മിലുള്ള വെല്ലുവിളി സാമൂഹിക മാധ്യമങ്ങളിൽ ഒതുങ്ങിയെങ്കിലും സക്കർബർഗ് തന്റെ പരിശീലനവുമായി സജീവമാണ്. എംഎംഎ സുഹൃത്തുക്കൾക്കൊപ്പം പരിശീലനം നടത്തുകയും വ്യായാമ ചിത്രങ്ങളും മറ്റും പോസ്റ്റ് ചെയ്യുന്നതും അദ്ദേഹം തുടർന്നുകൊണ്ടിരിക്കുന്നു. സക്കർബർഗും മസ്കും തമ്മിൽ ഒരു ഇടി ഉണ്ടായാൽ ആദ്യ ഇടികിട്ടുന്നത് ആർക്കായിരിക്കും എന്ന് ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ ഏറെ ശ്രദ്ധ ചെലുത്തുന്ന സക്കർബർഗ് ഏറെനാളായി എംഎംഎ പരിശീലനം നടത്തുന്നുണ്ട്. 2020-ൽ താൻ എംഎംഎ ഏറ്റെടുത്തതായി അദ്ദേഹം ഒരിക്കൽ "ദ ജോ റോഗൻ എക്സ്പീരിയൻസ്" പോഡ്‌കാസ്റ്റിൽ വെളിപ്പെടുത്തി. മസ്കിന്റെ ഇപ്പോഴത്തെ സുഹൃത്തുക്കളിലധികവും എംഎംഎ പരിശീലനം നടത്തുന്നവരാണ്. ത്രെഡ്സിന്റെ ആദ്യ ഉപയോക്താക്കളിൽ പലരും എംഎംഎ പ്രൊഫഷണലുകൾ ആയിരുന്നു.
ത്രെഡ്സ് ആരംഭിച്ചപ്പോൾ സക്കർഗിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു ഇവർ എത്തിയത്. എംഎംഎ, ജിയു- ജിറ്റ്സു എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഒരു പൊതു ഇടം സൃഷ്ടിക്കുക എന്ന വ്യക്തിപരമായ താൽപര്യവും ഇതിന് പിന്നിലുണ്ടായിരുന്നു എന്ന് സക്കർബർഗ് ഒരു ത്രെഡിലൂടെ പറഞ്ഞിരുന്നു. ത്രെഡ്സിലെ സക്കർബർഗിന്റെ മിക്ക പോസ്റ്റുകളും മറുപടികളും എംഎംഎയെയും ഫിറ്റ്‌നസ് സർക്കിളിനെയും ചുറ്റിപ്പറ്റിയുള്ള ചർച്ചകളെ കുറിച്ചുള്ളതാണ്.
ആയോധന കലകൾ പരിശീലിക്കുകമാത്രമല്ല, മികവും പുലർത്തുന്നുണ്ടെന്ന് സക്കർബർഗിന്റെ വൈറൽ ചിത്രം വ്യക്തമാക്കുന്നു. തന്റെ ആദ്യ ജിയു-ജിറ്റ്സു ടൂർണമെന്റിന്റെ ഫോട്ടോകൾ പങ്കിട്ട് താൻ ചില മെഡലുകൾ നേടിയതായി ഇൻസ്റ്റഗ്രാമിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മറ്റൊരു പോസ്റ്റിൽ, 100 പുൾ-അപ്പുകൾ, 200 പുഷ്-അപ്പുകൾ, 300 സ്ക്വാറ്റുകൾ തുടങ്ങിയ പൂർത്തിയാക്കുന്നതും അദ്ദേഹം പങ്കുവച്ചു. ഫിറ്റ്നസിനോടുള്ള സക്കർബർഗിന്റെ ആവേശം ഇതിലെല്ലാം വ്യക്തമാണ്.


Click it and Unblock the Notifications








