കള്ളന്മാരെ അടപടലം പൂട്ടും! സിം വിൽപ്പനയിൽ ബയോമെട്രിക് ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കി PMO
രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സിം വിൽപ്പനയിൽ കർശന ഇടപെടലുകളുമായി പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്ത്. ഇന്ത്യയിലുടനീളമുള്ള എല്ലാ പുതിയ മൊബൈൽ കണക്ഷനുകൾക്കും ബയോമെട്രിക് ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് (Prime Minister's Office) ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനോട് (ഡിഒടി) നിർദ്ദേശിച്ചതായി ഇ.ടി റിപ്പോർട്ട് ചെയ്യുന്നു. ടെലിക്കോം സേവനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പിക്കാനും സിം കാർഡ് വിൽപ്പന തോന്നുംപടി നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും പുതിയ നിർദേശത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നു. നിയമങ്ങൾ ലംഘിക്കുന്ന വെണ്ടർമാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അടുത്തിടെ നടന്ന ടെലിക്കോം സെക്ടർ അവലോകന യോഗത്തിൽ നിർദേശം ഉയർന്നിരുന്നു.
"ബയോമെട്രിക് ആധാർ പരിശോധനയില്ലാതെ ഒരു സിം കാർഡും നൽകുന്നില്ലെന്ന് ഉറപ്പാക്കാൻ ടെലിക്കോം വകുപ്പിനോട് ആവശ്യപ്പെട്ടു, കൂടാതെ മൊബൈൽ തട്ടിപ്പുകാരെ ശിക്ഷിക്കാൻ നിയമ നിർവ്വഹണ ഏജൻസികളുമായി (Law Enforcement Agency) അടുത്ത് സഹകരിക്കാനും ആവശ്യപ്പെട്ടു'' എന്ന് അവലോകന യോഗത്തിൽ പങ്കെടുത്തയാൾ പറഞ്ഞതായി ഇ.ടി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

എല്ലാ ദേശീയ LEA- കളുമായും സംസ്ഥാനങ്ങളിലുമുള്ളവരുമായും ടെലിക്കോം വകുപ്പ് ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. ടെലിക്കോം ദുരുപയോഗത്തെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ പങ്കിടുന്നതിനുള്ള സുരക്ഷിത സംവിധാനമായ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം (Digital Intelligence Platform) തട്ടിപ്പ് സ്വഭാവമുള്ള മൊബൈൽ കണക്ഷനുകൾക്കെതിരേ വേഗത്തിലുള്ള നടപടി കേന്ദ്രം ഉറപ്പാക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
നിയമവിധേയമായല്ലാതെ സിം വിൽപ്പന നടത്തുന്ന സിം കാർഡ് വിൽപ്പനക്കാരെ സൂക്ഷ്മമായി വിശകശനം ചെയ്യുകയും അത്തരക്കാർക്കെതിരേ കർശന നടപടി ഉറപ്പാക്കുകയും ചെയ്യും. തെറ്റ് ചെയ്ത സിം കാർഡ് വിൽപ്പനക്കാർക്കെതിരെ ഇന്ത്യയിലുടനീളം 365 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ടെലിക്കോം വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് ഇ.ടി റിപ്പോർട്ട് ചെയ്യുന്നു.

വ്യാജ കോളുകൾക്കെതിരേയും സംശയകരമായ നമ്പറുകൾക്കെതിരേയും റിപ്പോർട്ട് നൽകാൻ പൗരന്മാർക്കായി സഞ്ചാർ-സാഥി പോർട്ടൽ സർക്കാർ സജ്ജമാക്കിയിരുന്നു. 2024 ഡിസംബർ അവസാനത്തോടെ, സഞ്ചാർ-സാഥി പോർട്ടലിൽ നിന്നുള്ള ഈ ഡാറ്റ AI വിശകലനം ചെയ്യുകയും, ഈ ഡാറ്റയും ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം (DIP) വഴി ലഭ്യമായ ഡാറ്റയും അടിസ്ഥാനമാക്കി 26.7 ദശലക്ഷത്തിലധികം മൊബൈൽ കണക്ഷനുകൾ വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ നടക്കുന്ന തട്ടിപ്പുകളിൽ ഭൂരിഭാഗവും വ്യാജ സിം കാർഡുകൾ ഉപയോഗിച്ചാണ് ആസൂത്രണം ചെയ്യുന്നത്. അതിനാൽത്തന്നെ സിം കാർഡുകൾ തട്ടിപ്പുകാരുടെ കൈയിലെത്തുന്നത് തടയാൻ സർക്കാർ കഴിഞ്ഞ കുറച്ചു നാളുകളായി വിവിധ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി സിം ഡീലർമാർക്ക് സർക്കാർ പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി നേരത്തെ സർക്കാർ ഉത്തരവിട്ടിരുന്നു.
കൂടാതെ ബൾക്ക് സിം വിൽപ്പനയും സർക്കാർ നിരോധിച്ചിരുന്നു. മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഡീലർമാർക്ക് 10 ലക്ഷം രൂപ പിഴ ചുമത്തും എന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിട്ടുള്ളത്. രാജ്യത്ത് ഏതാണ്ട് 10 ലക്ഷം സിം ഡീലർമാർ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അടുത്തകാലത്തായി സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വൻ വർധനവാണ് ഇന്ത്യയിലുണ്ടായിട്ടുള്ളത്. ഇതിൽ വ്യാജ സിം കാർഡുകൾക്കും വലിയ പങ്കുണ്ട്.

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ക്രിമിനലുകൾ തങ്ങളുടെ ഐഡന്റിറ്റി പുറത്തുവരാതിരിക്കാൻ വ്യാജ സിമ്മുകൾ മറയാക്കുന്നു. ഒന്നിലധികം സിമ്മുകൾ ഉപയോഗിക്കുന്ന കുറ്റവാളികൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിരവധി വാട്സ്ആപ്പ് അക്കൗണ്ടുകളും ഉപയോഗപ്പെടുത്തുന്നു. അതിനാൽ ജനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന തട്ടിപ്പ് സിം കാർഡുകളും വാട്സ്ആപ്പ് അക്കൗണ്ടുകളും സർക്കാർ ബ്ലോക്ക് ചെയ്തുവരുന്നു.


Click it and Unblock the Notifications








