ദൂരദർശൻറെ യൂട്യൂബ് പ്രേക്ഷകരിൽ കൂടുതലും പാകിസ്ഥാനികൾ
കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രസാർ ഭാരതിയുടെ ഉടമസ്ഥതയിലുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റിങ് നെറ്റ്വർക്കുകളിൽ ഒന്നാണ് ദൂരദർശൻ. 1959 മുതൽ പ്രവർത്തിച്ച് വരുന്ന ദൂരദർശന്റെ സാറ്റലൈറ്റ് ചാനലുകൾക്ക് രാജ്യത്ത് കാഴ്ചക്കാർ ഏറെ കുറവാണെന്നതാണ് യാഥാർഥ്യം. ചാനലുകളുടെ കാര്യത്തിൽ പിന്നോട്ടാണെങ്കിലും ഡിഡി നെറ്റ്വർക്കിലെ യൂട്യൂബ് ചാനലുകളുടെ കാര്യം അങ്ങനെയല്ല. ദൂരദർശൻ അടക്കം പ്രസാർ ഭാരതിയുടെ എല്ലാ യൂട്യൂബ് ചാനലുകൾക്കും നല്ല റീച്ച് ഉണ്ട്. ഡിഡി നെറ്റ്വർക്കിന് ഏറ്റവും അധികം വ്യൂവർഷിപ്പ് ലഭിക്കുന്ന വിദേശ രാജ്യമേതെന്നതും കൌതുകകരമാണ്. ഇന്ത്യൻ സർക്കാരിന്റെ കീഴിൽ വരുന്ന നെറ്റ്വർക്കിന് ഏറ്റവും കൂടുതൽ വ്യൂസ് കിട്ടുന്ന വിദേശ രാജ്യം സാധാരണ ഗതിയിൽ നമ്മുടെ സൌഹൃദ രാജ്യങ്ങളിൽ ഏതെങ്കിലും ഒന്ന് ആണെന്നായിരിക്കും എല്ലാവരും ചിന്തിക്കുക. എങ്കിൽ കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. പ്രസാർ ഭാരതിയുടെ യൂട്യൂബ് ചാനലുകൾക്ക് ഏറ്റവും കൂടുതൽ വ്യൂവർഷിപ്പ് ലഭിക്കുന്ന വിദേശ രാജ്യം പാകിസ്ഥാൻ ആണെന്നാണ് കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, പ്രസാർ ഭാരതിയുടെ ഉയർന്ന വ്യൂവർഷിപ്പുള്ള രാജ്യം പാകിസ്ഥാനാണ്. പാകിസ്ഥാനെ കൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്സ് (യുഎസ്), സൗദി അറേബ്യ, ബംഗ്ലാദേശ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നിങ്ങനെയാണ് വ്യൂവർഷിപ്പ് കൂടിയ രാജ്യങ്ങൾ. 2018 നും 2020 നും ഇടയിലുള്ള മൂന്ന് വർഷങ്ങളിൽ പ്രസാർ ഭാരതിയുടെ യൂട്യൂബ് ചാനലുകൾക്ക് ലഭിക്കുന്ന വ്യൂസിന്റെ എണ്ണം ഗണ്യമായി വർധിച്ചതായും കണക്കുകൾ പറയുന്നു. കൊറോണ മഹാമാരിക്കാലത്ത് 2021ൽ നേപ്പാളിൽ നിന്നുള്ള കാഴ്ചക്കാരുടെ എണ്ണം കൂടിയതായും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

2018-ൽ പാകിസ്ഥാനിൽ നിന്ന് 64 ലക്ഷത്തിലധികം വ്യൂസ് പ്രസാർ ഭാരതിയുടെ യൂട്യൂബ് ചാനലുകൾക്ക് ലഭിച്ചു, ഇത് 2020 ൽ വീണ്ടും കൂടിയതായാണ് കണക്കുകൾ. ഈ വർഷം നവംബർ 30 വരെയുള്ള കണക്കുകൾ വച്ചാണ് പ്രസാർ ഭാരതിയുടെ യൂട്യൂബ് ചാനലുകൾക്ക് ഏറ്റവും കൂടുതൽ വ്യൂസ് കിട്ടുന്ന വിദേശ രാജ്യം പാകിസ്ഥാൻ ആണെന്ന് വിലയിരുത്തിയത്. യുഎഇയിലെ പ്രസാർ ഭാരതിയുടെ ഡിജിറ്റൽ ചാനലുകളുടെ വ്യൂവർഷിപ്പ് 2018-ൽ 37 ലക്ഷത്തിൽ നിന്ന് 2020-ൽ 82. 72 ലക്ഷമായി ഉയർന്നു.

പ്രസാർ ഭാരതിയുടെ എഐആർ, ദൂരദർശൻ നെറ്റ്‌വർക്കിന്റെ 170-ലധികം യൂട്യൂബ് ചാനലുകളുണ്ട്. പ്രസാർ ഭാരതിയുടെ ഡിജിറ്റൽ ചാനലുകളുടെ ജനപ്രീതിയും വ്യൂവർഷിപ്പും സംബന്ധിച്ച ചോദ്യങ്ങൾക്ക് രാജ്യസഭയിൽ മറുപടി പറയവേ, പ്രസാർ ഭാരതി അതിന്റെ വിവിധ ഓഡിയോ, വീഡിയോ ഡിജിറ്റൽ ചാനലുകൾ ജനപ്രിയമാക്കാൻ നിരന്തരം നടപടികൾ കൈക്കൊള്ളുകയാണെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.

"ന്യൂസ് ഓൺ എയർ ആപ്പ് നഗരം തിരിച്ചും രാജ്യങ്ങൾ തിരിച്ചും ജനപ്രിയ ലൈവ് സ്ട്രീമുകളുടെ ആനുകാലിക റാങ്കിങ് പ്രസിദ്ധീകരിക്കുന്നു. റേഡിയോ ആത്മകഥകൾ, ഭരണഘടനാ അസംബ്ലി പ്രസംഗങ്ങൾ തുടങ്ങിയ നിരവധി അപൂർവ ആർക്കൈവൽ റെക്കോർഡിങുകളും ദേശീയ പ്രാധാന്യമുള്ള പ്രോഗ്രാമുകളുടെ തത്സമയ സ്ട്രീമിങും ഉൾപ്പെടെ ഡിജിറ്റൽ ചാനലുകളിലൂടെ നടത്തുന്നുണ്ട്. ആവശ്യാനുസരണം ഡിജിറ്റൽ ഉപയോഗത്തിനായി ഒന്നിലധികം ഇന്ത്യൻ ഭാഷകളിലുള്ള ഉള്ളടക്കവും സ്‌മാർട്ട് ഉപകരണങ്ങളിലൂടെ ലഭ്യമാക്കുന്നു," കേന്ദ്രമന്ത്രി പറഞ്ഞു

പ്രസാർ ഭാരതി അതിന്റെ ‘ന്യൂസ്ഓൺഎയർ' മൊബൈൽ ആപ്ലിക്കേഷനിൽ 250-ലധികം എയർ ചാനലുകൾ ഡിജിറ്റലായി ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, പകർപ്പവകാശ പ്രശ്‌നങ്ങൾ ഉൾപ്പെടാത്ത ദേശീയ പ്രാധാന്യമുള്ള ഡിഡി ചാനലുകളും വിവിധ തത്സമയ പ്രോഗ്രാമുകളും ഈ ആപ്പിൽ തത്സമയം സ്ട്രീം ചെയ്യുന്നു. ആഗോള തലത്തിലുള്ള നെറ്റ് ഉപയോക്താക്കൾക്കായി ന്യൂസ്ഓൺഎയർ.കോം വെബ്സൈറ്റിലും ഈ ചാനലുകൾ ലഭ്യമാക്കിയിട്ടുണ്ട്. യുഎസ്, യുണൈറ്റഡ് കിംഗ്ഡം (യുകെ), യുഎഇ, സൗദി അറേബ്യ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ നിരവധി ‘ന്യൂസ് ഓൺ എയർ' ആപ്പ് ഉപയോക്താക്കളുണ്ട്.


Click it and Unblock the Notifications








