ഉള്ള ഡാറ്റ ഇല്ലാതാകുമോ? എല്ലാ പഴയ ടെലിക്കോം പ്ലാനുകളിലേക്കും ട്രായി അന്വേഷണം വ്യാപിപ്പിക്കുന്നു
ടെലിക്കോം കമ്പനികളുടെ അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ സംബന്ധിച്ച അന്വേഷണം ട്രായി കൂടുതൽ വിപുലമാക്കുന്നു. ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ തുടങ്ങി എല്ലാ ടെലിക്കോം കമ്പനികളും മുൻപ് നൽകിയിരുന്ന പ്ലാനുകൾ സംബന്ധിച്ചും ട്രായി അന്വേഷണം ആരംഭിച്ചതായി ഫിനാൻഷ്യൽ എക്‌സ്‌പ്രസിന്റെ അടുത്തിടെ വന്ന റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
പഴയതും പുതിയതും ഉൾപ്പെടെ എല്ലാ താരിഫ് പ്ലാനുകളുടെയും വിലനിർണ്ണയത്തെക്കുറിച്ചും പരിധിയില്ലാത്ത ഓഫറുകളെക്കുറിച്ചും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ് ) അന്വേഷണം നടത്തുന്നതായാണ് റിപ്പോർട്ട്. ഇതോടെ ഇപ്പോൾ നൽകിവരുന്ന അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ കമ്പനികൾക്ക് നിർത്തലാക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

ജിയോയും എയർടെലും സൗജന്യ 5ജി അൺലിമിറ്റഡായി നൽകി വിലനിർണയ ചട്ടങ്ങളും എഫ്യുപി നയ ലംഘനവും നടത്തിയെന്ന് ആരോപിച്ച് വിഐ ആണ് ട്രായിക്ക് ആദ്യം പരാതി നൽകിയത്. തുടർന്ന് ഇരു കമ്പനികളും നിലവിൽ നൽകിവരുന്ന അൺലിമിറ്റഡ് 5ജി ഡാറ്റ സംബന്ധിച്ച് ട്രായി അന്വേഷണം ആരംഭിച്ചു.
എന്നാൽ ജിയോയിലും എയർടെലിലും മാത്രമായി ഒതുക്കാതെ പരാതി നൽകിയ വിഐയുടെയും സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെയും അൺലിമിറ്റഡ് പ്ലാനുകൾക്കെതിരേയും ട്രായി അന്വേഷണം വ്യാപിപ്പിച്ചതായി പിന്നീട് റിപ്പോർട്ട് വന്നിരുന്നു. അവിടം കൊണ്ടും ട്രായിയുടെ അന്വേഷണം തീരില്ലെന്നും എല്ലാ ടെലിക്കോം കമ്പനികളുടെയും പഴയ താരിഫ് പ്ലാനുകളും അന്വേഷണ പരിധിയിലേക്ക് വന്നിരിക്കുകയാണ് എന്നുമാണ് ഇപ്പോഴത്തെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ജിയോയും എയർടെലും നൽകുന്ന സൗജന്യ അൺലിമിറ്റഡ് 5ജി തങ്ങളുടെ വരിക്കാരെ പ്രലോഭിപ്പിക്കുന്നതായും അവർ കൊഴിഞ്ഞ് പോകുന്നതായുമാണ് വിഐയുടെ ആരോപണം. നിലവിൽ ജിയോയും എയർടെലും മാത്രമാണ് 5ജി സേവനങ്ങൾ നൽകുന്നത്. എല്ലായിടത്തും 5ജി എത്തിയിട്ടില്ലാത്തതിനാൽ 5ജിക്കായി പ്രത്യേക താരിഫ് പ്ലാനുകൾ പുറത്തിറക്കാനാകില്ല എന്നാണ് ഇരു കമ്പനികളും ചൂണ്ടിക്കാണിക്കുന്നത്.
ഇരുവരുടെയും മറുപടി പരിശോധിച്ച അന്വേഷണ സംഘം റിപ്പോർട്ട് തയാറാക്കാതെ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുകയായിരുന്നു. അതോടെയാണ് വിഐയും ബിഎസ്എൻഎല്ലും നൽകുന്ന അൺലിമിറ്റഡ് പ്ലാനുകൾക്കെതിരേയും തിരിഞ്ഞത്. എന്നാലിപ്പോൾ കഥയിൽ വീണ്ടും വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് എല്ലാ കമ്പനികളുടെയും മുൻകാല പ്ലാൻ താരിഫുകളിലേക്ക് ഉൾപ്പെടെ ട്രായി കടന്നിരിക്കുകയാണ്.
അൺലിമിറ്റഡ് പ്ലാനുകൾ വാഗ്ദാനം ചെയ്തുകൊണ്ട് കമ്പനികൾ ഏതെങ്കിലും ഘട്ടങ്ങളിൽ റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നും ഏതെങ്കിലും തരത്തിലുള്ള ചൂഷണ വിലനിർണ്ണയത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എപ്പോഴാണ് ഇതെല്ലാം ആരംഭിച്ചതെന്നും ആരാണ് ആദ്യം തുടങ്ങിയതെന്നും കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറുകൾ നിർത്തലാക്കാൻ റിലയൻസ് ജിയോയ്ക്കും ഭാരതി എയർടെല്ലിനും നിർദ്ദേശം നൽകാൻ ട്രായ് ഉദ്ദേശിച്ചിരുന്നു, എന്നാൽ വോഡഫോൺ ഐഡിയയും അവരുടെ 4ജി പ്ലാനുകളിൽ സമാന രീതിയിൽ ആനുകൂല്യം നൽകുന്നുണ്ട് എന്നും വിഐയും പ്രതിസ്ഥാനത്തുവരുമെന്നും മറ്റ് രണ്ട് കമ്പനികളും വാദിക്കുന്നു.
ഒരു ടെലിക്കോം സർക്കിളിൽ 30%-ത്തിലധികം മാർക്കറ്റ് ഷെയർ ഉള്ള ടെലിക്കോം കമ്പനി ആ നിർദ്ദിഷ്ട മാർക്കറ്റിൽ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുവെങ്കിൽ അത് നിരക്ക് നിബന്ധനകളുടെ മറികടക്കലായി കണക്കാക്കാം എന്നാണ് നിലവിലുള്ള ചട്ടം. വോഡഫോൺ ഐഡിയയ്ക്ക് ഇന്ന് ഭൂരിഭാഗം സർക്കിളുകളിലും 30% വിപണി വിഹിതമില്ല, എന്നാൽ മുൻകാലങ്ങളിൽ അത് ഉണ്ടായിരുന്നു.

അതിനാൽ, മുൻകാലങ്ങളിൽ വിഐ ചൂഷണ വിലനിർണ്ണയത്തിൽ ഏർപ്പെട്ടിരുന്നോ എന്ന് കണ്ടെത്തേണ്ടത് ആവശ്യമാണ്. അതിനാലാണ് പഴയ പ്ലാനുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത് എന്നുമാണ് സൂചന. പണ്ട് 2017 ൽ ജിയോ വിലനിർണ്ണയ ചട്ടങ്ങൾ ലംഘിക്കുന്നതായി ആരോപിച്ച് എയർടെൽ പരാതി നൽകിയിരുന്നു. വെൽക്കം ഓഫറായി ജിയോ സൗജന്യസേവനങ്ങൾ നൽകുന്നു എന്നായിരുന്നു ആരോപണം.
കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും ട്രായിയും ഈ ആരോപണങ്ങൾ അന്ന് തള്ളിക്കളഞ്ഞു. വ്യക്തിഗത സർക്കിളുകളിലെ വിപണി വിഹിതം 30% പരിധിയിൽ താഴെയായതിനാൽ ജിയോയ്ക്ക് കാര്യമായ വിപണി ശക്തി ഇല്ലെന്ന വസ്തുതയുടെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ തീരുമാനം. അൺലിമിറ്റഡ് ഡാറ്റ റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾക്ക് എതിരാണ്, അത് നിർത്തണം എന്നാണ് ട്രായിയുടെ നിലപാട്.
മറ്റ് കമ്പനികൾക്ക് നഷ്ടമുണ്ടാക്കുന്ന വിധത്തിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി സൗജന്യ വാഗ്ദാനങ്ങൾ നൽകുന്നതിനോട് ട്രായിക്ക് യോജിപ്പില്ല. നിരക്ക് നിർണ്ണയത്തിന്റെയും അൺലിമിറ്റഡ് ഓഫറുകളുടെയും സമഗ്രമായ പരിശോധന ഉറപ്പാക്കുന്നതിന്, ടെലിക്കോം കമ്പനികളുടെ മുൻകാല ഓഫറുകൾ ഉൾപ്പെടുത്തി ട്രായ് അന്വേഷണം വിപുലീകരിക്കുകയായിരുന്നു. ഈ പരിശോധനയ്ക്ക് ശേഷം എന്ത് നടപടിയാണ് ട്രായിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുക എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








