വരിക്കാരുടെ സമ്മതമില്ലാതെ പരസ്യം പാടില്ല, പിഴയൊടുക്കേണ്ടിവരും! ജിയോയ്ക്കും എയർടെലിനും മുന്നറിയിപ്പ്
വരിക്കാരുടെ സമ്മതമില്ലാതെ അവർക്ക് പരസ്യ കോളുകളും എസ്എംഎസുകളും എത്തിയാൽ ടെലിക്കോം കമ്പനികൾ പിഴയൊടുക്കേണ്ടിവരുമെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി). ഇക്കാര്യം ഇതിനകംതന്നെ ടെലിക്കോം കമ്പനികളെ അറിയിച്ചിട്ടുള്ളതാണെങ്കിലും അടുത്തിടെ ഒരു സുപ്രധാന ഉത്തരവിലൂടെ ട്രായി ഇക്കാര്യം വീണ്ടും ഓർമ്മിപ്പിച്ചു.
അടുത്തിടെ പുറപ്പെടുവിച്ച ഒരു സുപ്രധാന ഉത്തരവിൽ, പ്രമോഷണൽ കോളുകൾ സംബന്ധിച്ച് ടെലികോം ഓപ്പറേറ്റർമാർക്കായി ട്രായ് പുതിയ മാർഗ്ഗനിർദ്ദേശവും അവതരിപ്പിച്ചു. ഇത് പ്രകാരം, ഇന്ത്യയിലെ സെല്ലുലാർ നെറ്റ്‌വർക്കുകൾ ഇപ്പോൾ വരിക്കാർക്ക് പ്രൊമോഷണൽ അല്ലെങ്കിൽ സ്പാം സന്ദേശങ്ങൾ അയയ്‌ക്കും മുമ്പ് അവരിൽ നിന്ന് വ്യക്തമായ സമ്മതം നേടേണ്ടതുണ്ട്.

വരിക്കാരുടെ അനുമതി ഇല്ലാതെയാണ് സ്പാം കോളുകളും എസ്എംഎസുകളും അയയ്ക്കുന്നത് എങ്കിൽ കനത്ത പിഴ അടയ്ക്കേണ്ടിവരുമെന്നും ട്രായി വ്യക്തമാക്കുന്നു. പ്രമോഷണൽ കോളുകൾ വർധിച്ചതോടെ വരിക്കാരുടെ പരാതികളും വർധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരസ്യകോളുകളും എസ്എംഎസുകളും മറ്റും തടയാനായി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ട്രായി അടുത്തിടെ ഡിജിറ്റൽ കൺസന്റ് അക്വിസിഷൻ (ഡിസിഎ) പ്രോഗ്രാം അവതരിപ്പിച്ചു.
പ്രമോഷണൽ കണ്ടന്റുകൾ അയയ്‌ക്കുന്നതിന് മുമ്പ് ഇന്ത്യയിലെ ടെലിക്കോം വരിക്കാരിൽ നിന്ന് നെറ്റ്വർക്ക് ഓപ്പറേറ്റർമാർ വ്യക്തമായ സമ്മതം വാങ്ങണമെന്ന് ഡിസിഎ പ്രോഗ്രാം നിർദേശിക്കുന്നു. വരിക്കാരുടെ സമ്മതം കൈകാര്യം ചെയ്യുന്ന പ്രക്രിയ ലളിതമാക്കുന്നതിന് മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷനിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഏകീകൃത പ്ലാറ്റ്ഫോം നടപ്പിലാക്കണമെന്നും ഡിസിഎ പ്രോഗ്രാം അനുശാസിക്കുന്നു.

പ്രമോഷണൽ കോളുകൾ സംബന്ധിച്ച് മുൻപ് തന്നെ ട്രായി ജിയോ, എയർടെൽ, വിഐ എന്നിവ അടക്കമുള്ള ടെലിക്കോം കമ്പനികൾക്ക് നിർദേശങ്ങൾ നൽകിയിരുന്നു. 2023 ജൂൺ 2- മുതൽ ഈ നിർദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ഉത്തരിവിട്ടു. എന്നാൽ ഇത് ലംഘിച്ചുകൊണ്ട് ടെലിക്കോം കമ്പനികൾ പ്രമോഷണൽ കോളുകൾ തുടർന്നു.
മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് എയർടെല്ലിനും വിഐക്കും ട്രായി ഒരു കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ട്രായ് ഇപ്പോൾ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. പരസ്യ കോളുകൾ അയയ്ക്കണമെങ്കിൽ ടെലികോം ഓപ്പറേറ്റർമാർക്ക് ഇപ്പോൾ ഓരോ ഏജൻസി അടിസ്ഥാനത്തിൽ ഉപയോക്താവിന്റെ സമ്മതം ആവശ്യമാണ്.
ട്രായിയുടെ പുതിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച്, പ്രൊമോഷണൽ ഉള്ളടക്കവുമായി ഒരു ടെലിക്കോം വരിക്കാരനെ ബന്ധപ്പെടാൻ ഒരു ഏജൻസി ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ആദ്യം ടെലിക്കോം ഓപ്പറേറ്റർ വഴി ഉപയോക്താവിന്റെ അനുമതി തേടണം. വരിക്കാരന്റെ സമ്മതം ഉറപ്പാക്കുന്നതിന്, ടെലിക്കോം ഓപ്പറേറ്റർമാർ ഉപയോക്താക്കൾക്ക് 127xxx എന്ന് ആരംഭിക്കുന്ന ഒരു ഹ്രസ്വ യുണീക്ക് കോഡ് അടങ്ങിയ എസ്എംഎസ് അയയ്ക്കും.

സമ്മത അഭ്യർത്ഥനയുടെ ഉദ്ദേശ്യം, സമ്മതം തേടുന്നതിന്റെ വ്യാപ്തി, അഭ്യർത്ഥിക്കുന്ന ബ്രാൻഡിന്റെയോ ഏജൻസിയുടെയോ ഐഡന്റിറ്റി എന്നിവ ഈ എസ്എംഎസിൽ വിശദീകരിക്കും. സമ്മതം നൽകുകയോ നിരസിക്കുകയോ ചെയ്തുകൊണ്ട് ഉപയോക്താക്കൾ ഈ എസ്എംഎസിനോട് പ്രതികരിക്കേണ്ടതുണ്ട്. സമ്മതം നിരസിച്ചാൽ, ആ ഉപയോക്താവിന് പരസ്യ സന്ദേശങ്ങൾ അയയ്ക്കുന്നതിൽ നിന്ന് ടെലിക്കോം ഓപ്പറേറ്റർ ബന്ധപ്പെട്ട ഏജൻസിയെ തടയും.
ഒരിക്കൽ സമ്മതം നൽകിയാലും പിന്നീട് അത് നിരാകരിക്കാനും വരിക്കാരന് അവകാശമുണ്ട്. അതിനായി, മുമ്പ് നൽകിയ സമ്മതം എളുപ്പത്തിൽ പിൻവലിക്കാൻ കഴിയുന്ന ഒരു ഓൺലൈൻ പോർട്ടൽ സൃഷ്ടിക്കാനും ട്രായി ടെലിക്കോം ഓപ്പറേറ്റർമാരോട് നിർദേശിക്കുന്നു. "ടി.സി.സി.സി.പി.ആർ.-2018-ന് കീഴിൽ വിഭാവനം ചെയ്തിട്ടുള്ള നടപടികൾ അനുസരിച്ചാണ് ഡിജിറ്റൽ കൺസന്റ് അക്വിസിഷൻ പ്രക്രിയയ്ക്ക് ഉപഭോക്താക്കളുടെ സമ്മതം തേടാനും അസാധുവാക്കാനും സൗകര്യം ഒരുക്കുക.
ഈ പുതിയ നിയന്ത്രണം ഉടനടി പ്രാബല്യത്തിൽ വരും, ടെലിക്കോം ഓപ്പറേറ്റർമാർ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഉടനടി പാലിക്കണം. ഈ വിജ്ഞാപനത്തിന് മുമ്പ് ലഭിച്ച ഏതൊരു സമ്മതവും അസാധുവാണെന്നും ട്രായ് വ്യക്തമാക്കുന്നു. സ്പാം കോളുകളും എസ്എംഎസുകളും തിരിച്ചറിയാനും തടയാനും കഴിയുന്ന ട്രായി ഡിഎൻഡി 3.0 എന്ന ആപ്പും ട്രായ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ട്രായി ഡിഎൻഡി 3.0 ആപ്പ് ഡൗൺലോഡ് ചെയ്യാം. അനാവശ്യമായ പ്രൊമോഷണൽ സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഈ ആപ്പ് ഉപയോഗപ്പെടുത്താൻ വരിക്കാർക്ക് സാധിക്കും. പ്രശ്‌നം പരിഹരിക്കാൻ ട്രായ് പിന്നീട് ബന്ധപ്പെട്ട മൊബൈൽ കാരിയറുമായി സഹകരിക്കും.


Click it and Unblock the Notifications








