സൗജന്യ ഇന്റർനെറ്റുമായി കെ-ഫോൺ കേരളത്തിലെ സ്കൂളുകളിലേക്ക്; ബിഎസ്എൻഎൽ പുറത്തേക്കും!
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ ഇന്റർനെറ്റിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്താൻ കേരളത്തിന്റെ സ്വന്തം കെ- ഫോൺ എത്തുന്നു. കേരളത്തിൽ എല്ലായിടത്തും അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ 2017 ൽ ആരംഭിച്ച കെ-ഫോൺ(K-FON) പദ്ധതിയുടെ ഭാഗമായി സൗജന്യമായാണ് സർക്കാർ സ്കൂളുകൾക്ക് ഇന്റർനെറ്റ് ലഭിക്കുക എന്നാണ് വിവരം.
കെ- ഫോൺ എത്തുന്നതിന്റെ ഭാഗമായി, കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ ( കൈറ്റ് ) ബിഎസ്എൻഎല്ലുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇതുവരെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയിരുന്നത് ബിഎസ്എൻഎൽ ആയിരുന്നു. ഈ കരാർ ആണ് അവസാനിപ്പിക്കുന്നത്.

സ്‌കൂളുകൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ കേരള ഫൈബർ ഒപ്‌റ്റിക് നെറ്റ്‌വർക്ക് (കെ- ഫോൺ) അവതരിപ്പിക്കാനുള്ള സർക്കാർ പദ്ധതിയുടെ പശ്ചാത്തലത്തിലാണ് കൈറ്റ് ബിഎസ്എൻഎല്ലുമായുള്ള ബന്ധം അവസാനിപ്പിച്ചിരിക്കുന്നത്. സർക്കാരിന്റെ ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 4473 സ്‌കൂളുകളിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ കഴിഞ്ഞ മാസം വരെ സർക്കാർ ബിഎസ്എൻഎലിനെയാണ് ആശ്രയിച്ചിരുന്നത്.
2023 മാർച്ച് 31-ന് കൈറ്റും ബിഎസ്എൻഎല്ലുമായുള്ള കരാർ അവസാനിച്ചതായും ഇനി ബിഎസ്എൻഎൽ സേവനം തുടരേണ്ടതില്ലെന്ന് കൈറ്റ് തീരുമാനിക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കെ ഫോൺ പദ്ധതിക്കായി ഇതുവരെ തയാറെടുക്കാൻ കഴിയാത്ത വിദ്യാലയങ്ങൾ തുടർന്നും ബിഎസ്എൻഎൽ സേവനങ്ങൾ ഉപയോഗിക്കുകയും പണം നൽകുകയും ചെയ്യണം.
ഈ സാഹചര്യം ഒഴിവാക്കാൻ പരമാവധി വേഗത്തിൽ സ്കൂളുകളിൽ സൗകര്യമൊരുക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്നു കെ- ഫോൺ. 2017 ൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും സേവനങ്ങൾ ഫലപ്രദമായി ആരംഭിക്കാൻ കഴിയാഞ്ഞതോടെ പിറക്കും മുമ്പേ ചരമമടഞ്ഞ സർക്കാർ പദ്ധതികളുടെ കൂട്ടത്തിലേക്ക് പലരും കെ ഫോണിനെ എഴുതിത്തള്ളി.

എന്നാൽ പദ്ധതിയുമായി മുന്നോട്ടു പോയ സംസ്ഥാന സർക്കാർ, 2023 ലെ ബജറ്റിൽ കെ -ഫോണിനായി 100 കോടി രൂപ അനുവദിച്ചുകൊണ്ട് പദ്ധതി ഉപേക്ഷിക്കാൻ തയാറല്ല എന്ന ശക്തമായ സൂചന നൽകി. അതുവരെ കെ- ഫോൺ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നിരവധി വിമർശനങ്ങൾ സർക്കാരിനെതിരേ ഉയർന്നിരുന്നു.
എന്നാൽ എല്ലാ വിമർശനങ്ങളെയും ആക്ഷേപങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട്, കെ- ഫോൺ പദ്ധതികൾ ഇപ്പോഴും സജീവമാണെന്നും ഇന്നല്ലെങ്കിൽ നാളെ പാവപ്പെട്ട കുടുംബങ്ങളിലേക്ക് ഇന്റർനെറ്റുമായി കേരളത്തിന്റെ സ്വന്തം കെ ഫോൺ പദ്ധതി എത്തുകതന്നെ ചെയ്യും എന്ന പ്രതീക്ഷ നൽകാൻ ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനത്തിന് കഴിഞ്ഞു.
സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല കേരളമാകെ സ്ഥാപിക്കുന്ന കെ- ഫോൺ പദ്ധതി സംസ്ഥാനത്തിന്റെ ഇന്റർനെറ്റ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ശേഷിയുള്ള സർക്കാർ പദ്ധതിയാണ് എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. സാർവത്രികവും സൗജന്യവുമായ ഇന്റർനെറ്റ് സേവനം സമൂഹത്തിന്റെ എല്ലാ തട്ടിലേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2017ൽ ആണ് സംസ്ഥാന സർക്കാർ കെ -ഫോൺ പദ്ധതി പ്രഖ്യാപിച്ചത്.

സർക്കാർ ഓഫീസുകളിലും ബിപിഎൽ കുടുംബങ്ങളിലും ഇന്റർനെറ്റ് എത്തിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കെ -ഫോൺ പദ്ധതിയെ സർക്കാർ കേരളത്തിന് പരിചയപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ 140 മണ്ഡലത്തിൽനിന്നും ദാരിദ്ര്യരേഖയ്‌ക്കുതാഴെയുള്ള 100 വീതം കുടുംബങ്ങളെ പദ്ധയിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുമെന്നും അങ്ങനെ പാവപ്പെട്ട 14,000 കുടുംബങ്ങളിലേക്ക് ഇന്റർനെറ്റ് സൗകര്യം എത്തിക്കുമെന്നുമായിരുന്നു സർക്കാർ പ്രഖ്യാപനം.
പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല എങ്കിലും ഇപ്പോഴും കെ-ഫോണിൽ പ്രതീക്ഷ വയ്ക്കുന്നവർ ഏറെയുണ്ട്. കൈറ്റ് -ബിഎസ്എൻഎല്ലുമായുള്ള സഹകരണം അവസാനിപ്പിച്ചതോടെ കെ-ഫോണിന്റെ സ്കൂളിലേക്കുള്ള പ്രവേശനോത്സവത്തിന് കളം ഒരുങ്ങിയിരിക്കുകയാണ്. കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയിലൂടെ പൊതു വിദ്യാലയങ്ങളിൽ സൗജന്യ ഇന്റർനെറ്റ് എത്തിക്കാൻ കഴിയുന്നത് സർക്കാരിന്റെ ഒരു നേട്ടമായിത്തന്നെ വിലയിരുത്തപ്പെടും.


Click it and Unblock the Notifications