ഗൂഗിൾ പേ, മറ്റ് യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; രാജ്യത്ത് ക്യൂആർ കോഡ് തട്ടിപ്പ് പെരുകുന്നു
രാജ്യത്ത് ക്യൂആർ കോഡുകളുടെ പേരിലുള്ള തട്ടിപ്പുകൾ വർധിപ്പിക്കുന്നതായി റിപ്പോർട്ട്. നിലവിൽ പെയ്മെന്റുകൾ ഭൂരിഭാഗവും ഡിജിറ്റൽ ആയതിനാൽ തന്നെ ഇനിയും ഇവ പെരുകാനാണ് സാധ്യത എന്നാണ് കരുതപ്പെടുന്നത്. 2017 മുതലാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. ബെംഗളൂരുവിൽ മാത്രം ഇതുവരെ ഏകദേശം 20,662 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇപ്പോൾ രജിസ്റ്റർ ചെയ്യുന്ന ഓൺലൈൻ തട്ടിപ്പുകേസുകളിൽ ഭൂരിഭാഗവും ക്യൂആർ കോഡുമായി ബന്ധപ്പെട്ടവയാണ്. യഥാർത്ഥ ക്യൂആർ കോഡുകളും വ്യാജമായ ക്യൂആർ കോഡുകളും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. കാരണം കാഴ്ചയിൽ ഇവ ഒരുപോലെ ഇരിക്കുന്നതാണ്. ആയതിനാൽ തന്നെ തട്ടിപ്പുകാർ തങ്ങളുടെ ക്യൂആർ ബോർഡുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുന്നു. ഇത് വ്യാജമാണെന്ന് അറിയാതെ തന്നെ ധാരാളം ഉപഭോക്താക്കൾ ഇത് സ്കാൻ ചെയ്യാൻ ശ്രമിക്കും. ഇതോടെ ഇവർ കെണിയിൽ പെടുന്നു.

ഇവർ ഇത്തരം സ്ക്യാൻ ബോർഡുകൾ സ്ക്യാൻ ചെയ്യുന്നതോടെ തട്ടിപ്പുകാർക്ക് ഇവരുടെ ഫോണിന്റെ ആക്സസ് ലഭിക്കുന്നതാണ്. പിന്നീട് ഈ തട്ടിപ്പുകാർ ഇവർക്ക് ധാരാളം ഫിഷിംഗ് URL-കളിലേക്ക് അവ സ്വയമേവ റീഡയറക്‌ട് ചെയ്യിക്കുന്നു. ഇതിലൂടെ വിശ്വാസയോഗ്യമല്ലാത്ത ആപ്പ് സ്റ്റോറുകളിലേക്ക് മറ്റുള്ളവരെ നയിക്കുകയും വൈറസുകൾ, സ്പൈവെയർ, ട്രോജനുകൾ അല്ലെങ്കിൽ മറ്റ് ക്ഷുദ്രവെയറുകൾ എന്നിവ അടങ്ങിയിട്ടുള്ള ക്ഷുദ്രകരമായ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
തട്ടിപ്പുകാർക്ക് തട്ടിപ്പിനിരയായ വ്യക്തികളുടെ ഇമെയിലിലേക്കോ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കോ ആക്‌സസ് ലഭിക്കാനും സാധ്യത ഉണ്ട്. പിന്നാലെ ഡാറ്റ മോഷണം, സ്വകാര്യത ലംഘനങ്ങൾ, റാൻസംവെയർ ആക്രമണങ്ങൾ, ക്രിപ്‌റ്റോകറൻസി മൈനിംഗ് എന്നിവയിലേക്ക് കടക്കാനും സാധ്യത ഉണ്ട്. തട്ടിപ്പുകാരുടെ സ്വഭാവം അനുസരിച്ചിരിക്കും ഇവർ ചെയ്യുന്ന കൃത്യങ്ങളുടെ പരുധിയും. സൗജന്യ വൈഫൈ നെറ്റ്വർക്കുകൾ സ്ഥാപിച്ച് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന സംഘവും ഇപ്പോൾ ഉണ്ട്.

പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ ഇവർ വാഗ്ദാനം ചെയ്യുന്നു. കണക്ഷൻ ലഭിക്കാനായി ക്യൂആർ കോഡ് സ്കാൻ ചെയ്യാനും ഇവർ ആവിശ്യപ്പെടുന്നു. ഇത് വിശ്വസിച്ച് ഉപഭോക്താക്കൾ ഈ ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതോടെ നേരത്തെ സൂചിപ്പിച്ചപോലെ ഇവർ തട്ടിപ്പിനിരയാകുന്നു. ബാങ്ക് രേഖകൾ ഉൾപ്പെടെ സ്വകാര്യ വിവരങ്ങൾ വരെ ഇത്തരത്തിൽ തട്ടിപ്പുകാർക്ക് കൈക്കലാക്കാൻ സാധിക്കുന്നതാണ്. ഇത്തരം ചതികളിൽ പെടാതിരിക്കാൻ പൊതു ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യൂആർ കോഡുകൾ സ്കാൻ ചെയ്യാതിരിക്കാൻ ശ്രമിക്കുക.
ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാനുള്ള മറ്റ് മാർഗങ്ങൾ എന്തെലാലമാണെന്ന് വിശദമായി പരിശോധിക്കാം. ഇതിൽ ഒന്നാമതായി ശ്രദ്ധിക്കേണ്ട കാര്യം ക്യൂആർ കോഡുകൾ സ്കാൻ ചെയ്യാനായി ഔദ്യോഗിക ആപ്പുകൾ ഉപയോഗിക്കുക എന്നതാണ്. ഇത്തരം ആപ്പുകൾക്ക് പലപ്പോഴും അന്തർനിർമ്മിത സുരക്ഷാ ഫീച്ചറുകൾ ഉണ്ട്. മാത്രമല്ല നിങ്ങളെ ക്ഷുദ്രകരമായ വെബ്‌സൈറ്റുകളിലേക്കോ ആപ്പുകളിലേക്കോ നയിക്കാനുള്ള സാധ്യതയും കുറവാണ്.
ഒരു ബോർഡ് നിങ്ങൾ സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇവയുടെ ഉറവിടം എവിടെ നിന്നാണെന്ന് പരിശോധിക്കേണ്ടതുണ്ട്. പ്രധാനമായും ഇമെയിൽ, ടെക്‌സ്‌റ്റ് സന്ദേശം അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴി ലഭിക്കുകന്ന ക്യൂആർ കോഡുകൾ ആണെങ്കിൽ നിർബന്ധമായും ഇവയുടെ ഉറവിടം പരിശോധിക്കേണ്ടതുണ്ട്. മാത്രമല്ല ലഭിച്ചിരിക്കുന്ന കോഡ് വ്യക്തമായി പരിശോധിക്കുന്നതും തട്ടിപ്പുകൾ ഒഴിവാക്കാൻ സഹായിക്കുന്നതാണ്. സംശയാസ്പദമായി എന്തെങ്കിലും തോന്നിയാൽ കോഡ് സ്കാൻ ചെയ്യാതെ ഇരിക്കുന്നതാണ് ബുദ്ധി.
ചില ക്യൂആർ കോഡ് സ്കാനിങ് ആപ്പുകളിൽ കോഡ് ക്യാൻ ചെയ്യുമ്പോൾ തന്നെ ഇതിന്റെ URL-ന്റെയോ ഉള്ളടക്കത്തിന്റെയോ പ്രിവ്യൂ നൽകുന്നുണ്ട്. ഇത്തരത്തിലുള്ള ക്യൂആർ കോഡ് റീഡറുകൾ ആപ്പ് സ്റ്റോറുകളിൽ ലഭിക്കുന്നവയാണ്. ഇവ ഉപയോഗിക്കുന്നതും തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാൻ ഉപഭോക്താക്കളെ സഹായിക്കുന്നതാണ്. മാത്രമല്ല നിങ്ങളുടെ സ്മാർട്ട് ഫോണുകൾ എപ്പോഴും അപ്ഡേറ്റ് ആയി സൂക്ഷിക്കുക. വൈറസ് പോലുള്ള അപകട ഭീഷണികളില് നിന്ന് ഇവ നിങ്ങളെ സഹായിക്കുന്നതായിരിക്കും.


Click it and Unblock the Notifications








