രജ്‌നിയുടെ കൊച്ചടൈയാനാകാന്‍ കാര്‍ബണ്‍ മൊബൈല്‍സ്

Posted By: Staff

രജ്‌നിയുടെ കൊച്ചടൈയാനാകാന്‍ കാര്‍ബണ്‍ മൊബൈല്‍സ്

സ്റ്റൈല്‍ മന്നന്‍ രജ്‌നികാന്തിന്റെ റിലീസിംഗിന് ഒരുങ്ങുന്ന ചിത്രമാണ് കൊച്ചടൈയാന്‍. രജ്‌നിയുടെ ഇളയമകള്‍ സൗന്ദര്യയുടെ സംവിധാനമികവിലെത്തുന്ന ഈ ചിത്രം റിലീസിംഗിന് മുമ്പേ വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്. ഇന്ത്യന്‍ മൊബൈല്‍ വിപണിയിലും കൊച്ചടൈയാന്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. കാരണം എന്താണെന്നല്ലേ? ഇന്ത്യന്‍ മൊബൈല്‍ കമ്പനിയായ കാര്‍ബണ്‍ മൊബൈല്‍സ് ഇതേ പേരിലാണ് അവരുടെ ഏറ്റവും പുതിയ മൊബൈല്‍ ഫോണ്‍ ഇറക്കുന്നത്. സിനിമാ റിലീസിംഗിന്റെ ഭാഗമായി 5 ലക്ഷം കൊച്ചടൈയാന്‍ മൊബൈലുകളാണ് കാര്‍ബണ്‍ മൊബൈല്‍സ് ഇറക്കുക.

ഈ സിനിമയിലെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും സ്‌ക്രീന്‍ സേവറുകളും കാര്‍ബണ്‍ മൊബൈലില്‍ ലഭിക്കും. സിനിമ ട്രെയിലറും ഇതിലെത്തുന്നുണ്ട്. ടോക്യോയില്‍ ചിത്രത്തിന്റെ ഓഡിയോ അവതരണം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലേതെങ്കിലുമൊന്നിലാകും കൊച്ചടൈയാന്‍ മൊബൈലും ഇറങ്ങുക. രജ്‌നിയുടെ ഡയലോഗുകള്‍ കാത്തിരിക്കുന്നവര്‍ക്കും കൊച്ചടൈയാന്‍ മൊബൈലിലൂടെ അവ ആസ്വദിക്കാനാകുമെന്ന് കാര്‍ബണ്‍ മൊബൈല്‍സ് ചെയര്‍മാന്‍ സുധിര്‍ ഹസ്ജിയ പറഞ്ഞു.

ഇതിനെല്ലാം ഉപരി രജ്‌നിയുടെ കയ്യൊപ്പ് പതിഞ്ഞ ഫോണുകളാണ് വില്പനക്കെത്തുകയെന്ന പ്രത്യേകത കൂടിയുണ്ട്. ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ്, ജാപ്പാനീസ് ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. ദീപിക പഡുക്കോണ്‍ ആണ് രജ്‌നിയുടെ നായിക. എ.ആര്‍ റഹ്മാന്‍ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നു. എന്താ ഒരു കൊച്ചടൈയാന്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നോ നിങ്ങള്‍?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot