സ്വപ്നമല്ല, നിജം! അദ്ഭുത പ്രവൃത്തികളുടെ കലവറയായ റേ ബാൻ-മെറ്റ ഗ്ലാസ് ഇന്ത്യയിലേക്ക്
മാന്ത്രിക ശക്തികൾ തങ്ങൾക്ക് ഉണ്ടായിരുന്നു എങ്കിൽ എന്ന് ചെറുപ്പത്തിലും ഇപ്പോഴും ആഗ്രഹിക്കുന്ന ധാരാളം മനുഷ്യർ ഉണ്ട്, അതായത് അസാധ്യമായ കാര്യങ്ങൾ നിറവേറ്റാനുള്ള ഒരു പ്രത്യേക ശക്തി. ഭാവനയിലൂടെ അത്തരം ശക്തിയിലൂടെ നാം പലതും നടത്തുന്നതായി സ്വപ്നങ്ങൾ കാണാനാകും, എന്നാലവ യഥാർഥ ജീവിതത്തിൽ സാധ്യമല്ല. എന്നാൽ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ശക്തികൾ മനുഷ്യന് യഥാർഥ ജീവിതത്തിൽ സമ്മാനിക്കാൻ ടെക്നോളജിക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരമൊരു വൻ നീക്കത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടവയാണ് റേ-ബാൻ മെറ്റാ സ്മാർട്ട് ഗ്ലാസുകൾ. ഞെട്ടിപ്പിക്കുന്ന ഒരു പാട് ഫീച്ചറുകൾ ഉള്ള ഈ മെറ്റാ സ്മാർട്ട്ഗ്ലാസിനെ അദ്ഭുതങ്ങളുടെ കലവറ എന്ന് വിശേഷിപ്പിക്കാം.
ടെക്നോളജി രംഗത്തെ വൻ മുന്നേറ്റങ്ങളിലൊന്നായ റേ-ബാൻ മെറ്റാ സ്മാർട്ട് ഗ്ലാസുകൾ ഇനി ഇന്ത്യയിലും ലഭ്യമാകാൻ പോകുന്നു. ഈ സ്മാർട്ട്ഗ്ലാസിന്റെ ഇന്ത്യൻ ലോഞ്ച് ഉടൻ ഉണ്ടാകുമെന്ന് ഇപ്പോൾ സ്ഥിരീകരണം ഉണ്ടായിരിക്കുന്നു. വിരലനക്കുകപോലും ചെയ്യാതെ ഫോട്ടോകളും വീഡിയോകളുമെടുക്കാം, മറ്റുഭാഷകളിൽ സംസാരിക്കുന്നവർ പറയുന്ന കാര്യങ്ങൾ തത്സമയം പരിഭാഷപ്പെടുത്തി അറിയാം തുടങ്ങി ഒരുപാട് കാര്യങ്ങൾ നിറവേറ്റാൻ ഈ സ്മാർട്ട് ഗ്ലാസുകൾക്ക് സാധിക്കും.

റേ-ബാൻ മെറ്റാ സ്മാർട്ട് ഗ്ലാസ് ധരിച്ചുകൊണ്ട് കാണുന്ന വസ്തുക്കളെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരം നൽകാൻ അതിന് കഴിയും. കാണുന്നതെന്തും ഫെയ്‌സ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും ലൈവ് സ്ട്രീം ചെയ്യാൻ സാധിക്കും. എത്ര തിരക്കിനിടയിലും ചുറ്റുമുള്ള ശബ്ദങ്ങൾ ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ സംഗീതം, പോഡ്കാസ്റ്റുകൾ എന്നിവ കേൾക്കാം.
'ഹായ് മെറ്റ' എന്ന വോയിസ് കമാന്‍ഡിലൂടെ ഫോട്ടോകളും വീഡിയോകളും എടുക്കുക, കോള്‍ ചെയ്യുക, സന്ദേശങ്ങള്‍ അയയ്ക്കുക തുടങ്ങിയ നിരവധി കാര്യങ്ങൾ ചെയ്യാം. ഫോണ്‍ വിളിക്കുന്ന സന്ദര്‍ഭങ്ങളില്‍ വ്യക്തമായ ശബ്ദം പിടിച്ചെടുക്കുന്നതിനും വോയിസ് കമാന്‍ഡുകള്‍ക്കുമായി ഇതില്‍ അഞ്ച് മൈക്രോഫോണുകള്‍ ഉള്‍പ്പെട്ട മള്‍ട്ടി-മൈക്രോഫോണ്‍ സംവിധാനവുമുണ്ട്.

ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും റേ ബാനിന്റെ മാതൃ കമ്പനിയായ എസ്സിലോർ ലക്‌സോട്ടിക്കയും സംയുക്തമായിട്ടാണ് റേ ബാൻ - മെറ്റ ഗ്ലാസ് വികസിപ്പിച്ചെടുത്തത്. ഇപ്പോൾ റേ-ബാൻ മെറ്റ സ്മാർട്ട് ഗ്ലാസുകൾ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള മെറ്റയുടെ ശ്രമത്തിന്റെ ഭാഗമാണ് ഇന്ത്യയിലും ഇത് ലോഞ്ച് ചെയ്യാൻ പോകുന്നത്. ഇന്ത്യക്ക് പുറമേ യുഎഇ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലും ഈ സ്മാർട്ട് ഗ്ലാസ് ഉടൻ അവതരിപ്പിക്കും.
മെച്ചപ്പെടുത്തിയ AI അപ്‌ഡേറ്റുകൾ സഹിതമാണ് പുതിയ റേ-ബാൻ മെറ്റാ ഗ്ലാസുകൾ എത്തുന്നത്. തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ നേരത്തെ ആക്‌സസ് ഉണ്ടായിരുന്ന ലൈവ് ട്രാൻസ്ലേഷൻ ഫീച്ചർ ഇപ്പോൾ കൂടുതൽ വിപുലമായി പുറത്തിറങ്ങുന്നു, ഭാഷാ പായ്ക്കുകൾ ഡൗൺലോഡ് ചെയ്‌താൽ വൈ-ഫൈ കണക്ഷൻ ആവശ്യമില്ലാതെ തന്നെ പിന്തുണയ്‌ക്കുന്ന ഭാഷകളിലുടനീളം തടസ്സമില്ലാത്ത സംഭാഷണങ്ങൾ സാധ്യമാകും.
വാട്സ്ആപ്പ് മെസഞ്ചർ, നേറ്റീവ് ഫോൺ മെസേജിങ് എന്നിവയ്‌ക്കുള്ള നിലവിലുള്ള പിന്തുണയ്‌ക്ക് പുറമേ, ഇൻസ്റ്റാഗ്രാമിൽ നിന്ന് നേരിട്ട് നേരിട്ടുള്ള സന്ദേശങ്ങൾ, ഫോട്ടോകൾ, ഓഡിയോ, വീഡിയോ കോളുകൾ എന്നിവ അയയ്‌ക്കാനും സ്വീകരിക്കാനും ഈ സ്മാർട്ട് ഗ്ലാസിന് അധികം വൈകാതെ തന്നെ സാധിക്കും. സ്‌പോട്ടിഫൈ, ആമസോൺ മ്യൂസിക്, ആപ്പിൾ മ്യൂസിക്, ഷാസം തുടങ്ങിയ മ്യൂസിക് സ്ട്രീമിംഗ് ആപ്പുകളിലേക്കുള്ള ആക്‌സസ് യുഎസിനും കാനഡയ്ക്കും പുറത്തേക്ക് ലഭ്യമാക്കാൻ നീക്കമുണ്ട്.

IPX4 വാട്ടർ-റെസിസ്റ്റന്റ് റേറ്റിംഗ് സഹിതമാണ് റേ-ബാൻ മെറ്റാ ഗ്ലാസുകൾ എത്തുക. അതിനാൽത്തന്നെ ചെറിയ മഴ ഉൾപ്പെടെ നനഞ്ഞാലും ഇത് അത്ര പെട്ടെന്ന് തകരാറിലാകുമെന്ന് പേടിവേണ്ട. റേ-ബാൻ മെറ്റാ സ്മാർട്ട് ഗ്ലാസുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന കൃത്യമായ തീയതിയും വിലയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications








