എത്ര പണം അയയ്ക്കാം, എത്ര പോക്കറ്റിൽ വയ്ക്കാം; UPI 123പേ, UPI ലൈറ്റ് ഇടപാടുകളിൽ RBI വരുത്തിയ മാറ്റങ്ങൾ
യുപിഐ 123 പേ ഇടപാട് പരിധി, യുപിഐ ലൈറ്റ് വാലറ്റ് പരിധി എന്നിവ വർധിപ്പിച്ച് റിസർവ് ബാങ്ക്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 51-ാമത് മോണിറ്ററി പോളിസി മീറ്റിംഗിൽ ആണ് യുപിഐ ഇടപാടുകളിലെ പുതിയ മാറ്റങ്ങൾ സംബന്ധിച്ച് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഫീച്ചർ ഫോണുകളിലും യുപിഐ ഇടപാടുകൾ സാധ്യമാക്കുന്ന സംവിധാനമാണ് യുപിഐ 123പേ (UPI 123Pay). പാസ്വേഡ് ഇല്ലാതെ തന്നെ ചെറിയ അളവിൽ പണം അയയ്ക്കാൻ സാധിക്കുന്ന യുപിഐ സംവിധാനമാണ് യുപിഐ ലൈറ്റ് (UPI Lite).
യുപിഐ 123 പേ, യുപിഐ ലൈറ്റ് എന്നിവയിൽ നടത്തിയ പുതിയ പരിഷ്കരണങ്ങളിലൂടെ ഡിജിറ്റൽ പേയ്മെന്റുകൾക്കായുള്ള ഇന്ത്യയുടെ സംവിധാനമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകൾ വർധിപ്പിക്കാനും കൂടുതൽ ആളുകളെ യുപിഐ സേവനങ്ങളിലേക്ക് ആകർഷിക്കാനും ആർബിഐയും യുപിഐ ഇടപാടുകളുടെ ചുമതലയുള്ള നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) ലക്ഷ്യമിടുന്നു.
പാസ്വേഡ് ഉപയോഗിക്കാതെ യുപിഐ വഴി കുറഞ്ഞ തുകയുടെ ഇടപാടുകൾ നടത്താം എന്നതായിരുന്നു യുപിഐ ലൈറ്റിന്റെ പ്രത്യേകത. രാജ്യത്തെ പ്രമുഖ യുപിഐ പേയ്മെന്റ് പ്ലാറ്റ്ഫോമുകളായ ഫോൺപേ, പേടിഎം, ഗൂഗിൾ പേ എന്നിവയെല്ലാം ലൈറ്റ് യുപിഐ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഇതുവരെ ഈ വാലറ്റിൽ ശേഖരിക്കാവുന്ന പരമാവധി തുക 2,000 രൂപയായിരുന്നു.
എന്നാൽ ആർബിഐയുടെ പുതിയ തീരുമാന പ്രകാരം യുപിഐ ലൈറ്റ് ഉപയോക്താക്കൾക്ക് തങ്ങളുടെ വാലറ്റിൽ ഇനി 5000 രൂപ വരെ സൂക്ഷിക്കാം. അതേപോലെ നിലവിൽ പാസ്വേഡ് ഇല്ലാതെ യുപിഐ ലൈറ്റ് വഴി കൈമാറാവുന്ന തുകയുടെ പരിധി 500 ആണ്, ഇത് 1000 രൂപയായി ഉയർത്തിയെന്നാണ് റിപ്പോർട്ട്.

UPI 123PAY സംവിധാനം ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്. ഇൻ്റർനെറ്റ് കണക്ഷനോ സ്‌മാർട്ട്‌ഫോണോ ഇല്ലാതെ പോലും വേഗത്തിലും സുരക്ഷിതമായും UPI ഇടപാടുകൾ നടത്താൻ ആളുകളെ പ്രാപ്‌തരാക്കുന്നു എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ആർബിഐയുടെ പുതിയ തീരുമാന പ്രകാരം, UPI123Pay വഴി പരമാവധി കൈമാറാവുന്ന തുകയുടെ പരിധി 5,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തി.
ഇന്ത്യയിൽ 400 ദശലക്ഷം പേർ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. ഇവരെയും യുപിഐ ഇടപാടുകളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആർബിഐയും നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) 2022 മാർച്ചിൽ ആണ് UPI 123Pay സംവിധാനം അവതരിപ്പിച്ചത്. യുപിഐ 123പേ ഇടപാടുകൾക്കായി നാല് രീതികൾ വാഗ്ദാനം ചെയ്യുന്നു.
ഐവിആർ, ആപ്പ്, മിസ്ഡ് കോൾ, ശബ്ദം അടിസ്ഥാനമാക്കി എന്നിങ്ങനെ നാല് രീതികളിൽ ഫീച്ചർ ഫോണുകൾ വഴി യു പിഐ 123 പേ ഇടപാടുകൾ നടത്താൻ സാധിക്കും. ഉപയോക്താക്കൾ മുൻകൂട്ടി നിശ്ചയിച്ച നമ്പറിലേക്ക് വിളിക്കുകയും ഇടപാടുകൾ പൂർത്തിയാക്കാൻ വോയ്‌സ് പ്രോംപ്റ്റുകൾ പിന്തുടരുകയും ചെയ്യുന്നതാണ് ഐവിആർ പേയ്മെന്റ് രീതി.

ഉപഭോക്താകൾ നിർദ്ദിഷ്ട നമ്പറിലേക്ക് മിസ്ഡ് കോൾ നൽകി തിരികെ കോൾ സ്വീകരിച്ച് യുപിഐ പിൻ വഴി ഇടപാട് പൂർത്തിയാക്കുന്നതാണ് മിസ്ഡ്കോൾ രീതി, ഫീച്ചർ ഫോണുകൾക്കായുള്ള യുപിഐ ആപ്പ് വഴി യുപിഐ ഇടപാട് നടത്തുന്നതാണ് ആപ്പ് പേയ്മെന്റ് രീതി. മെർച്ചന്റ് ഡിവൈസിൽ ഫോൺ ടാപ് ചെയ്ത് കൊണ്ട് ശബ്ദതരംഗങ്ങളുടെ സഹായത്താൽ കോണ്ടാക്ട് ലെസ് പേമെന്റ് നടത്തുന്നതാണ് ശബ്ദം അടിസ്ഥാനമാക്കിയുള്ള യുപിഐ 123 പേ രീതി.
തങ്ങളുടെ ഫീച്ചർ ഫോണിൽ യുപിഐ 123പേ സജ്ജീകരിക്കാനായി ഉപയോക്താക്കൾ ഫോണിൽ *99# എന്ന് ഡയൽ ചെയ്യുകയും ബാങ്ക് തിരഞ്ഞെടുത്ത്, ഡെബിറ്റ് കാർഡ് ഡീറ്റെയിൽസ് നൽകി, UPI പിൻ സജ്ജീകരിച്ച് ഒരു UPI ഐഡി സൃഷ്ടിക്കണം. ഈ സംവിധാനം ഇൻ്റർനെറ്റ് ആക്‌സസ് ഇല്ലാതെ സുരക്ഷിതമായ ഇടപാടുകൾ അനുവദിക്കുന്നു.


Click it and Unblock the Notifications