യുപിഐ തട്ടിപ്പിൽ പണം പോയാൽ കേരളാ പോലീസ് മുതൽ ആർബിഐ വരെ നിങ്ങളെ സഹായിക്കും; ചെയ്യേണ്ട കാര്യങ്ങൾ ഇതാ
ഓൺലൈൻ പേയ്മെന്റ് ഇടപാടുകൾ വർധിച്ചതുപോലെ തന്നെ ഓൺലൈൻ തട്ടിപ്പുകളും വർധിച്ചുകൊണ്ടിരിക്കുകയാണ്. പല ചതിക്കുഴികളും ഒരുക്കി സൈബർ ക്രിമിനലുകൾ ആളുകളുടെ പണം തട്ടിയെടുക്കുന്നു. ഇങ്ങനെ പണം നഷ്ടമായാൽ അത് തിരിച്ചുപിടിക്കാൻ ചില വഴികൾ നമുക്കുമുന്നിലുണ്ട്. എന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്തതിനാൽ പലർക്കും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ കഴിയാറില്ല.
നിങ്ങളോ, നിങ്ങൾക്ക് ചുറ്റുമുള്ളവരോ ഏത് സമയത്തും ഓൺലൈൻ തട്ടിപ്പിന്റെ ഇരയാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അങ്ങനെ ഒരു സാഹചര്യം നേരിട്ടാൽ പണം തിരിച്ചുപിടിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടത് ഏറെ പ്രധാനമാണ്. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ കേരളാ പോലീസ് മുതൽ ആർബിഐ വരെ നിങ്ങളെ സഹായിക്കാനുണ്ടാകും.

യുപിഐ ഇടപാടുകളിലൂടെ പണം നഷ്ടമായാൽ എന്താണ് ചെയ്യേണ്ടത് എന്ന് ആർബിഐയും ബാങ്കിംഗ് ഓംബുഡ്‌സ്മാനും യുപിഐ ഇടപാടുകളുടെ ചുമതലയുള്ള എൻപിസിഐയും പോലുള്ള സംവിധാനങ്ങൾ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ ഇടപാടുകളിൽ പ്രശ്നങ്ങൾ നേരിട്ടാൽ ബന്ധപ്പെടേണ്ട ഏജൻസികളും ചെയ്യേണ്ട കാര്യങ്ങളും എന്തൊക്കെ എന്ന് ഇവിടെ പരിചയപ്പെടാം.
യുപിഐ തട്ടിപ്പിന് ഇരയായാൽ ചെയ്യാവുന്ന കാര്യങ്ങൾ- സേവന ദാതാവുമായി ബന്ധപ്പെടുക: ആർബിഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, പണം നഷ്ടമായാൽ ഉപയോക്താവ് ആദ്യം പേയ്‌മെന്റ് സേവന ദാതാവിന്റെ (ഉദാഹരണത്തിന്: ഗൂഗിൾ പേ, ഫോൺപേ, പേടിഎം) പക്കൽ പ്രശ്നം റിപ്പോർട്ട് ചെയ്യണം.
ഗൂഗിൾ പേ, ഫോൺപേ, പേടിഎം, തുടങ്ങി ഏത് യുപിഐ പ്ലാറ്റ്ഫോം ഉപയോഗിച്ചാണോ നിങ്ങൾ പണം കൈമാറിയത് ആ സംവിധാനത്തിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് പരാതി അവരെ അറിയിക്കുകയും റീഫണ്ട് ആവശ്യപ്പെടുകയും ചെയ്യുക. എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഉപഭോക്താക്കൾക്ക് പിന്തുണ നൽകാൻ ഇത്തരം സേവന ദാതാക്കൾക്ക് അവരുടേതായ സംവിധാനമുണ്ട്.
എൻപിസിഐ പോർട്ടലിൽ പരാതി നൽകുക: യുപിഐ ആപ്പ് സേവന ദാതാക്കളുടെ പക്കൽനിന്ന് സഹായം ലഭ്യമായില്ലെങ്കിൽ, നിങ്ങൾക്ക് എൻപിസിഐ പോർട്ടലിൽ പരാതി നൽകാം. അതിനായി ആദ്യം npci.org.in- എന്ന വെബ്സൈറ്റ് സന്ദർശിക്കുക. തുടർന്ന് ' What we do ' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം യുപിഐയിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് തർക്ക പരിഹാര സംവിധാനം ഏതാണെന്ന് തിരഞ്ഞെടുത്ത് പരാതി വിഭാഗത്തിൽ, യുപിഐ ഇടപാട് ഐഡി, വെർച്വൽ പേയ്‌മെന്റ് വിലാസം, കൈമാറ്റം ചെയ്ത തുക, ഇടപാട് തീയതി, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടെ എല്ലാ ഡീറ്റെയിൽസും നൽകുക. സംഭവത്തിന്റെ കാരണം തിരഞ്ഞെടുക്കുക. പരാതി സബ്മിറ്റ് ചെയ്യുക.

ബാങ്കിങ് ഓംബുഡ്‌സ്മാന് പരാതി നൽകുക: പേയ്മെന്റ് സേവനദാതാവിനെ അറിയിച്ചിട്ടും എൻപിസിഐ പോർട്ടലിൽ പരാതി നൽകിയിട്ടും 30 ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കിൽ പരാതിക്കാരന്റെ ബാങ്കിന്റെയും പണമെത്തിയ ബാങ്കിന്റെയും പക്കലേക്ക് പരാതി എത്തുന്നതാണ് അടുത്ത ഘട്ടം. മേൽപ്പറഞ്ഞ നടപടിക്രമങ്ങൾ പാലിച്ചിട്ടും പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ, ഡിജിറ്റൽ പരാതികൾക്കായുള്ള ഓംബുഡ്‌സ്മാനെ സമീപിക്കാം.
ഡിജിറ്റൽ ഇടപാടുകൾക്കായുള്ള ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് വേണം ഓംബുഡ്‌സ്മാന് ഔദ്യോഗിക പരാതി സമർപ്പിക്കാൻ. അതിനായി cms.rbi.org.in എന്ന വിലാസത്തിൽ ബാങ്കിംഗ് ഓംബുഡ്‌സ്മാന് പരാതി നൽകാവുന്നതാണ്. ആർബിഐ മാർഗനിർദേശ പ്രകാരം, ഒരു സാധാരണ പേപ്പറിൽ പരാതി എഴുതി ബന്ധപ്പെട്ട ഓംബുഡ്‌സ്മാന്റെ ഓഫീസിലേക്ക് പോസ്റ്റ്/ഫാക്‌സ്/ഹാൻഡ് ഡെലിവറി വഴിയും പരാതി ഫയൽ ചെയ്യാം.
ഡിജിറ്റൽ ഇടപാടുകൾക്കായുള്ള ഓംബുഡ്‌സ്മാന് [email protected] എന്ന വിലാസത്തിൽ ഇ- മെയിൽ വഴിയും പരാതി അയയ്ക്കാം. നിങ്ങൾ പരാതി നൽകിയ സേവന ദാതാവിന്റെ ബ്രാഞ്ചിലേക്കോ ഓഫീസിലേക്കോ പരാതി അയയ്ക്കണം. ആർബിഐയുടെ വെബ്‌സൈറ്റിൽ നിങ്ങൾക്ക് സ്കീമിനൊപ്പം ഒരു പരാതി ഫോമും കണ്ടെത്താനാകും, എന്നിരുന്നാലും, ഈ ഫോർമാറ്റ് ഉപയോഗിക്കേണ്ടത് നിർബന്ധമല്ല.
ബാങ്കിങ് തട്ടിപ്പുകൾ നേരിട്ടാൽ ചെയ്യേണ്ടത്- ബാങ്കിലേക്ക് ഉടനടി റിപ്പോർട്ട് ചെയ്യുക: അനധികൃത ഇടപാടിനെക്കുറിച്ച് എത്രയും വേഗം ബാങ്കിനെ അറിയിക്കുക. 25,000 രൂപ വരെയുള്ള തട്ടിപ്പുകളിൽ മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ഫയൽ ചെയ്യണം. ഇൻഷുറൻസ് കമ്പനി കമ്മ്യൂണിക്കേഷൻ: നഷ്ടം കുറയ്ക്കുന്നതിനായി തട്ടിപ്പിനെക്കുറിച്ച് ബാങ്ക് ഇൻഷുറൻസ് കമ്പനിയെ അറിയിക്കും. ബാങ്കിൽനിന്നുള്ള നഷ്ടപരിഹാരം 10 ദിവസത്തിനുള്ളിൽ പ്രോസസ്സ് ചെയ്യണം.

സൈബർ ക്രൈം പോർട്ടൽ: പാർട്ട്ടൈം ജോലി തട്ടിപ്പ്, വർക്ക് ഫ്രം ഹോം തട്ടിപ്പ്, മറ്റ് വിധത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ എന്നിവയിലൂടെ പണം നഷ്ടമായാലും ബാങ്ക് അധികൃതരെ ഉടൻ ബന്ധപ്പെടണം. അതേസമയം, ഗുരുതര പ്രശ്നത്തിൽ അകപ്പെട്ട് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലെങ്കിൽ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകാം.
തട്ടിപ്പ് ലോക്കൽ പോലീസിനെ അറിയിക്കാനും നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ റിപ്പോർട്ട് ചെയ്യാനും ഓപ്ഷനുകളുണ്ട്. ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യാൻ cybercrime.gov.in എന്ന ഓപ്ഷൻ ഉപയോഗിക്കുക. അതല്ല, നേരിട്ട് ബന്ധപ്പെട്ട് അറിയിക്കണം എങ്കിൽ 1930 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുക.
കേരളാ പോലീസിന്റെ സഹായം: ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങുന്നവർക്ക് ഏത് സമയത്തും കേരളാ പോലീസിനെ ബന്ധപ്പെടാവുന്നതാണ്. തട്ടിപ്പ് നടന്ന് അധികം വൈകാതെ തന്നെ അറിയിച്ചാൽ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാമെന്ന് സൈബർ ക്രൈം വിഭാഗം ഉറപ്പുനൽകുന്നു. ഓൺലൈൻ തട്ടിപ്പുകൾ നേരിട്ടു റിപ്പോർട്ടു ചെയ്യാനും പരാതിയുടെ അന്വേഷണ പുരോഗതി അറിയാനും സാധിക്കും.
ഓൺലൈൻ തട്ടിപ്പിനിരയായാൽ, ഓൺലൈൻ കുറ്റകൃത്യങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്യാനായി ഒരുക്കിയിരിക്കുന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ ( https://cybercrime.gov.in ) ഉപയോഗപ്പെടുത്തണമെന്ന് പോലീസ് നിർദേശിക്കുന്നു. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ ഹെൽപ്‌ലൈൻ നമ്പറായ 1930 ൽ വിളിച്ചാൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.


Click it and Unblock the Notifications








