2ജിയും 3ജിയും നിർത്തലാക്കണമെന്ന് കേന്ദ്രത്തോട് ജിയോ; പണി പാവങ്ങൾക്കിട്ടോ, മച്ചമ്പിമാർക്കിട്ടോ?
രാജ്യത്ത് 2G, 3G നെറ്റ്വർക്ക് നിർത്തലാക്കാൻ നടപടിയെടുക്കണമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനയായ റിലയൻസ് ജിയോ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 5G ഇക്കോസിസ്റ്റത്തിലൂടെ ഡിജിറ്റൽ പരിവർത്തനം എന്ന വിഷയത്തിലുള്ള ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) കൺസൾട്ടേഷൻ പേപ്പറിനുള്ള മറുപടിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിജിറ്റൽ പുരോഗതിക്കും ക്രിയേറ്റീവ് ആപ്ലിക്കേഷനുകൾക്കുമായി 4G, 5G എന്നിവയിലേക്ക് മാറാൻ ആളുകളെ പ്രേരിപ്പിക്കണമെന്നും അതിനായി 2G, 3G നെറ്റ്വർക്കുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്നുമാണ് ജിയോ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലൂടെ പുതിയ സാഹചര്യങ്ങളെ പിന്തുണയ്ക്കുന്ന ഒരു 5G ഇക്കോസിസ്റ്റത്തിൻ്റെ വികസനം വർദ്ധിക്കുമെന്ന് ജിയോ എടുത്തുപറയുന്നു.

ജിയോയുടെ ഈ നീക്കം വിജയിച്ചാൽ അത് ഏറ്റവുമധികം ബാധിക്കുക മറ്റ് ടെലിക്കോം കമ്പനികളെയാണോ അതോ സാധാരണക്കാരായ ടെലിക്കോം വരിക്കാരെയാണോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. കാരണം 5ജി വ്യാപനം റെക്കോഡ് വേഗതയിൽ മുന്നേറുന്ന ഈ അവസരത്തിൽ 4ജിയിലേക്ക് പോലും എത്താത്ത ലക്ഷക്കണക്കിനാളുകളാണ് രാജ്യത്തുള്ളത്.
ഇന്ത്യയിൽ ഇപ്പോഴും 300 ദശലക്ഷത്തിലധികം മൊബൈൽ ഉപയോക്താക്കൾ 2G അല്ലെങ്കിൽ 3G സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്. എയർടെൽ (Airtel), വോഡഫോൺ ഐഡിയ (Vodafone Idea), ബിഎസ്എൻഎൽ (BSNL) എന്നീ കമ്പനികളാണ് 4G/5G-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കാത്ത അല്ലെങ്കിൽ അപ്‌ഗ്രേഡ് ചെയ്യാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് പഴയരീതിയിൽ നെറ്റ്വർക്ക് സേവനങ്ങൾ നൽകിവരുന്നത്.
പുതിയ നെറ്റ്വർക്ക് വേഗതയിലേക്ക് എല്ലാ ടെലിക്കോം ഉപയോക്താക്കളും എത്തിച്ചേരുകയും മികച്ച രീതിയിൽ അവർ ഡിജിറ്റൽ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് നല്ലകാര്യമാണ്. എന്നാൽ ആഗ്രഹമുണ്ടെങ്കിലും പലയിടങ്ങളിലും ഇന്നും 4ജി അല്ലെങ്കിൽ 5ജി ലഭ്യമല്ല. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നില കുറച്ചുകൂടി മെച്ചപ്പെട്ടതാണ്. എങ്കിലും 4ജി, 5ജി സേവനങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങൾ കേരളത്തിലുൾപ്പെടെയുണ്ട്.
അതിനാൽ 2ജിയും 3ജി നെറ്റ്വർക്കുകൾ നിർത്തലാക്കും മുമ്പ് നിലവിൽ അത് ഉപയോഗപ്പെടുത്തുന്നവർക്ക് 4ജിയിലേക്കും 5ജിയിലേക്കും മാറാനുള്ള അവസരം കൂടി ഒരുക്കേണ്ടിയിരിക്കുന്നു. അതിന് ടെലിക്കോം കമ്പനികൾ ഈ പ്രദേശങ്ങളിലെ നെറ്റ്വർക്ക് മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. 100 ദശലക്ഷത്തിലേറെ വരിക്കാരുള്ള ടെലിക്കോം സ്ഥാപനമാണ് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ.
സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ ഇപ്പോഴും 4ജി വ്യാപനം പകുതിപോലും പിന്നിട്ടിട്ടില്ല എന്നകാര്യം കൂടി ഈ ഘട്ടത്തിൽ ഓർക്കേണ്ടിയിരിക്കുന്നു. 2ജി, 3ജി ഒഴിവാക്കലിലൂടെ രാജ്യത്തിന്റെ ഡിജിറ്റൽ പുരോഗതി ഉണ്ടാകും എന്നത് ശരിയാണ്. എങ്കിലും അത് മാത്രമല്ല, 4ജി അല്ലെങ്കിൽ 5ജി നെറ്റ്വർക്ക് മാത്രമാകുന്നതിലൂടെ കൂടുതൽ വരിക്കാർ തങ്ങളിലേക്ക് എത്തും എന്നതാണ് ഇതിൽ ജിയോയ്ക്കുള്ള നേട്ടം.

നിലവിൽ പ്രധാനമായും ജിയോയും എയർടെലും മാത്രമാണ് 5ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാക്കിയിട്ടുള്ളത്. അതിൽത്തന്നെ ജിയോ 5ജി വ്യാപനത്തിൽ ഏറെ മുന്നേറിക്കഴിഞ്ഞു. ഇനി കൂടുതൽ വരിക്കാരെ തങ്ങളുടെ 5ജിയിലേക്ക് ആകർഷിക്കേണ്ടതുണ്ട്. 5G-യുടെ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ലമാർഗം 2ജി, 3ജി പോലുള്ള പഴയ നെറ്റ്‌വർക്കുകൾ അടച്ചുപൂട്ടുന്നതാണ് എന്നാണ് ജിയോ വിശ്വസിക്കുന്നത്.
2ജി മുക്തഭാരതം എന്ന മുദ്രാവാക്യം ജിയോ പണ്ടുമുതലേ ഉയർത്തിപ്പിടിക്കാറുണ്ട്. 4ജി അടിസ്ഥാനമാക്കിയുള്ള ബജറ്റ് ഫോണുകളും ജിയോ പുറത്തിറക്കുകയും ആളുകളെ ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്തുവരുന്നു. അനാവശ്യ നെറ്റ്‌വർക്ക് ചെലവുകൾ ഒഴിവാക്കാനും എല്ലാ ഉപഭോക്താക്കളെയും 4G, 5G സേവനങ്ങളിലേക്ക് മൈഗ്രേറ്റ് ചെയ്യാനും കഴിയുന്ന തരത്തിൽ 2G-3G നെറ്റ്‌വർക്കുകൾ പൂർണ്ണമായും അടച്ചുപൂട്ടുന്ന നിർദേശങ്ങൾ കേന്ദ്രം കൊണ്ടുവരണമെന്നാണ് ജിയോയുടെ ആവശ്യം.

വർധിച്ച ഡാറ്റാ വേഗത, ബാൻഡ്‌വിഡ്ത്ത്, കുറഞ്ഞ ലേറ്റൻസി എന്നിവയ്‌ക്കൊപ്പം വേഗതയേറിയതും വിശ്വസനീയവുമായ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന 5G ക്ക് ഡിജിറ്റൽ പരിവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ജിയോ ചൂണ്ടിക്കാട്ടുന്നു. തനിയേ ഓടുന്ന വാഹനങ്ങൾ, സ്മാർട്ട് സിറ്റികൾ, റോബോട്ടിക്‌സ്, ഓട്ടോമേഷൻ, തുടങ്ങി നിരവധി മേഖലകൾക്ക് 5ജി വളർച്ച കരുത്താകും.
അതിനാൽത്തന്നെ ജിയോയുടെ നിർദേശം നടപ്പാക്കുന്നത് ടെലിക്കോം മേഖലയുടെ മുന്നേറ്റത്തിന് ഏറെ സഹായിക്കും എന്ന് വിലയിരുത്തപ്പെടുന്നു. തങ്ങളുടെ 5ജിയിലേക്ക് കൂടുതൽ ആളുകൾ എത്താൻ ഈ നീക്കം സഹായിക്കും എന്ന് ജിയോ കണക്ക് കൂട്ടുന്നു. അത് മാത്രമല്ല, തങ്ങളുടെ കുറഞ്ഞ വിലയുള്ള 4ജി ഫോണുകൾ കൂടുതലായി വിറ്റുപോകാനും ഈ നീക്കം ജിയോയ്ക്ക് സഹായകമാകും.


Click it and Unblock the Notifications







