വിഐയുടെ പ്രാർഥന ഏറ്റു, പണിവരുന്നുണ്ട്! 'ക്ഷീണം' മാറിയ ജിയോ റീച്ചാർജ് നിരക്ക് കൂട്ടാൻ ഒരുങ്ങുന്നു
ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടെലിക്കോം മേഖലയിൽ റീച്ചാർജ് നിരക്ക് വർധനവ് സംബന്ധിച്ച ചർച്ചകൾ വീണ്ടും ചൂടുപിടിക്കുന്നു. വരിക്കാരുടെ എണ്ണത്തിൽ ഒന്നാമതുള്ള റിലയൻസ് ജിയോ വരുമാനം കൂട്ടാൻ ഓരോ വരിക്കാരനിൽനിന്നുമുള്ള ശരാശരി വരുമാനം ( Average Revenue Per User) വർധിപ്പിക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്.
എആർപിയു വർധിപ്പിക്കണമെങ്കിൽ പ്രീപെയ്ഡ് റീച്ചാർജ് നിരക്ക് ഉയർത്തേണ്ടിവരും. അതിനാൽ അധികം വൈകാതെ റിയോ റീച്ചാർജ് നിരക്കുകളിൽ വർധന ഉണ്ടാകാം എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2023 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ജിയോയുടെ എആർപിയു 177.2 രൂപയായിരുന്നു. അടുത്ത പാദത്തിൽ ഇത് 178.2 രൂപയായി ഉയർന്നു.

2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ജിയോയുടെ എആർപിയു 178.8 രൂപയായി. ജിയോയുടെ വരുമാനവും അറ്റാദായവും മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വരുമാനം വർദ്ധിപ്പിക്കുന്നതിന് എആർപിയുവും ഉയരേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് റീച്ചാർജ് നിരക്ക് വർധന വീണ്ടും സജീവ ചർച്ചയായി മാറിയിരിക്കുന്നത്. മൊബൈൽ പ്രീപെയ്ഡ് പായ്ക്കുകളിൽനിന്ന് വരുമാനം ഉണ്ടെങ്കിലും അത് വർധിക്കുന്നില്ല എന്നാണ് ജിയോയുടെ വിലയിരുത്തൽ.
അതേസമയം ആളുകളുടെ ഡാറ്റ ഉപയോഗം കൂടിയതിനെത്തുടർന്ന് ഡാറ്റ ബൂസ്റ്റർ റീച്ചാർജുകളിൽ നിന്നുള്ള വരുമാനം കൂടുകയും ചെയ്തിരുന്നു. എന്നാൽ 5ജി കൂടുതൽ വ്യാപിപ്പിച്ചതോടുകൂടി ജിയോ 5ജി വെൽക്കം ഓഫർ ലഭിക്കുന്ന ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്നുണ്ട്. ഇത് ഡാറ്റ പായ്ക്കുകൾക്ക് തിരിച്ചടി ആകുന്നുണ്ട് എന്നാണ് സൂചന.

കൂടാതെ 4ജി പ്ലാനുകളിൽനിന്നുള്ള വരുമാനം മാത്രമാണ് ജിയോയ്ക്ക് ഇപ്പോഴുള്ളത്. 5ജി സേവനങ്ങൾ വ്യാപിപ്പിക്കാൻ ധാരാളം പണം ആവശ്യമാണ്. എന്നാൽ 5ജി പ്ലാനുകൾ പുറത്തിറക്കാത്തതിനാൽ 5ജിയിൽനിന്ന് കാര്യമായ വരുമാനം ഒന്നും ലഭിക്കാൻ തുടങ്ങിയിട്ടില്ല. അതിനാൽത്തന്നെ വരുമാനം വർധിപ്പിക്കുന്നതിന് നിരക്ക് വർധന എന്ന മാർഗം തന്നെ സ്വീകരിക്കാനാണ് ജിയോയുടെ നീക്കം.
2023 മാർച്ചോടെ ഇന്ത്യൻ ടെലിക്കോം നിരക്കുകളിൽ വർധന ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പിന്നീട് ആ നീക്കം പാളി. ഉടൻ നിരക്ക് വർധനയ്ക്ക് തയാറല്ലെന്ന ജിയോയുടെ നിലപാടാണ് അതിന് കാരണം എന്നാണ് വിലയിരുത്തൽ. 5ജി വ്യാപനം ആരംഭിച്ചതോടെ ജിയോ ഉപയോക്താക്കൾക്ക് ഡാറ്റ വേഗതയിലും മറ്റും ചെറിയ നെറ്റ്വർക്ക് പ്രശ്നങ്ങൾ നേരിട്ടിരുന്നു.
ഇതേത്തുടർന്ന് 2022 നവംബർ, ഡിസംബർ മുതലുള്ള മാസങ്ങളിൽ പുതിയ വരിക്കാരെ നേടുന്നതിൽ ജിയോ പുറകോട്ട് പോയി. വരിക്കാരുടെ ഈ പൂഴിക്കടകൻ കണ്ട് ഭയന്ന ജിയോ ഇപ്പോൾ ഒരു നിരക്ക് വർധന നടപ്പായാൽ അത് തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ് നിരക്ക് വർധനയിൽനിന്ന് പിൻവലിയുകയായിരുന്നു.
നിരക്ക് വർധനയിലൂടെ ഉണ്ടാകുന്ന വരുമാനത്തെക്കാൾ വരിക്കാരുടെ എണ്ണത്തിനാണ് ജിയോ പ്രാധാന്യം നൽകിയത്. ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഒന്നാമൻ എന്ന സ്ഥാനം ജിയോയ്ക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. വരിക്കാരെ നഷ്ടപ്പെടുത്തിയുള്ള ഒരു നിരക്ക് വർധനയ്ക്ക് ജിയോ തയാറാകാതിരുന്നതോടെ തിരിച്ചടി നേരിട്ടത് വിഐക്കും എയർടെലിനുമാണ്. അതിൽത്തന്നെ കൂടുതൽ നഷ്ടം വിഐക്ക് ആയിരുന്നു.

കാരണം അതിനോടകം തന്നെ എയർടെൽ തങ്ങളുടെ 99 രൂപയുടെ പ്ലാൻ നിർത്തലാക്കി പകരം 155 രൂപയുടെ പ്ലാൻ അടിസ്ഥാന പ്ലാനാക്കി മാറ്റിയിരുന്നു. ഇതിലൂടെ ഒരു അപ്രഖ്യാപിത നിരക്ക് വർധന എയർടൽ നേരത്തെ തന്നെ നടത്തി. അടുത്ത ഘട്ട നിരക്ക് വർധനയ്ക്ക് തയാറെടുക്കുമ്പോഴായിരുന്നു ജിയോയുടെ ഇടങ്കോലിടൽ ഉണ്ടായത്.
ജിയോ നിരക്ക് വർധിപ്പിക്കാതിരിക്കാതെ തങ്ങൾ മാത്രം വർധിപ്പിച്ചാൽ കുറഞ്ഞ നിരക്കുള്ള ജിയോയിലേക്ക് ആളുകൾ പോകുമെന്ന് ഭയന്ന് എയർടെലും വിഐയും നിരക്ക് വർധന നടപ്പാക്കാൻ കഴിയാത്ത നിലയിലേക്ക് എത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയും വരിക്കാരുടെ കൊഴിഞ്ഞുപോക്കും കാരണം തളർന്ന വിഐക്കാണ് ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചത്.
ഇപ്പോൾ ജിയോ നിരക്ക് വർധിപ്പിക്കുന്നത് ഏറ്റവുമധികം ഗുണം ചെയ്യുന്നതും വിഐക്കാണ്. മറ്റുള്ളവർക്ക് ഒപ്പം നിരക്ക് ഉയർത്തിയാൽ വലിയ പരുക്കില്ലാതെ വരുമാനം വർധിപ്പിക്കാമെന്ന് വിഐ കണക്കുകൂട്ടുന്നു. ജിയോ നിരക്ക് കൂട്ടിയാൽ കുറഞ്ഞ വരുമാനമുള്ള വരിക്കാർ ജിയോ ഉപേക്ഷിച്ച് തങ്ങളുടെ പക്കലേക്ക് എത്തിയേക്കുമെന്നും വിഐ ആശിക്കുന്നു.
എന്നാൽ 5ജി സേവനങ്ങൾ നൽകുന്നതിന്റെ മേൽക്കൈ ജിയോയ്ക്കും എയർടെലിനും തുണയാകുന്നുണ്ട്. ചെറിയ നെറ്റ്വർക്ക് തടസങ്ങളെത്തുടർന്ന് വരിക്കാരുടെ ഇടയിലുണ്ടായിരുന്ന അസംതൃപ്തി 5ജി നൽകി ഒരു പരിധിവരെ മാറ്റിയെടുക്കാൻ ജിയോയ്ക്ക് കഴിഞ്ഞു. ഇതോടെയാണ് ചെറിയൊരു നിരക്ക് വർധന ആവാം എന്ന ആലോചന ശക്തമായിരിക്കുന്നത്. 5ജി സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാൻ കൂടുതൽ ഫണ്ട് ആവശ്യമുണ്ട് എന്നതും ഒരു കാരണമാണ്.


Click it and Unblock the Notifications