അയ്യോ, ഇതെന്തുപറ്റി... പൊടിപോലുമില്ലല്ലോ... ഞെട്ടി ജിയോ വരിക്കാർ; നിശ്ചലമായ സേവനങ്ങൾ പുനസ്ഥാപിച്ചു
കേരളത്തിലെ ജിയോ വരിക്കാരെയാകെ ഞെട്ടിച്ചുകൊണ്ട് ജിയോ ടെലിക്കോം ബ്രോഡ്ബാൻഡ് സേവനങ്ങൾ നിശ്ചലമായി. നിരവധി ഉപയോക്താക്കൾക്ക് ജിയോ സേവനങ്ങൾ ലഭ്യമാകുന്നില്ല എന്നാണ് വിവിധയിടങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നത്. നിരവധി പേർ തകരാർ നേരിടുന്നതായി ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും രംഗത്ത് എത്തിയിട്ടുണ്ട്. എന്താണ് തകരാർ നേരിടാൻ കാരണം എന്ന് നിലവിൽ വ്യക്തമല്ല. ഉപയോക്താക്കൾക്ക് മൊബൈൽ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാൻ കഴിയുന്നില്ല, എന്നുമാത്രമല്ല, ചിലർക്ക് ഡിസ്പ്ലേയിൽ കാണുമായിരുന്ന സിഗ്നൽ പോലും ദൃശ്യമാകുന്നില്ല. ഓൺലൈൻ തടസ്സങ്ങൾ ട്രാക്ക് ചെയ്യുന്ന ഡൗൺഡിറ്റക്ടറിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ജിയോ ഫൈബർ, മൊബൈൽ ഇന്റർനെറ്റ് കണക്റ്റിവിറ്റികളിൽ പ്രശ്‌നം ഉണ്ട്.
നിലവിൽ കേരളത്തിൽ പരക്കെ പ്രശ്നം ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല. എങ്കിലും നിരവധി പേർ പ്രശ്നം റിപ്പോർട്ട് ചെയ്തതിനാൽ പ്രശ്നം വ്യാപകമാണ് എന്നാണ് കരുതപ്പെടുന്നത്. ഇന്ന് (ജൂൺ 16) ഉച്ചയ്ക്ക് ശേഷമാണ് ജിയോ സേവനങ്ങളിൽ തകരാർ നേരിട്ടത്. പിന്നീട് മൂന്ന് മണിയോടുകൂടി സേവനങ്ങൾ പുനസ്ഥാപിക്കപ്പെടുകയും സിഗ്നൽ ദൃശ്യമാകുകയും ചെയ്തിട്ടുണ്ട്.

ട്വിറ്ററിൽ നിന്ന് ലഭിക്കുന്ന ജിയോ ഉപയോക്താക്കളുടെ പ്രതികരണങ്ങളിൽ നിന്നും മറ്റും മനസിലാക്കാൻ സാധിക്കുന്നത്. കേരളത്തിലാണ് പ്രധാനമായും സേവനങ്ങൾ തടസപ്പെട്ടത് എന്നാണ്. "കഴിഞ്ഞ 10 മിനിറ്റായി ഇന്ത്യയിലെ കേരളത്തിൽ ജിയോ നെറ്റ്‌വർക്ക് തകരാറിലാണ്. ഫോണുകൾ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്യുന്നില്ല. സൈബർ ആക്രമണത്തിന് സാധ്യതയുണ്ടോ?" എന്നെല്ലാം ആളുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ സംശയമുയർത്തി രംഗത്തെത്തിയിരുന്നു.
എന്നാൽ കേരളത്തിൽ മാത്രമല്ല രാജ്യവ്യാപകമായിത്തന്നെ ജിയോ സേവനങ്ങൾ തടസപ്പെട്ടു എന്നാണ് ഡൗൺഡിറ്റക്ടറിൽ നിന്നുള്ള ഡാറ്റയിൽ നിന്ന് മനസിലാക്കാനാകുന്നത്. കേരളത്തിന് പുറമേ ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, ചണ്ഡീഗഡ് എന്നിവയുൾപ്പെടെ നിരവധി പ്രധാന നഗരങ്ങളിലെ ജിയോ ഉപയോക്താക്കളെ നെറ്റ്വർക്ക് തകരാർ ബാധിച്ചു.

ജിയോ നെറ്റ്വർക്ക് തകരാറുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളിൽ 54% മൊബൈൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടതാണ്, 27% പരാതികൾ ജിയോ ഫൈബറുമായി ബന്ധപ്പെട്ടും 19% പരാതികൾ മൊബൈൽ ഫോൺ നെറ്റ്‌വർക്ക് തകരാറുമായി ബന്ധപ്പെട്ടും ഉള്ളതാണ്. തടസം പരിഹരിച്ചു എങ്കിലും എന്താണ് സംഭവിച്ചത് എന്ന് നിലവിൽ ജിയോ വിശദീകരിച്ചിട്ടില്ല.
ജിയോ സേവനങ്ങൾ തടസപ്പെട്ടതോടെ ജിയോ സിം കാർഡുകളെ ആശ്രയിച്ചിരുന്നവർ ശരിക്കും വലഞ്ഞുപോയി. പലർക്കും കോൾ വിളിക്കാൻ കഴിയാതെയും ഇന്റർനെറ്റ് ലഭ്യമാകാതെയും പേയ്മെന്റ് സേവനങ്ങൾ നടത്താൻ കഴിയാതെയും വന്നത് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചത്. അതേസമയം നിരവധി പേർക്ക് തുണയായത് സെക്കൻഡറി സിം കാർഡുകളാണ്.
ജിയോ സേവനങ്ങൾ നിലച്ചതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞിരുന്നു. ജിയോ നെറ്റ്വർക്ക് തകരാറുമായി ബന്ധപ്പെട്ട വാർത്തകൾക്ക് താഴെയും കമന്റുകളുമായി നിരവധി പേർ രംഗത്തെത്തി. ബിഎസ്എൻഎൽ രക്ഷിച്ചു എന്ന് ചിലർ, വെറുതേ ഫോണിനെ സംശയിച്ചുവെന്ന് മറ്റു ചിലർ, ഫ്ലൈറ്റ്മോഡ് പറപ്പിച്ച് മടുത്തെന്ന് മറ്റു ചിലർ... ഇങ്ങനെ കമന്റുകളുടെ പൂരം തന്നെയാണ് ഉണ്ടായത്.

ചിലർ ഫ്ലൈറ്റ്മോഡൽ ഓൺ ആക്കിയും ഓഫ് ആക്കിയും നോക്കിയപ്പോൾ മറ്റുചിലർ അൽപ്പം കൂടി കടന്ന് പ്രവർത്തിച്ചു. അതായത് സിം അടക്കം ഊരി ഇട്ടുനോക്കി എന്നാണ് കമന്റുകളായി പറഞ്ഞിരിക്കുന്നത്. നിരവധി പേർക്ക് പല വിധത്തിലുള്ള സാമ്പത്തിക നഷ്ടങ്ങളും ജിയോയുടെ ഈ തകരാർ മൂലം ഉണ്ടായിട്ടുണ്ട്.
എന്തായാലും മൂന്ന് മണിയോടുകൂടി ജിയോ സേവനങ്ങൾ പുനസ്ഥാപിക്കപ്പെട്ടപ്പോഴാണ് പല ജിയോ ഉപയോക്താക്കൾക്കും നല്ലജീവൻ തിരിച്ചുകിട്ടിയത്. അതുവരെ പലവിധ സംശയങ്ങളിപ്പെട്ടും എന്താണ് സംഭവിച്ചത് എന്ന് മനസിലാകാതെയും മറ്റുള്ളവരെ ബന്ധപ്പെടാനാകാതെയും കഴിഞ്ഞത് വല്ലാത്ത ഒരു അനുഭവം തന്നെയായിരുന്നു എന്നാണ് ഉപയോക്താക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. അൽപ്പനേരം ഒരു ടെലിക്കോം കമ്പനി പണിമുടക്കിയാൽ മതി സർവതും താളം തെറ്റും എന്ന് ഈ അനുഭവത്തിൽ നിന്ന് പലരും പഠിച്ചിരിക്കുന്നു.


Click it and Unblock the Notifications








