എന്തൊക്കെ ചെയ്താലാണ് ഒന്ന് പിടിച്ച് നിൽക്കാൻ പറ്റുക! ജനപ്രിയ റീച്ചാർജ് പ്ലാനിൽ മാറ്റം വരുത്തി ജിയോ
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ (Reliance Jio). മറ്റ് ടെലിക്കോം കമ്പനികളെക്കാൾ വ്യക്തമായ ആധിപത്യം ജിയോയ്ക്ക് ടെലിക്കോം വിപണിയിലുണ്ട്. എങ്കിലും എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവയോട് എതിരിട്ടു നിൽക്കേണ്ടതിനാൽ ജിയോ എപ്പോഴും ശക്തമായ മത്സരക്ഷമത പ്രകടമാക്കാറുണ്ട്. അതായത്, വരിക്കാരെ ആകർഷിക്കും വിധത്തിൽ റീച്ചാർജ് പ്ലാനുകൾ പുറത്തിറക്കുക മാത്രമല്ല, ഇടയ്ക്കിടെ അത് തൂത്ത് തുടച്ച് വൃത്തിയാക്കുന്നതിന് തുല്യമായി സാഹചര്യം മനസിലാക്കി പരിഷ്കരിക്കാറുമുണ്ട്. ഇപ്പോൾ തങ്ങളുടെ 1029 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ജിയോ അത്തരത്തിൽ ഒന്ന് മോടിപിടിപ്പിച്ചിരിക്കുന്നു, അതും വളരെ നിശബ്ദമായി.
1,029 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ 84 ദിവസ വാലിഡിറ്റിയിൽ ആണ് എത്തുന്നത്. ജൂലൈയിൽ നടന്ന നിരക്ക് വർധനയ്ക്ക് പിന്നാലെയാണ് ഈ പ്ലാൻ പുറത്തിറക്കിയത്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2GB (ആകെ 168GB), ദിവസം 100 എസ്എംഎസ് എന്നിവയൊക്കെയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്ന പ്രധാന ആനുകൂല്യങ്ങൾ.

1,029 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങളിൽ ജിയോ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, ഈ പ്ലാനിലെ അധിക ആനുകൂല്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഒടിടി സബ്സ്ക്രിപ്ഷനിൽ ഇപ്പോൾ ജിയോ മാറ്റം വരുത്തിയിരിക്കുന്നു. ഉപയോക്താക്കൾക്ക് അനുകൂലമായ വിധത്തിലാണ് ഈ പ്ലാൻ പരിഷ്കരണം നടത്തിയിരിക്കുന്നത് എന്നത് ആശ്വാസകരമാണ്.
ജിയോയുടെ 1029 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ മുൻപ് 56 ദിവസത്തേക്ക് ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ സബ്‌സ്‌ക്രിപ്‌ഷൻ സഹിതമാണ് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഇതിൽ ജിയോ ചെറിയ മാറ്റം വരുത്തിയിരിക്കുന്നു. ഇപ്പോൾ 84 ദിവസത്തേക്ക് ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ ആണ് 1029 രൂപയുടെ ജിയോ പ്ലാനിൽ ലഭിക്കുക.

ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം പുതിയ മാറ്റം ലാഭകരമാണ്. മുൻപ് 56 ദിവസ വാലിഡിറ്റിയിലാണ് ആമസോൺ കണ്ടന്റുകൾ ആസ്വദിക്കാൻ അവസരം കിട്ടിയിരുന്നത്, ഇപ്പോഴത് 84 ദിവസമായി വർധിച്ചു. അതുമാത്രമല്ല, കൂടുതൽ സൗകര്യപ്രദമാകുകയും ചെയ്തു. കാരണം മുൻപ് ലഭിച്ചിരുന്നത് ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷനും ഇപ്പോൾ ലഭിക്കുന്നത് ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷനുമാണ്. ഇവ തമ്മിൽ വ്യത്യാസമുണ്ട്.
ആമസോൺ പ്രൈം വീഡിയോ മൊബൈൽ സബ്സ്ക്രിപ്ഷൻ ഒരൊറ്റ മൊബൈൽ ഡിവൈസിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ഇത് സ്റ്റാൻഡേർഡ് ഡെഫനിഷൻ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നു. അതേസമയം, ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ HD നിലവാരത്തിൽ (720p) രണ്ട് ഡിവൈസുകളിൽ (ടിവി അല്ലെങ്കിൽ മൊബൈൽ) സ്ട്രീമിംഗ് അനുവദിക്കുന്നു, സൗജന്യ വൺഡേ ഡെലിവറി അടക്കമുള്ള സൗകര്യങ്ങളും ലഭിക്കുന്നു.
ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം 1029 രൂപയുടെ പ്ലാനിൽ മുടക്കുന്ന തുകയ്ക്ക് ഇപ്പോൾ കൂടുതൽ മൂല്യം ലഭിക്കുന്നു. ഈ ഒടിടി സബ്സ്ക്രിപ്ഷന് പുറമേ മറ്റ് ചില അധിക ആനുകൂല്യങ്ങളും ഈ ജിയോ പ്രീപെയ്ഡ് പ്ലാനിലുണ്ട്. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയാണ് അവ.

1029 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ഇത്തരമൊരു മാറ്റം വരുത്തിയത് ജിയോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഇപ്പോൾ ജിയോ വെബ്സൈറ്റ്, ആപ്പ് എന്നിവ പരിശോധിച്ചാൽ പുതിയ മാറ്റം കാണാൻ സാധിക്കും. 84 ദിവസ വാലിഡിറ്റിയിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ അടക്കം ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനും ജിയോ നൽകുന്നുണ്ട്. 1299 രൂപയാണ് അതിന്റെ നിരക്ക്.


Click it and Unblock the Notifications








