ഫോണിൽ സ്ഥലമില്ലെന്ന് വിഷമിക്കേണ്ട, അംബാനി തരും 100GB ഫ്രീ ക്ലൗഡ് സ്റ്റോറേജ്
തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് റിലയൻസ് ജിയോ 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് നൽകാൻ തുടങ്ങി. 2024 ഓഗസ്റ്റിൽ നടന്ന കമ്പനിയുടെ 47-ാമത് വാർഷിക പൊതുയോഗത്തിൽ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ജിയോ ബ്രെയിനൊപ്പം (JioBrain) ജിയോ AI ക്ലൗഡ് വെൽക്കം ഓഫറും പ്രഖ്യാപിച്ചിരുന്നു (Jio AI Cloud Welcome offer Announcements). ഇത് പ്രകാരുള്ള സ്റ്റോറേജ് സൗകര്യമാണ് ഇപ്പോൾ തെരഞ്ഞെടുത്ത ഉപയോക്താക്കൾക്കായി ലഭ്യമാക്കിത്തുടങ്ങിയിരിക്കുന്നത്. 100GB എഐ ക്ലൗഡ് സ്റ്റോറേജ് ആസ്വദിക്കാൻ ജിയോ ഉപഭോക്താക്കളെ ഈ ഓഫർ അനുവദിക്കുന്നു.
ജിയോയുടെ എഐ ഫീച്ചറുകളിലേക്കുള്ള ഏർലി ആക്സസിനൊപ്പമാണ് മുൻപ് ജിയോ വാഗ്ദാനം ചെയ്തപോലെ തന്നെ ഇപ്പോൾ 100ജിബി എഐ ക്ലൗഡ് സ്റ്റോറേജും ലഭ്യമാക്കിയിരിക്കുന്നത്. ഈ ഓഫർ ലഭിക്കുന്ന ഉപയോക്താക്കൾക്ക് തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഡോക്യുമെന്റുകളും ഉൾപ്പടെയുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങളെല്ലാം സൗജന്യമായി ഈ ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിക്കാനാവും.

നിലവിൽ പലരും ക്ലൗഡ് സ്റ്റോറേജുകൾ പണം നൽകി ഉപയോഗപ്പെടുത്തുന്നുണ്ട്. മാസാമാസം നല്ലൊരു തുക ഇതിന് ചെലവാകും. എന്നാൽ അത്തരം ചെലവുകൾ ഒഴിവാക്കി തങ്ങളുടെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യമുള്ളപ്പോൾ അത് ആക്സസ് ചെയ്യാനും ഈ ജിയോ എഐ ക്ലൗഡ് സ്റ്റോറേജ് വെൽക്കം ഓഫർ ഉപയോക്താക്കളെ അനുവദിക്കുന്നു.
ജിയോയുടെ ഈ സൗജന്യ എഐ ക്ലൗഡ് സ്റ്റോറേജ് സൗകര്യം എല്ലാവർക്കും ലഭ്യമാകുമെന്നും ദീപാവലി മുതൽ ഇത് ആളുകൾക്ക് ആസ്വദിച്ചുതുടങ്ങാം എന്നുമായിരുന്നു വാർഷിക യോഗത്തിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ഈ വാക്ക് പാലിച്ചുകൊണ്ട് ജിയോയുടെ ഈ സൗകര്യം ഉപയോക്താക്കളിലേക്ക് ഇപ്പോൾ എത്തിത്തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ കൂടുതൽ പേർക്ക് ഇത് ലഭ്യമാകും.

റിലയൻസ് ജിയോ എഐക്ലൗഡ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (AI) ആധിപത്യം പുലർത്താൻ ആ മേഖലയിൽ കാര്യമായ പദ്ധതികൾ ജിയോ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി അവതരിപ്പിച്ച പദ്ധതിയുടെ ഭാഗമാണ് ജിയോ എഐ ക്ലൗഡ്. "കണക്‌റ്റഡ് ഇൻ്റലിജൻസ് ഉപയോഗിക്കുന്ന എല്ലാവർക്കും എവിടേയും AI എന്ന ജിയോയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനായി, ജിയോയുടെ AI-ക്ലൗഡ് വെൽക്കം ഓഫർ ഈ പാദത്തിൽ അവതരിപ്പിച്ചു''.
''ഈ ഓഫറിന് കീഴിൽ, ജിയോ ഉപയോക്താക്കൾക്ക് അവരുടെ എല്ലാം - ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെൻ്റുകൾ, ഡിജിറ്റൽ ഉള്ളടക്കം, ഡാറ്റ എന്നിവ- സുരക്ഷിതമായി സംഭരിക്കാനും ആക്‌സസ് ചെയ്യാനും 100GB വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭിക്കും'' എന്നാണ് ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് അതിൻ്റെ 2025 സാമ്പത്തിക വർഷത്തിൻ്റെ ഫലപ്രസ്‌താവനയിൽ ജിയോ എഐക്ലൗഡിനെപ്പറ്റി പറഞ്ഞത്.
ഇപ്പോൾ കൂടുതൽ പേരും ഗൂഗിളിന്റെയും ആപ്പിളിന്റെയും ക്ലൗഡ് സ്‌റ്റോറേജ് ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഇവിടങ്ങളിൽ പരിമിതമായ അളവിൽ മാത്രമാണ് സൗജന്യ സ്റ്റോറേജ് ലഭ്യമാകുക. ഗൂഗിളിന്റെ ക്ലൗഡ് സ്റ്റോറേജ് പ്ലാനുകൾ 100ജിബി സ്റ്റോറേജിന് പ്രതിമാസം 130 രൂപയും ആപ്പിളിന്റെ 50ജിബി ഐക്ലൗഡ് സ്റ്റോറേജിന് 75 രൂപയും ഈടാക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ആളുകളെ ആകർഷിക്കാൻ ജിയോയുടെ സൗജന്യ 100ജിബി ക്ലൗഡ് സ്റ്റോറേജിന് കഴിയും.

തിരഞ്ഞെടുക്കപ്പെട്ട ജിയോ ഉപയോക്താക്കൾക്ക് ജിയോ ഇപ്പോൾ സൗജന്യ ക്ലൗഡ് സ്റ്റോറേജ് സംബന്ധിച്ച എസ്എംഎസുകൾ അയച്ചുതുടങ്ങിയിട്ടുണ്ട്. "വിലമതിക്കാനാകാത്ത ഒരു കുടുംബാംഗം എന്ന നിലയിലും ജിയോക്ലൗഡ് ഉപയോക്താവ് എന്ന നിലയിലും നിങ്ങൾ പുതിയ ജിയോക്ലൗഡ് ആദ്യമായി എക്സ്പീരീയൻസ് ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. 100GB ക്ലൗഡ് സ്റ്റോറേജ്, AI മെമ്മറീസ്, AI സ്കാനർ, ഡിജിലോക്കർ എന്നിവയും പുതിയ AI ഫീച്ചറുകളിലേക്കുള്ള പ്രവേശനവും നേരത്തെ ആസ്വദിക്കൂ!" എന്നാണ് എസ്എംഎസിൽ പറയുന്നത്.
ജിയോ ഉപയോക്താക്കളായിട്ടുള്ളവർ തങ്ങൾക്ക് ഈ സൗജന്യ എഐ ക്ലൗഡ് സ്റ്റോറേജിന് യോഗ്യത ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. സൗജന്യ സ്റ്റോറേജ് സൗകര്യത്തിന് പുറമേ AI സ്കാനർ, AI മെമ്മറികൾ എന്നിവയും അതിലേറെയും പോലുള്ള പുതിയ AI- പവർ ഫീച്ചറുകളും ഈ വെൽക്കം ഓഫറിന്റെ ഭാഗമായി ആക്‌സസ് ചെയ്യാൻ കഴിയും. ഇതിന്റെ കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ ലഭ്യമാകും.


Click it and Unblock the Notifications