ബ്ലാക്ക്‌ബെറി ഒഎസ് മറ്റ് മൊബൈലുകളിലേക്കും

Posted By: Staff

ബ്ലാക്ക്‌ബെറി ഒഎസ് മറ്റ് മൊബൈലുകളിലേക്കും

ബ്ലാക്ക്‌ബെറി ഒഎസില്‍ റിസര്‍ച്ച് ഇന്‍ മോഷന്റെ ബ്ലാക്ക്‌ബെറി ഉത്പന്നങ്ങളല്ലാതെ മറ്റ് കമ്പനി ഉത്പന്നങ്ങളും വിപണിയിലെത്തിയേക്കും. നഷ്ടത്തില്‍ തുടരുന്ന റിസര്‍ച്ച് ഇന്‍ മോഷന്‍ അവരുടെ ബ്ലാക്ക്‌ബെറി ഒഎസ് ലൈസന്‍സ് മറ്റ് കമ്പനികള്‍ക്കും കൂടി ലഭ്യമാക്കാന്‍ ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാനുള്ള  കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. കാരണം ഇന്ന് സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം ഒന്നിലേറെ മൊബൈല്‍ കമ്പനികളിലൂടെയാണ് അതിന്റെ വിപണിയിലെ സ്ഥാനം ഉറപ്പിച്ചത്. അത്തരത്തിലൊരു ശ്രമമാകണം ഇതിലൂടെ റിമ്മും ഉദ്ദേശിക്കുന്നത്.

റിമ്മിന്റെ പുതിയ ഒഎസ് മറ്റ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കും ലഭ്യമാക്കാന്‍ ആലോചിക്കുന്നതായി ടെലിഗ്രാഫുമായുള്ള ഒരു അഭിമുഖത്തില്‍ റിം സിഇഒ ടോര്‍സ്റ്റണ്‍ ഹീന്‍ ആണ് സൂചിപ്പിച്ചത്. റിമ്മിന്റെ ഏറ്റവും പുതിയ ഒഎസ് ആയ ബ്ലാക്ക്‌ബെറിയാണ് 10 ലൈസന്‍സാകും ഇത്തരത്തില്‍ ലഭ്യമാക്കുക.

ബ്ലാക്ക്‌ബെറി 10ല്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഉത്പന്നവുമായി കമ്പനി ഈ വര്‍ഷത്തിന്റെ പകുതിയോടെ എത്തുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. പിന്നീട്  പല കാരണങ്ങളാല്‍ അത് 2013 വരെ നീളുമെന്നും റിപ്പോര്‍ട്ട്ട് വന്നു.

ഇതിന് മുമ്പും റിം ഒഎസ് മറ്റ് കമ്പനികള്‍ക്ക് ലഭ്യമാക്കുന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകളെല്ലാം കമ്പനി തന്നെ തള്ളിക്കളയുകയുമായിരുന്നു ഇതുവരെയുണ്ടായത്. എന്നാല്‍ റിമ്മിന്റെ മേധാവി ഇത്തരമൊരു സൂചന നല്‍കുന്നത് ഇതാദ്യമായാണ്. അതേ സമയം ബ്ലാക്ക്‌ബെറി ഉത്പന്നങ്ങള്‍ തുടര്‍ന്നും വിപണിയിലെത്തുമെന്നും അദ്ദേഹം വ്യക്തതമാക്കുകയുണ്ടായി.

വരുമാനം വര്‍ധിക്കാന്‍ മാത്രമല്ല ഈ നീക്കം റിമ്മിനെ സഹായിക്കുക. കൂടുതല്‍ ഉപയോക്താക്കളെയും ആപ്ലിക്കേഷന്‍ ഡെവലപര്‍മാരേയും ബ്ലാക്ക്‌ബെറി

പ്ലാറ്റ്‌ഫോമിലെത്തിക്കാനും ഇത് സഹായിക്കും. ആന്‍ഡ്രോയിഡിനെ കൂടാതെ മൈക്രോസോഫ്റ്റും തങ്ങളുടെ ഓപറേറ്റിംഗ് സിസ്റ്റം ഒന്നിലേറെ മൊബൈല്‍ കമ്പനികളുമായി സഹകരിച്ചാണ് വിപണിയില്‍ എത്തിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot