ബ്ലാക്ക്‌ബെറി 10 ഒഎസ് മാതൃക ഡെവലപര്‍മാര്‍ക്ക്

ബ്ലാക്ക്‌ബെറി 10 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാതൃക ഉത്പന്നം റിസര്‍ച്ച് ഇന്‍ മോഷന്‍ പുറത്തിറക്കുന്നു. ഭാവിയില്‍ ഇറക്കാനാലോചിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഏറ്റവും ഇണങ്ങുന്ന ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുക്കുന്നതിന് വേണ്ടി ഡെവലപര്‍മാര്‍ക്കാണ് കമ്പനി ഈ ഓപറേറ്റിംഗ് സിസ്റ്റം ഉള്‍പ്പെടുന്ന ഉപകരണം നല്‍കുക.
ബ്ലാക്ക്‌ബെറി 10 ഡേവ് ആല്‍ഫ എന്നറിയപ്പെടുന്ന ഈ ഉത്പന്നം മെയ് മാസത്തില്‍ ഫ്‌ളോറിഡയിലെ ഒര്‍ലാന്റോയില്‍ നടക്കുന്ന ബ്ലാക്ക്‌ബെറി വേള്‍ഡ് കോണ്‍ഫറന്‍സില്‍ വെച്ച് കമ്പനി വിതരണം ചെയ്യും.
ഇപ്പോള്‍ ലഭ്യമാക്കുന്ന ഒഎസ് വേര്‍ഷന് പകരം സോഫ്റ്റ്‌വെയറിന്റെ പുതുക്കിയ രൂപമാകും വരും കാലത്ത് റിം ഉത്പന്നങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് കാണാനാകുക. വില്പനക്കായി എത്തുന്ന ഉത്പന്നമല്ല ഇതെന്ന് റിം വ്യക്തമാക്കിയിട്ടുണ്ട്.
ഇതിലെ ഹാര്‍ഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളുമാകില്ല വില്പനക്കെത്തുമ്പോള്‍ ഉണ്ടാകുക. ധാരാളം മാറ്റങ്ങളോടെയാകും ഇപ്പോഴത്തെ ഈ മാതൃകയുടെ ഒറിജിനല്‍ മോഡല്‍ വില്പനക്കെത്തുക എന്ന് സാരം.
മികച്ച ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുക്കുന്നതിന് ഡെവലപര്‍മാരെ സഹായിക്കുക മാത്രമാണ് ഈ മോഡല്‍ കാണിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും റിം വ്യക്തമാക്കി. ഇന്ന് ആപ്പിള്‍, ആന്‍ഡ്രോയിഡ് എന്നിവയുടെ ആപ്ലിക്കഷനുകളോട് കിടപിടിക്കാന്‍ റിമ്മിന് ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്.
ഒരു ഉത്പന്നത്തിന്റെ ആയുസ്സ് നിര്‍ണ്ണയിക്കുന്നതില്‍ ഇപ്പോള്‍ ആപ്ലിക്കേഷനുകളുടെ സ്ഥാനം വലുതായതിനാല്‍ ഉത്പന്നത്തെ അവതരിപ്പിക്കും മുമ്പ് അവയ്ക്കിണങ്ങുന്ന ആപ്ലിക്കേഷനുകള്‍ക്ക് രൂപം നല്‍കാനാണ് റിം നിശ്ചയിച്ചിരിക്കുന്നത്.
നിലവില്‍ ആന്‍ഡ്രോയിഡ് ആപ്പിള്‍ ഉത്പന്നങ്ങള്‍ ആപ്ലിക്കേഷനുകളിലൂടെ സ്വന്തമാക്കിയ സ്ഥാനം ഭാവിയില്‍ നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് റിസര്‍ച്ച് ഇന്‍ മോഷന്‍.


Click it and Unblock the Notifications








